നാടു വിട്ടു നിൽക്കുന്നവർക്ക് ജന്മനാടിനോട് തോന്നുന്ന ഒരു ഗൃഹാതുരത്വമുണ്ട്. ജീവിതം നടന്നു തുടങ്ങിയ വഴികൾ, കലുങ്കുകൾ, സൗഹൃദക്കൂട്ടങ്ങൾ എന്നു തുടങ്ങി അന്നാട്ടിലെ ഉത്സവങ്ങൾ വരെ അതിൽ നിറയും. ഉയരെ പറക്കുന്ന പട്ടത്തിന്റെ നൂലുകൾ മണ്ണിനോട് ചേർന്നു നിൽക്കുന്നതു പോലെ ഒന്നാണ് ഈ നാടോർമ്മകളുടെ ബന്ധനം. നാട് വിട്ട് ജീവിതം കരുപിടിപ്പിക്കാൻ പ്രവാസി വേഷം കെട്ടിയ കൃഷ്ണപ്പുരത്തുക്കാർക്ക് ‘ഒരു കുട്ടനാടൻ ബ്ലോഗും’ അതു പോലെ ഒന്നാണ്.
കുട്ടനാട് ഓർമ്മകളുമായി മണലാരണ്യത്തിൽ ജീവിക്കുന്ന ഗോപൻ (സണ്ണി വെയ്ൻ) എന്ന ചെറുപ്പക്കാരനിൽ നിന്നാണ് കഥ തുടങ്ങുന്നത്. നാടിന്റെ തുടിപ്പറിയാൻ, വിശേഷങ്ങളറിയാൻ ‘ഒരു കുട്ടനാടൻ ബ്ലോഗ്’ ആണ് ഗോപനെ സഹായിക്കുന്നത്. കുട്ടനാടൻ ഗ്രാമവിശേഷങ്ങൾ ലോകമെമ്പാടുമുള്ള കുട്ടനാട്ടുകാർക്കായി ബ്ലോഗിലൂടെ പകർത്തിയെഴുതുന്നത് കൃഷ്ണപുരത്തുകാരൻ സുധി(സഞ്ജു ശിവറാം)ആണ്. ‘ഒരു കുട്ടനാടൻ ബ്ലോഗി’ൽ പറയാത്ത കഥകളില്ല, പ്രസിഡന്റ് തെരെഞ്ഞെടുപ്പ് മുതൽ നാട്ടിലെ സ്വീകരണങ്ങൾ വരെ ബ്ലോഗിന് വിഷയമാണ്.
‘ഒരു കുട്ടനാടൻ ബ്ലോഗി’ന് പറയാൻ ഏറെ വിശേഷങ്ങളുമായി ബിസിനസ്സുകാരനായ ഹരി (മമ്മൂട്ടി) തന്റെ ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്നിടം മുതലാണ് സിനിമയുടെ കഥ തുടങ്ങുന്നത്. ഇനിയൊരു തിരിച്ചു പോകലുണ്ടാവില്ലെന്ന് കരുതിയാണ് അയാളുടെ മടങ്ങിവരവ്. നെടിയേടത്ത് ഹരിയുടെ വരവിനെ അതിയായ ഉത്സാഹത്തോടെ കാത്തിരിക്കുന്ന, ഹരിയെ റോൾ മോഡലായി കാണുന്ന ഒരു കൂട്ടം ചെറുപ്പക്കാരുണ്ട് കൃഷ്ണപുരത്ത്. ഇത്തവണ ഹരി വന്നിറങ്ങുമ്പോൾ എന്തൊക്കെ ‘കുത്സിത പ്രവൃത്തികളിലാണ് ഏർപ്പെടുക’ എന്ന് ആശങ്കയോടെ ഉറ്റുനോക്കുന്ന പഞ്ചായത്ത് പ്രസിഡന്റും അയാളുടെ ഭരണപക്ഷവുമുണ്ട്.
ഹോട്ടല്‍ വാങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്ന ടേപ്പ് റെക്കോർഡിൽ നിന്നും കിട്ടിയ കാസറ്റിലെ ‘ബൈ ദ റിവർ’ എന്ന ഗാനം ഏതോ ഇംഗ്ലീഷ് ക്രിസ്ത്യൻ ഗാനമാണെന്ന് കരുതി നിത്യവും രാവിലെ പ്രാർത്ഥനാഗാനത്തിന് പകരം പ്ലേ ചെയ്യുന്ന ഒരച്ഛന്റെ മകൻ നടത്തുന്ന ‘ബോണിഎം’ ഹോട്ടൽ മുതൽ ഫ്രീ വൈഫേ ലഭ്യമായ ആർട്സ് ക്ലബ്ബ് വരെയുള്ള ഒരിടമാണ് കൃഷ്ണപുരം. കുഗ്രാമമെന്നു എഴുതി തള്ളാനാവാത്ത കഥാപരിസരം തന്നെയാണ് കുട്ടനാടൻ ബ്ലോഗിനെ വ്യത്യസ്തമാക്കുന്നത്. രസകരമായ മുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന കഥയിൽ പെട്ടെന്ന് വരുന്ന ചില സംഭവവികാസങ്ങൾ ഹരിയുടെ ജീവിതത്തെ തന്നെ മാറ്റി മറക്കുന്നു. ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് കഥ പറഞ്ഞു പോവുന്നത്.
തിരക്കഥാകൃത്തായ സേതുവിന്റെ ആദ്യ സംവിധാന സംരംഭം എന്ന രീതിയിൽ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഏറെയായിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാൻ സേതുവിന് കഴിഞ്ഞില്ലെന്നു തന്നെ പറയേണ്ടി വരും. സച്ചി- സേതു കൂട്ടുകെട്ടിൽ പിറന്ന, വിജയിച്ച മുൻ സിനിമകൾ വെച്ചു നോക്കുമ്പോൾ തിരക്കഥയിൽ പാളിച്ചകൾ വന്നിട്ടുണ്ട്. ഒരു മമ്മൂട്ടി മാസ് പടത്തിൽ നിന്നും പ്രതീക്ഷിക്കുന്ന ഫൺ എലമെന്റ് നിലനിർത്തുക എന്നതിനപ്പുറത്തേയ്ക്ക് കെട്ടുറപ്പുള്ള ഒരു കഥാപരിസരം ഒരുക്കാൻ സംവിധായകൻ കൂടിയായ തിരക്കഥാകൃത്തിന് കഴിഞ്ഞില്ല.
മമ്മൂട്ടിയെന്ന പ്രതിഭയെ വെല്ലുവിളിക്കുന്ന അഭിനയ മുഹൂർത്തങ്ങളുള്ള സിനിമയല്ല കുട്ടനാടൻ ബ്ലോഗ്. കലാമൂല്യവും ചലഞ്ചിംഗുമായ മമ്മൂട്ടി ചിത്രങ്ങൾ മറ്റു ഭാഷാസിനിമകളിൽ ഉണ്ടാവുമ്പോൾ മലയാളത്തിൽ അദ്ദേഹം വീണ്ടും വീണ്ടും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്നത് വിഷമകരമാണ്. അനു സിതാര, ലക്ഷ്മി റായ്, ഷംന കാസിം തുടങ്ങിയ നായികാനടിമാർ കഥാപാത്രങ്ങളോട് നീതി പുലർത്തി സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ഓർമകളിൽ നിൽക്കുന്ന അഭിനയ മുഹൂർത്തങ്ങൾ കുറവാണ്.
ലാലു അലക്സ്, നെടുമുടി വേണു, സഞ്ജു ശിവറാം, സണ്ണി വെയ്ൻ, അനന്യ, ജേക്കബ് ഗ്രിഗറി, ജൂഡ് ആന്റണി ജോസഫ്, പൊന്നമ്മ ബാബു, ഷഹീൻ സിദ്ദിഖ്, ആദിൽ ഇബ്രാഹിം, തെസ്നിഖാൻ, സീമ ജി നായർ, സോഹൻ സീനുലാൽ എന്നു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
‘പെരുവണ്ണാപുരത്തെ വിശേഷങ്ങൾ,’ ‘മണിച്ചിത്രത്താഴ്’ തുടങ്ങി വലിയ ക്യാൻവാസിൽ പിറന്ന താരനിബിഢമായ നിരവധി ചിത്രങ്ങൾ നമുക്കു മുൻപുമുണ്ടായിട്ടുണ്ട്, താരങ്ങളുടെ ബാഹുല്യമുണ്ടെങ്കിലും ആ കഥാപാത്രങ്ങളെയെല്ലാം മലയാളി ഇപ്പോഴും ഓർക്കുന്നു. അത്തരത്തിൽ, കഥാപാത്രങ്ങൾക്ക് പ്രാമുഖ്യം നൽകി കഥാമുഹൂർത്തങ്ങൾ കൊണ്ട് അടയാളപ്പെടുത്തുക എന്ന കാര്യത്തിലും തിരക്കഥ പരാജയപ്പെടുന്നുണ്ട്.
കുട്ടനാടിലേക്ക് ഒരു യാത്ര പോയി വന്ന അനുഭവം സമ്മാനിക്കുന്നതാണ് പ്രദീപ് നായർ ഒരുക്കിയ ദൃശ്യങ്ങൾ. കുട്ടനാടൻ സൗന്ദര്യം ഒപ്പിയെടുക്കാൻ പ്രദീപ് നായർക്ക് സാധിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിബാലാണ്. കഥാമുഹൂർത്തങ്ങൾ ആവശ്യപ്പെടുന്ന പശ്ചാത്തലസംഗീതം തന്നെയാണ് നമുക്ക് കേൾക്കാൻ സാധിക്കുക. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ് മികവ് ചിത്രത്തിന് മികച്ച ഒഴുക്ക് പ്രദാനം ചെയ്തു. ശ്രീനാഥിന്റെ സംഗീത സംവിധാനവും എടുത്തുപറയേണ്ടതാണ്. അനന്തവിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ‘മെമ്മറീസ്’ എന്ന സിനിമയ്ക്ക് ശേഷം ഇവരൊരുക്കുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.