മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ജോഡികളാണ് മമ്മൂട്ടിയും സുഹാസിനിയും. ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന ചിത്രത്തിലെ നീനയേയും വിനയനേയും മലയാളികള്‍ ഇന്നും നെഞ്ചോടു ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്.

‘കൂടെവിടെ’, ‘അക്ഷരങ്ങള്‍’, ‘എന്റെ ഉപാസന’, ‘പ്രണാമം’, ‘രാക്കുയിലിന്‍ രാഗസദസില്‍’, ‘കഥ ഇതുവരെ’ തുടങ്ങി ഇരുവരും അഭിനയിച്ച് അനശ്വരമാക്കിയ ചിത്രങ്ങളും കഥാപാത്രങ്ങളും നിരവധിയാണ്.

എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഒന്നും തന്നെയുണ്ടായില്ല. ഇരുവരും അവരവരുടെ മേഖലകളില്‍ സജീവമായി സിനിമയില്‍ തന്നെ തുടര്‍ന്നപ്പോഴും മമ്മൂട്ടി-സുഹാസിനി ജോഡി മാത്രം കണ്ടില്ല.

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഇവര്‍ വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.  ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പ്രതിപാദിക്കുന്ന ചിത്രത്തില്‍ വൈഎസ്ആര്‍ ആയി മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക് എത്തുകയാണ്. ‘യാത്ര’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുഹാസിനിയും അഭിനയിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.  എന്നാല്‍ ഒരേ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതൊഴിച്ചാല്‍, മമ്മൂട്ടിയും സുഹാസിനിയും പഴയത് പോലെ ‘കപ്പിള്‍’ ആയിട്ടല്ല അഭിനയിക്കുക.

മമ്മൂട്ടി വൈഎസ്ആര്‍ ആകുമ്പോള്‍, സുഹാസിനി ആന്ധ്രാ പ്രദേശിലെ ആദ്യ വനിതാ ആഭ്യന്തര മന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയുടെ കഥാപാത്രത്തെയാകും കൈകാര്യം ചെയ്യുക. മമ്മൂട്ടിയുടെ ഭാര്യ വൈഎസ് വിജയമ്മയായി എത്തുന്നത് ബാഹുബലിയില്‍ അനുഷ്‌കയുടെ ജ്യേഷ്ഠന്റെ ഭാര്യയായി അഭിനയിച്ച ആശ്രിത വെമുഗന്തിയായിരിക്കും എന്നാണു റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ മകളായി എത്തുന്നത് തെന്നിന്ത്യൻ താരം ഭൂമിക ചാവ്ളയാണ്.

Read More: തെലുങ്ക്‌ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളും ഭാര്യയുമാകുന്ന നടികള്‍

രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘യാത്ര’. ‘സ്വാതികിരണം’, ‘സൂര്യപുത്രഡു’, ‘റെയില്‍വേക്കൂലി’ എന്നിവയാണ് മമ്മൂട്ടി ഇതിനു മുമ്പ് തെലുങ്കില്‍ അഭിനയിച്ച ചിത്രങ്ങള്‍.

ഭരണഘടനാ ശില്പി ബി.ആർ അംബേദ്കറിന്റെ ജീവിതം ആസ്പദമാക്കി ജബ്ബാർ പാട്ടീൽ ഒരുക്കിയ ‘ഡോ. ബാബാസാഹേബ് അംബേദ്കർ’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടി വീണ്ടും ഒരു ബയോപിക്കിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘യാത്ര’യ്ക്കുണ്ട്. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ നിർമ്മിച്ച ഡോ. ബാബാസാഹേബ് അംബേദ്കർ 2000ത്തിലാണ് പുറത്തിറങ്ങിയത്.

Mammootty in Baba Saheb Ambedkar

Mammootty in Baba Saheb Ambedkar

കഴിഞ്ഞ ദിവസം മുതല്‍ മമ്മൂട്ടി ‘യാത്ര’യില്‍ അഭിനയിച്ചു തുടങ്ങി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഹൈദരാബാദിലെ ലൊക്കേഷനില്‍ മമ്മൂട്ടിക്ക് വന്‍വരവേല്പാണ് നല്‍കിയത്. ‘യാത്ര’യുടെ ആദ്യ ഷെഡ്യൂളിലേക്കായി 40 ദിവസത്തേയും രണ്ടാം ഷെഡ്യൂളിലേക്കായി 20 ദിവസത്തേയും ഡേറ്റാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത് എന്നാണ് അറിയുന്നത്. വിജയ് ചില്ല, ശാഷി ദേവി റെഡ്ഢി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് ‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി പദവിയില്‍ രണ്ടാം തവണയും ഇരിക്കുമ്പോള്‍, 2009 സെപ്റ്റംബര്‍ 2 ന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈഎസ്ആര്‍ മരിച്ചത്. ആന്ധ്രപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആധിപത്യം ഉറപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് വൈഎസ്ആര്‍ ആണ്.

YSR

A post shared by Mammootty (@mammootty) on

മഹി വി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു. ‘അദ്ദേഹത്തിന് ചരിത്രത്തില്‍ കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കണമായിരുന്നു, എന്നാല്‍ ജനങ്ങളുടെ ഹൃദയത്തില്‍ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ചാണ് യാത്രയായത്,’ എന്ന വാക്കുകളോടെയാണ് ഫസ്റ്റ് ലുക്ക് എത്തിയത്. വൈഎസ്ആറിനെ പോലെ വസ്ത്രം ധരിച്ച്, ജനങ്ങള്‍ക്കു നേരെ കൈവീശിയാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ