മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന ‘വണ്‍’ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. വളരെ ഗൗരവക്കാരനായി ഇരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. വലിയ സ്വീകാര്യതയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ചത്. കടക്കല്‍ ചന്ദ്രന് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.
സന്തോഷ് വിശ്വനാഥാണ് വണ്‍ സിനിമയുടെ സംവിധായകന്. ബോബി-സഞ്ജയ് ആണ് തിരക്കഥ. മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. തിരുവനന്തപുരത്താണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്.
സിനിമയുടെ ഷൂട്ടിങ് ആരംഭിച്ച വേളയിൽ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്തെ ഓഫീസിലെത്തി കണ്ടിരുന്നു. സൗഹൃദ സന്ദർശനമെന്നായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും പിണറായി പങ്കുവച്ചിരുന്നു.
മമ്മൂട്ടിയെ കൂടാതെ ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലീം കുമാർ, ഗായത്രി അരുൺ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ, കൃഷ്ണകുമാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.