മമ്മൂട്ടിയുടെയും വിജയ്‌യുടെയും പുതിയ സിനിമകളുടെ പ്രൊമോഷനായി നിയമാനുസൃതമായ ഫ്ലക്‌സ് ഉപയോഗിച്ചുള്ള വലിയ ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധര്‍വന്റെ പരസ്യത്തിനായി വലിയ ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ല. ചെന്നൈയില്‍  ഫ്ലക്‌സ് ബോര്‍ഡ് വീണുണ്ടായ അപകടത്തില്‍ ശുഭശ്രീ എന്ന യുവതി മരിക്കാനിടയായ സംഭവമാണ് വലിയ ഹോര്‍ഡിങ്ങുകള്‍ ഉപയോഗിച്ചുള്ള പതിവു പരസ്യരീതി ഉപേക്ഷിക്കാന്‍ കാരണം.

ശുഭശ്രീയുടെ അപകട വാര്‍ത്ത കണ്ട മമ്മൂട്ടിയും സംവിധായകന്‍ രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ ജോസഫും ചേര്‍ന്നാണ് ഫ്ലക്‌സ് ഹോര്‍ഡിങ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ചിത്രത്തിന്റെ പരസ്യത്തിനായി പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്ന് സംവിധായകന്‍ രമേഷ് പിഷാരടി പറഞ്ഞു. കേരളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ പടുകൂറ്റന്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ച് ഫ്ലക്‌സ് വയ്ക്കുന്ന പതിവുണ്ട്.

Read Also: ചൈനയില്‍ തകര്‍ന്നടിഞ്ഞ രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങളും അവ മുന്നോട്ട് വയ്ക്കുന്ന പാഠങ്ങളും

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബിഗിലിന്റെ ഓഡിയോ ലോഞ്ചിന്റെ വലിയ ഹോര്‍ഡിങ്ങുകളും ബാനറുകളും സ്ഥാപിക്കരുതെന്ന് ആരാധകരോട് നടന്‍ വിജയ്‌യും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 19നാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുന്നത്.

ഫ്ലക്സ് ബോർഡ് പൊട്ടി വീണു യുവതി മരിച്ച സംഭവത്തിൽ തമിഴ്നാട് സർക്കാരിനെ  മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതാണ് വിമർശനത്തിനിടയാക്കിയത്. ബ്യൂറോക്രാറ്റിക് അനാസ്ഥയുടെ അനന്തര ഫലമാണ് യുവതിയുടെ ജീവൻ നഷ്ടപ്പെടുത്തിയ അപകടമെന്ന് കോടതി വിമർശിച്ചു.

”രാജ്യത്തെ ജനങ്ങളുടെ ജീവന് യാതൊരു വിലയുമില്ല. ഇത് ബ്യൂറോക്രാറ്റിക് അനാസ്ഥയാണ്. ക്ഷമിക്കുക, സർക്കാരിൽ ഞങ്ങൾക്കുളള വിശ്വാസം നഷ്ടപ്പെട്ടു,” ജസ്റ്റിസ് സെഷാസയി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

Read Also: ഹിന്ദു വികാരത്തെ വ്രണപ്പെടുത്തും; കോഴിയിറച്ചിയും പാലും ഒന്നിച്ച് വില്‍ക്കരുതെന്ന് ബിജെപി

റോഡുകളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ബാനറുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞ് ചില രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും രംഗത്തുവന്നിരുന്നു. ബാനറുകളും ഫ്ലക്‌സുകളും ഉപയോഗിക്കുന്നതിനെ പിന്തുണക്കില്ലെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനും പറഞ്ഞിരുന്നു.

സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവതിക്കുമേൽ ഫ്ലക്സ് ബോർഡ് പൊട്ടി വീഴുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ പിന്നാലെ എത്തിയ വാട്ടർ ലോറിക്കടിയിലേക്ക് വീണു. അപകടത്തിൽപ്പെട്ട ക്രോംപെട്ട് നെമിലിച്ചേരി സ്വദേശിനി ആർ.ശുഭശ്രീ (23) യെ ഉടൻ തന്നെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook