സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് മലയാളികൾ പ്രിയപ്പെട്ട താരം മമ്മൂട്ടി. സിനിമാ വിശേഷങ്ങൾ മാത്രമല്ല മമ്മൂട്ടിയെന്ന വ്യക്തിയെ കുറിച്ചറിയാനും ഇപ്പോൾ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ സാധിക്കും. തന്റെ കോളേജ് കാലഘട്ടത്തിലെ ഓർമ്മകൾ ആരാധകരുമായി താരം പങ്കുവയ്ക്കുന്ന വീഡിയോ വൈറലായിരുന്നു.
തന്റെ പുതിയ ചിത്രമായ ‘എജന്റി’ന്റെ ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബുടാപെസ്റ്റിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. തോക്കും പിടിച്ച് തീയ്ക്കും പുകയ്ക്കുമിടയിലൂടെ താരം നടക്കുന്നത് വീഡിയോയിൽ കാണാം. ‘എജന്റ് ബുടാപെസ്റ്റ്’ എന്നാണ് വീഡിയോയ്ക്ക് താഴെയുള്ള അടികുറിപ്പ്. ഈ പ്രായത്തിലും മാസ്സിനു ഒരു കുറവുമില്ല എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. എജന്റിനായി കാത്തിരിക്കുന്നെന്ന കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.
വാകന്തം വംശിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് ‘ഏജന്റ്.’ അഖിൽ അക്കിനേനി, സാക്ഷി വൈദ്യ, ഡിനോ മോറിയ, വിക്രംജിത്ത് വിർക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2023 ഏപ്രിൽ 28ന് ചിത്രം റിലീസിനെത്തും.
‘കണ്ണൂർ സ്ക്വാഡ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണിപ്പോൾ മമ്മൂട്ടി. ‘ക്രിസ്റ്റഫർ’ ആണ് താരത്തിന്റെ അവസാനം റിലീസിനെത്തിയ ചിത്രം. ആമസോൺ പ്രൈമിൽ ചിത്രം സട്രീം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.