Latest News

അപ്പുണ്ണിയേട്ടനും മമ്മൂട്ടിയും

ജീവൻ പോകും മുൻപ് ഒരിക്കലെങ്കിലും മമ്മൂട്ടിയെ നേരിൽ കാണണം എന്നും അപ്പുണ്ണിയേട്ടന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും കെ ആര്‍ സുനില്‍ തന്റെ കുറിപ്പില്‍ പറയുന്നു

Mammootty Appunni photographer K R Sunil
Mammootty Appunni photographer K R Sunil

ചില നിയോഗങ്ങള്‍ അങ്ങനെയാണ്. തീര്‍ത്തും അപ്രതീക്ഷിതമായി നമ്മളെ തേടിയെത്തും. അങ്ങനെയൊരു നിയോഗമാണ് കനോലിക്കനാലിന്റെ തീരത്തെ കയറു തൊഴിലാളിയായിരുന്ന അപ്പുണ്ണിയേയും സിനിമാ താരം മമ്മൂട്ടിയേയും കൂട്ടിക്കെട്ടിയത്. ഇരുവര്‍ക്കും പരസ്പരം അറിയില്ല. എങ്കിലും, ഇഴപിരിക്കാനാവാത്ത വണ്ണം കൂടി ചേര്‍ന്നിരിക്കുകയാണ് സിനിമയൊന്നും തന്നെ കാണാത്ത അപ്പുണ്ണിയുടെ ജീവിതത്തില്‍ മമ്മൂട്ടിയെന്ന സൂപ്പര്‍ താരം.

കയർ തൊഴിലാളികളുടെ ജീവിതം പകർത്താനായി ക്യാമറയുമേന്തിച്ചെന്ന ഫോട്ടോഗ്രഫര്‍ കെ ആര്‍ സുനിലിനെ തേടിയെത്തിയ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും നിറയുന്ന ഒരു കഥ. ഫ്രെയിമില്‍ ഒരാളെ ഉള്ളൂ, മമ്മൂട്ടിയെ കാണാന്‍ കൊതിക്കുന്ന അപ്പുണ്ണി എന്ന കയര്‍ തൊഴിലാളി. എന്നാല്‍, അപ്പുണ്ണിയുടെ കണ്ണുകളില്‍ കാണാം, താരാരാധനയ്ക്കും അപ്പുറത്തുള്ള എന്തോ ഒന്ന്.

അപ്പുണ്ണിയേട്ടന്റെ കഥ പറയുന്ന കെ ആര്‍ സുനിലിന്റെ കുറിപ്പ് ഇങ്ങനെ.

“കയർ തൊഴിലാളികളുടെ ജീവിതം പകർത്താനായാണ് ഒരു സുഹൃത്തുമായി പൊന്നാനിയിലെ കടവനാട് എത്തിയത്. എന്നാൽ പ്ലാസ്റ്റിക് കയറുകൾ മാർക്കറ്റിൽ സുലഭമായതും യന്ത്രവൽകൃത കയറുൽപ്പന്നങ്ങളുടെ നിർമ്മാണം തുടങ്ങിയതും കനോലി കനാലിന്റെ തീരത്തെ തൊഴിലാളികളുടെ ജീവിതത്തെ സാരമായിത്തന്നെ ബാധിച്ചു. രാത്രി പകലെന്നില്ലാതെ കേട്ടിരുന്ന ചകിരി തല്ലുന്ന ശബ്ദം നിലയ്ക്കുകയും കയറു പിരിച്ചിരുന്ന കയ്യാലകൾ കാണാതാകുകയും ചെയ്തു. പലരും മറ്റു തൊഴിലുകൾ തേടിപ്പോയി.

ആ ഗ്രാമത്തിലെ ചെറിയ റോഡിലൂടെ ചെന്നെത്തിയത് തികച്ചും സാധാരണക്കാർ താമസിക്കുന്ന വീടുകൾക്കു മുന്നിൽ. ഞങ്ങളുടെ വാഹനത്തിന്റെ ശബ്ദംകേട്ട് ഒരു വീട്ടിനുള്ളിൽനിന്ന് പ്രായം ചെന്ന ഒരാളിറങ്ങി വന്നു. തീരെ മെലിഞ്ഞ ദേഹവും ചുറ്റുപാടുകളും അവരുടെ ജീവിതാവസ്ഥകൾ പറഞ്ഞു.

അപ്പുണ്ണിയെന്നാണ് അദ്ദേഹത്തിന്റെ പേര്. ‌കുറച്ചകലെയായി ഒരിടത്ത് കയറു പിരിക്കുന്ന സ്ഥലമുണ്ടെന്ന് അദ്ദേഹമാണ് പറഞ്ഞത്. അങ്ങോട്ടേക്കുള്ള വഴിയും വിവരിച്ചു തന്നു. ആ നാട്ടുവഴികൾ ഞങ്ങൾക്കു പരിചയമില്ലാത്തതിനാൽ അദ്ദേഹത്തോട് കൂട്ടു വരാമോയെന്ന്
ചോദിച്ചു. വിനയം കലർന്ന ചിരിയോടെ മടിച്ചു നിന്നു കൊണ്ട് വഴി ഒന്നു കൂടി പറഞ്ഞു തന്നു. ഇതെല്ലാം കേട്ട് പുറകിൽ ചിരിയോടെ നിന്നിരുന്ന മകൾ വീടിനകത്തു നിന്ന് ഒരു ഷർട്ടെടുത്ത് അച്‌ഛനു കൊടുത്തു കൊണ്ട് ഞങ്ങളോടൊപ്പം പോയി വരാനായി പറഞ്ഞു. കാറിന്റെ മുന്നിലെ ഡോർ തുറന്നു കൊടുത്തപ്പോൾ അദ്ദേഹം പിന്നേയും മടിച്ചുനിന്നു. നിർബന്ധിച്ചപ്പോൾ തെല്ല് സങ്കോചത്തോടെ സീറ്റിലേക്ക് കയറിയിരുന്നു. കാറിലെ യാത്ര, പ്രത്യേകിച്ച് മുൻസീറ്റിലിരുന്നുള്ളത് ആ നാട്ടിൻപുറത്തുകാരന് ഒട്ടും തന്നെ ശീലമില്ലെന്ന് ആ ശരീര ഭാഷപറഞ്ഞു. വല്ലാത്തൊരു അപകർഷതാബോധം ആ സാധു മനുഷ്യനിൽ നിറഞ്ഞു നിന്നു.

കെ.ആർ.സുനിൽ

ഗ്രാമത്തിലെ ചെറിയ റോഡിലൂടെയുള്ള യാത്രക്കിടെ മറ്റാരും കാണാതിരിക്കാനെന്ന പോലെ സീറ്റിൽ ചൂഴ്ന്നിരിക്കുന്നതിനിടെ അദ്ദേഹത്തിന് പറഞ്ഞ വഴി തെറ്റിപ്പോയി! വണ്ടി സാവധാനം പിന്നോട്ടെടുത്ത് ശരിയായ റോഡിലേക്ക് കയറി. എന്നും നടന്നു പോകുന്ന വഴി തെറ്റിപ്പറഞ്ഞതിന്റെ ജാള്യതയിലിരിക്കുന്ന അപ്പുണ്ണിയേട്ടന്റെ ആ മാനസികാവസ്ഥയെ മറികടക്കാനായി ജീവിതത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ ചോദിച്ചു തുടങ്ങി.

ഒരു കാലത്ത് കനോലി കനാലിന്റെ തീരത്ത് കയറു പിരിക്കുന്നവരുടെ കൂട്ടത്തിൽ അദ്ദേഹവും സജീവമായിരുന്നു. ആ തൊഴിൽ തന്നെയായിരുന്നു കുടുംബത്തിന്റെ ഏക ജീവിതമാർഗവും. എന്നാൽ വർഷങ്ങൾക്ക് മുൻപുണ്ടായ ഹൃദയാഘാതം എല്ലാ താളവും തെറ്റിച്ചു.

പൊന്നാനിയിലെ ചികിത്സയുമായി കുറേ നാളുകൾ കഴിഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ബൈപാസ് സർജറിയെല്ലാതെ മറ്റു വഴികളൊന്നും തന്നെയില്ലെന്ന് ഡോക്ടർ തീർത്തു പറഞ്ഞു. അതിനായി വേണ്ടി വരുന്ന മൂന്നു ലക്ഷത്തിലേറെ രൂപ ആ കുടുംബത്തിന് ആലോചിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഇതു വരെ ചികിത്സയൊന്നും ചെയ്തില്ലേ എന്ന് തിരക്കിയപ്പോൾ ഷർട്ടിന്റെ ബട്ടൻ തുറന്ന് ദേഹത്തിലെ ചില പാടുകൾ കാണിച്ചു തന്നു. ആധുനിക സൗകര്യങ്ങളുള്ള വലിയൊരു ഹോസ്പിറ്റലിൽ വെച്ച് വിജയകരമായിത്തന്നെ ബൈപാസ് സർജറി ചെയ്‌തെന്നും എന്നിട്ടിപ്പോൾ പത്ത് വർഷങ്ങൾ കടന്നു പോയെന്നും സൂചിപ്പിച്ചു.

അന്ന് ഇത്രയും വലിയ സംഖ്യ എങ്ങനെ ഈ മനുഷ്യൻ സംഘടിപ്പിച്ചിട്ടുണ്ടാകുമെന്ന ചോദ്യം മനസിൽ വന്നപ്പോൾത്തന്നെ അദ്ദേഹം പറഞ്ഞു

“മമ്മൂട്ടിയാണ് എല്ലാം ചെയ്തുതന്നത്”

സംശയിച്ചു നിൽക്കുന്ന എന്റെ മനസ്സറിഞ്ഞെന്നോണം അദ്ദേഹം തുടർന്നു

“സിനിമാ നടൻ മമ്മൂട്ടി തന്നെ”

തെല്ല് അതിശയത്തോടെയാണ് ആ വാക്കുകൾ കേട്ടത്. ഒരു ഗ്രാമത്തിന്റെ ഇങ്ങേയറ്റത്ത്, ഇരുട്ടു പരന്നു തുടങ്ങിയ ജീവിതത്തിലേക്ക് ഒരു താരം നന്മയുടെ പ്രകാശം പരത്തുക!

നാട്ടിലെ ഒരു കൗൺസിലർ മുഖേനയാണ് പാവപ്പെട്ട രോഗികളുടെ ഹൃദയ ശസ്ത്രക്രിയക്കായി മമ്മുട്ടി 2008ൽ പ്രഖ്യാപിച്ച പദ്ധതിയിലേക്ക് അപ്പുണ്ണിയേട്ടനേയും തിരഞ്ഞെടുത്തത്.

കാറിൽ നിന്നിറങ്ങിയ ശേഷം, വർഷങ്ങളായി ചകിരിച്ചോറും മണ്ണും കൂടിക്കലർന്ന് മാർദ്ദവമായ മണ്ണിലൂടെ കയ്യാല ലക്ഷ്യമാക്കി നടക്കുന്നതിനിടെ അപ്പുണ്ണിയേട്ടനോട് മമ്മൂട്ടിയെ കണ്ടിട്ടുണ്ടോ എന്ന് തിരക്കി. ജീവിത സാഹചര്യങ്ങൾകൊണ്ട് സിനിമ കാണുന്ന ശീലമില്ലെന്നും അവസാനം കണ്ടത് മമ്മൂട്ടിയുടെ ആദ്യകാല സിനിമയായ ‘സ്ഫോടന’മാണെന്നും അത് കയറു പിരിക്കുന്നവരുടെ കഥയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മമ്മൂട്ടിയെ സിനിമയിലോ നേരിട്ടോ കണ്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

ചിത്രങ്ങളെടുത്ത ശേഷം തിരികേയുള്ള യാത്രയിൽ അദ്ദേഹം കാലങ്ങളായി ഉള്ളിലൊതുക്കിയ ഒരാഗ്രഹം പറഞ്ഞു.

“എന്റെ ജീവൻ പോകും മുൻപ് ഒരിക്കലെങ്കിലും മമ്മൂട്ടിയെ നേരിൽ കാണണം. ദൂരെ നിന്നായാലും മതി”

അന്നേരം കണ്ണുകളിൽ പടർന്ന നനവ് മറച്ചുപിടിക്കാൻ ശ്രമിച്ച്, ആ കാഴ്ചയെ ഓർത്തുകൊണ്ടെന്നോണം അപ്പുണ്ണിയേട്ടൻ ചിരിച്ചു; ഹൃദയത്തിൽ തൊട്ടുവന്ന ചിരി”.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty appunni photographer k r sunil

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com