മമ്മൂട്ടിക്ക് ലോകമാകമാനം മലയാളികളുടെ വലിയൊരു ആരാധക കൂട്ടമുണ്ട്. ഷൂട്ടിങ് ലൊക്കേഷനിലായാലും പൊതു പരിപാടികളിലായാലും മമ്മൂട്ടി ഉണ്ടെന്ന് അറിഞ്ഞാൽ പിന്നെ ആരാധകരുടെ ഒഴുക്കാണ്. കേരളത്തിൽ മാത്രമല്ല ഗൾഫിലായാലും സ്ഥിതി ഇതൊക്കെ തന്നെയാണ്. എന്നാൽ ആരാധകരുടെ സ്നേഹം പലപ്പോഴും താരങ്ങൾക്ക് തലവേദനയായും മാറാറുണ്ട്. മമ്മൂട്ടിക്ക് ഉണ്ടായതും ഇത്തരമൊരു അനുഭവമാണ്.

ബഹ്റൈൻ മനാമയിൽ ഗോൾഡ് സിറ്റി ജുവലറിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ആരാധക സ്നേഹം മമ്മൂട്ടിക്ക് തലവേദനയായത്. മമ്മൂട്ടി വരുന്നതറിഞ്ഞ് ആരാധകരുടെ വലിയൊരു കൂട്ടം തന്നെ എത്തിയിരുന്നു. ഒരു വിധത്തിലാണ് മമ്മൂട്ടി കാറിൽനിന്നും ഇറങ്ങിയത്. ഇതിനിടയിൽ സംഘാടകർ ബൊക്ക നൽകി മമ്മൂട്ടിയെ സ്വീകരിച്ചു. ബൊക്കയും കൈയ്യിൽ പിടിച്ച് മമ്മൂട്ടി മുന്നോട്ടു പോകവേ ഉന്തും തളളും വർധിച്ചു. ഇതിനിടയിൽ മമ്മൂട്ടിയുടെ കൈയ്യിൽ ഇരുന്ന ബൊക്ക താഴെ പോയി. ഭാഗ്യം കൊണ്ടാണ് മമ്മൂട്ടി വീഴാതെ രക്ഷപ്പെട്ടത്.

ഒടുവിൽ ഒരു വിധത്തിലാണ് മമ്മൂട്ടി ഉദ്ഘാടന സ്ഥലത്തെത്തിയത്. നാട മുറിച്ച് ജുവലറിക്ക് അകത്ത് കയറിയെങ്കിലും തിരക്ക് കുറയുമെന്നു കരുതിയ മമ്മൂക്കയ്ക്ക് തെറ്റി. ജുലവറിക്കകത്തും ആരാധകരുടെ വലിയൊരു കൂട്ടം തന്നെ മെഗാ സ്റ്റാറിനെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആരാധക സ്നേഹത്താൽ വീർപ്പു മുട്ടിയെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ആരാധകരോടൊപ്പം നിന്ന് ഫോട്ടെയടുത്ത ശേഷമാണ് മമ്മൂക്ക മടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ