ഇന്ന് ലോകസൗഹൃദദിനമാണ്. മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ജന്മദിനവും. ഇത് രണ്ടുമായി ബന്ധപ്പെട്ട ആശംസകളും ആരവങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍ ഓര്‍മ്മയിലേക്ക് എത്തുന്നത് മുന്‍പ് വായിച്ച ഒരു കുറിപ്പാണ്.

മമ്മൂട്ടി, തന്റെ ചിരകാലസുഹൃത്ത് ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് പറഞ്ഞ വാക്കുകളാണ് ഒരു ഫേസ്ബുക്ക്‌ കുറിപ്പായി മലയാളത്തിനു മുന്നില്‍ കഴിഞ്ഞ വര്‍ഷം എത്തിയത്. എസ് ഗോപാലകൃഷ്ണന്‍ ആണ് അദ്ദേഹത്തിനു ബാലചന്ദ്രന്‍ ചുള്ളിക്കാടില്‍ നിന്നും വാട്ട്സാപ്പ് സന്ദേശമായി ലഭിച്ച ആ കുറിപ്പ് പങ്കു വച്ചത്. മമ്മൂട്ടിയും ബാലചന്ദ്രനും തമ്മില്‍ മഹാരാജാസ് കോളേജ് കാലം മുതലുള്ള സൗഹൃദവും അതില്‍ ഇപ്പോള്‍ കാലം കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന നിറഭേദങ്ങളുമാണ് ആ കുറിപ്പിനെ ശ്രദ്ധേയമാക്കിയത്.

‘പണ്ട് ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അത് സൗഹൃദം, ഇന്ന് ഞാന്‍ വന്നാല്‍ അത് മതസൗഹാര്‍ദ്ദം, അല്ലേടാ’ എന്ന മമ്മൂട്ടിയുടെ ചോദ്യം മനുഷ്യത്വമുള്ള മനസ്സുകളിലേക്ക് ചെന്ന് ആഴത്തില്‍ തറച്ചു. സ്നേഹവും സഹോദര്യവും അളവ് കോലാകേണ്ട സൗഹൃദം എന്ന മഹത്തായ അവസ്ഥയിലേക്ക് പലപ്പോഴും മതവും വര്‍ഗീയതയും കലരുന്നതിനു സാക്ഷ്യം വഹിച്ച കേരളത്തിന്റെ മനസാക്ഷിയിലേക്ക് തീരാവേദനയായി, മമ്മൂട്ടി എന്ന നമ്മള്‍ സ്നേഹിക്കുന്ന, നെഞ്ചോട് ചേര്‍ക്കുന്ന കലാകാരന്റെ വാക്കുകള്‍ വന്നു വീണു.

എത്രമേല്‍ നൊന്തിട്ടാവും അദ്ദേഹം അത് പറഞ്ഞത് എന്ന് ഒന്ന് കൂടി ഓര്‍ക്കാന്‍, ഒരിക്കല്‍ വായിക്കാന്‍ ആ കുറിപ്പ്. അതിനു ഇന്നെക്കാള്‍ പ്രസക്തിയുള്ള മറ്റൊരു ദിനമില്ല.

കുറിപ്പ് വായിക്കാം:

മമ്മൂട്ടി എന്താണ് ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ഇന്നലെ പറഞ്ഞത്?

വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മുട്ടിയാണ് നായകൻ. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമർത്തി എന്നോടു ചോദിച്ചു:

‘സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ്. അല്ലേടാ?’

‘അതെ.’

ഞാൻ ഭാരപ്പെട്ട് പറഞ്ഞു.

ഞങ്ങളപ്പോൾ മഹാരാജാസിലെ പൂർവവിദ്യാർത്ഥികളായി.

കനത്ത ഒരു മൂളലോടെ മമ്മുക്ക കായൽപ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴിൽ കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പ്.

എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:

‘പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം. അല്ലേടാ?’

Read more: ഇത്രയും തേച്ചു മിനുക്കാമെങ്കിൽ തേച്ചാൽ ഇനിയും മിനുങ്ങും; മമ്മൂട്ടിയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook