ജാതിയുടേയും മതത്തിന്റേയും വിശ്വാസത്തിന്റെയും പേരില്‍ പരസ്പരം വെട്ടാനും കൊല്ലാനും മടിക്കാത്ത അവസ്ഥയിലേക്ക് നാടു നീങ്ങുമോ എന്ന ഭയം എല്ലാവരിലുമുണ്ട്. സാധാരണക്കാരിലും സിനിമാക്കാരിലുമെല്ലാം. പ്രളയകാലത്ത് ഒന്നിച്ച് ഒറ്റക്കെട്ടായി നിന്ന മലയാളികള്‍ എത്ര പെട്ടെന്നാണ് വിശ്വാസത്തിന്റെ പേരില്‍ പരസ്പരം വഴക്കിടക്കുന്നത്. നാട് എങ്ങോട്ടാണ് നീങ്ങുന്നത് എന്ന ആശങ്കയിലാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.

‘മധുര രാജ’ എന്ന ചിത്രത്തിന്റെ ഷൂട്ട് എറണാകുളത്ത് പുരോഗമിക്കുകയാണ്. ഷൂട്ടിനിടയില്‍ മമ്മൂട്ടി തന്നോട് പങ്കുവച്ച ആശങ്ക, കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ സുഹൃത്തും എഴുത്തുകാരനുമായ എസ്.ഗോപാല കൃഷ്ണനോട് പറഞ്ഞു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വാക്കുകള്‍ ഇങ്ങനെ.

വൈപ്പിന്‍ ദ്വീപിലെ എടവനക്കാട്ട് കായല്‍ക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മുട്ടിയാണ് നായകന്‍. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയില്‍ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്‌നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമര്‍ത്തി എന്നോടു ചോദിച്ചു:

‘സോഷ്യല്‍ കണ്ടീഷന്‍ വളരെ മോശമാണ്. അല്ലേടാ?’

‘അതെ.’

ഞാന്‍ ഭാരപ്പെട്ട് പറഞ്ഞു.

ഞങ്ങളപ്പോള്‍ മഹാരാജാസിലെ പൂര്‍വവിദ്യാര്‍ത്ഥികളായി.

കനത്ത ഒരു മൂളലോടെ മമ്മുക്ക കായല്‍പ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴില്‍ കത്തിക്കാളുന്ന ഉച്ചവെയിലില്‍ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായല്‍പ്പരപ്പ്.

എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:

‘ പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം. ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം. അല്ലേടാ?’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook