ഉത്തരവാദിത്തത്തോടെ പെരുമാറൂ; അഭ്യർത്ഥനയുമായി മമ്മൂട്ടി

ലോക്‌ഡൗൺ പ്രഖ്യാപിച്ചിട്ടും കാര്യങ്ങളുടെ ഗുരുതരാവസ്ഥ കണക്കിലെടുക്കാതെ നിരവധിപേർ റോഡുകളിലേക്ക് ഇറങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ വാക്കുകൾ

കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ലോക്‌ഡൗൺ പ്രഖ്യാപിച്ചിട്ടും കാര്യങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കാതെ ഒരു കൂട്ടം ആളുകളെങ്കിലും റോഡിലിറങ്ങി പൊലീസിനും നിയമപാലകർക്കും തലവേദന സൃഷ്ടിക്കുകയാണ്. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങാം എന്ന സൗകര്യം പലരും ദുരുപയോഗം ചെയ്യുകയാണ് പലയിടത്തും. അധികാരികൾ പറയുന്നത് അനുസരിച്ചു കൊണ്ട് വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും പെരുമാറൂ എന്ന് അഭ്യർത്ഥിക്കുകയാണ് മമ്മൂട്ടി.

ലോക്‌ഡൗൺ നിർദേശങ്ങൾ മറികടന്ന് വാഹനവുമായി റോഡിലേക്കിറങ്ങിയ ആളുകളോട് കൈക്കൂപ്പികൊണ്ട് സഹകരിക്കണമെന്ന് അപേക്ഷിക്കുന്ന ട്രാഫിക് പൊലീസുകാരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ‘ഉത്തരവാദിത്തത്തോടെ പെരുമാറൂ’ എന്ന് താരം അഭ്യർത്ഥിക്കുന്നത്. ആളുകളെ ചിന്തിപ്പിക്കുന്ന ഒരു ചിത്രം തന്നെയാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. നിരവധിയേറെ പേരാണ് പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്. മാര്‍ച്ച് 24 അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊറോണ പ്രതിരോധത്തിൽ സർക്കാരിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആദ്യം മുതൽ തന്നെ മമ്മൂട്ടിയും രംഗത്തുണ്ട്. എല്ലാവരും നിയമങ്ങൾ പാലിച്ച് വീട്ടിലിരിക്കണമെന്ന് ആളുകളോട് അഭ്യർത്ഥിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ദിവസക്കൂലി കൊണ്ട് ജീവിക്കുന്ന മറ്റുളളവരോടു കൂടി കരുതൽ വേണമെന്നാണ് കുറിപ്പിൽ അദ്ദേഹം പറയുന്നത്. ഈ കുറിപ്പിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

“വീട്ടിനകത്തിരിക്കുക എന്നത് അസ്വസ്ഥത തന്നെയാണ്. പക്ഷേ, അതൊരു കരുതലായി കാണണമെന്നു തോന്നുന്നു. ഇതു കടന്നുപോയ കാലത്തെക്കുറിച്ചും വരുന്ന കാലത്തെക്കുറിച്ചും ആലോചിക്കാനുള്ള സമയമാണ്. അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ല. നാം വാങ്ങിക്കൂട്ടുമ്പോൾ മറ്റു പലർക്കുമത് ഇല്ലാതാകും. സത്യത്തിൽ അതവരുടെ ഭക്ഷണം തട്ടിയെടുക്കുന്നതിനു തുല്യമാണ്. വേണ്ടതു മാത്രം കരുതിവയ്ക്കുക. നാം പാചകം ചെയ്യുന്ന ഭക്ഷണത്തിലും കരുതൽ വേണം. ആവശ്യത്തിനു മാത്രം ഉണ്ടാക്കുക. ഭക്ഷണം കളയാതിരിക്കുക. ഭക്ഷണമെന്നത് ആർഭാടമല്ല, അത്യാവശ്യമാണെന്നു വീണ്ടും വീണ്ടും ഈ ദിവസങ്ങൾ നമ്മെ ഓർമിപ്പിക്കുകയാണ്.”

“ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവർക്കു കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കിൽ, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവർ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കിൽ നമ്മുടെ കരുതൽ അവർക്കുകൂടിയാകണം. റേഷനടക്കമുള്ള കാര്യങ്ങൾ സർക്കാർ നൽകുന്നുണ്ട്. അതിൽ കൂടുതൽ അവർക്ക് എന്തൊക്കെ വേണമെന്നു നോക്കാൻ സർക്കാർ സംവിധാനം ഉണ്ടാകണം. അതുകൊണ്ടു തികയണമെന്നില്ല. സമൂഹം മൊത്തമായി കരുതലെടുത്താൽ എല്ലാവർക്കും മനഃസമാധാനത്തോടെ വീട്ടിലിരിക്കാനാകും,” എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ മമ്മൂട്ടി കുറിച്ചത്.

Read more: ഇക്ക മാസാണ്, മാതൃകയാണ്; മമ്മൂട്ടിയുടെ വാക്കുകൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty ask people to be responsible corona outbreak lock down india covid 19

Next Story
എന്തു പണീം ചെയ്യും സാറേ; പുരികം ത്രെഡ് ചെയ്തും പാചകം ചെയ്തും സിജു വിത്സൺsiju wilson wife
The moderation of comments is automated and not cleared manually by malayalam.indianexpress.com