മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍ മാഘമാസത്തിലെ വെളുത്തവാവില്‍ നടന്നിരുന്ന മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് നടന്‍ മമ്മൂട്ടി. വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന ‘മാമാങ്കം’ താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമയാണെന്നും മമ്മൂട്ടി തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. പഴശ്ശിരാജാ ഇറങ്ങി 8 വർഷം തികയുന്ന ഇന്ന് തന്നെ മമ്മൂട്ടി ‘മാമാങ്കം’ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.

നവാഗതനായ സജീവ് പിളള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ ഗംഭീര തിരക്കഥയാണ് ചിത്രത്തിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സജീവ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. 17ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിന്റെ പേരായി മാമാങ്കം ഉപയോഗിക്കാന്‍ അനുവാദം തന്ന നവോദയയ്ക്ക് മമ്മൂട്ടി നന്ദി പറഞ്ഞു.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തന്നോടൊപ്പെ വലിയ താരനിരയും ലോകോത്തര സാങ്കേതിക വിദഗ്ദരും ചിത്രത്തിന് വേണ്ടി അണിനിരക്കുമെന്നും മെഗാസ്റ്റാര്‍ അറിയിച്ചു.

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെ കഥ പറയുന്നതാണ് ചിത്രം. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം തുടങ്ങും.

അടൂര്‍ ഗോപാലകൃഷ്ണന്റെ ‘നിഴല്‍ക്കുത്ത്’ അടക്കമുള്ള നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സജീവ് പിള്ളയുടെ ആദ്യ ചിത്രമാണിത്. ജോയ് മാത്യു തിരക്കഥയൊരുക്കി ഗിരീഷ് ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ‘അങ്കിള്‍’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഷാംദത്ത് ഒരുക്കുന്ന ‘സ്ട്രീറ്റ്‌ലൈറ്റ്‌സ്’ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ