ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമാ ഷൂട്ടിങ്ങിലേക്ക്. മമ്മൂട്ടിയും നടി പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളാവുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ പൂജ ഇന്ന് എറണാകുളത്ത് നടന്നു. എറണാകുളം ചോയിസ് സ്കൂളിൽ ആയിരുന്നു ചിത്രത്തിൻ്റെ പൂജ.
പൂജ ചടങ്ങിൽ പങ്കെടുത്ത മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കൂടുതൽ മെലിഞ്ഞ് സുന്ദരനായ മമ്മൂട്ടിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

നവാഗതയായ റത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത് സിന്‍ സില്‍ സെല്ലുലോയ്ഡിന്‍റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ്. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിൻ്റെ സഹനിര്‍മ്മാണവും വിതരണവും.
ഉണ്ടയുടെ കഥാകൃത്തായ ഹർഷാദ് ആണ് പുഴുവിന്റെ കഥയൊരുക്കുന്നത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.
മമ്മൂട്ടി, പാർവതി എന്നിവരെ കൂടാതെ, നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ് ചിത്രത്തിന്റെ ക്യാമറമാൻ. മനു ജഗദ് ആണ് കലാസംവിധാനം.