/indian-express-malayalam/media/media_files/uploads/2023/08/siddique-mohanlal-mammootty.jpg)
സിദ്ദിഖ് ലാൽമാർക്കൊപ്പം മമ്മൂട്ടിയും മോഹൻലാലും
അപ്രതീക്ഷിതമായി പ്രിയപ്പെട്ടവർ ഓരോരുത്തരായി മരണത്തിന്റെ കൈപിടിച്ച് വിട വാങ്ങുന്നതു നോക്കി നിൽക്കുക എന്നതു തന്നെ ഏറെ ഹൃദയഭേദകമായ കാഴ്ചയാണ്. സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദിഖിന്റെ മരണമാണ് ഇപ്പോൾ സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തുന്നത്.
പ്രിയ ചങ്ങാതിയ്ക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ട് മമ്മൂട്ടിയും മോഹൻലാലും കുറിച്ച വാക്കുകളും സിദ്ദിഖ് ബാക്കിവയ്ക്കുന്ന ശൂന്യതയേയും നഷ്ടത്തെയുമാണ് ഓർമ്മിപ്പിക്കുന്നത്.
"വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ… അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ….സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി," എന്നാണ് മമ്മൂട്ടി വേദനയോടെ കുറിച്ചത്.
ഹിറ്റ്ലർ, ക്രോണിക് ബാച്ച്ലർ, ഭാസ്കർ ദി റാസ്കൽ എന്നിങ്ങനെ നിരവധി ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ചത് സിദ്ദിഖ്- മമ്മൂട്ടി കൂട്ടുകെട്ടാണ്.
"എൻ്റെ പ്രിയപ്പെട്ട സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നർമ്മത്തിലൂടെയും സാധാരണക്കാരൻ്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യ. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിൻ്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷകലക്ഷങ്ങൾ കാത്തിരുന്നു," മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ.
"സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു. അദ്ദേഹം അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാനചിത്രമായ ബിഗ്ബ്രദറിൽ വരെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ," വേദനയോടെ മോഹൻലാൽ കുറിച്ചു.
വിയറ്റ്നാം കോളനി, ലേഡീസ് ആൻ്റ് ജെന്റിൽമാൻ, ബിഗ് ബ്രദർ എന്നീ സിദ്ദിഖ് സിനിമകളിലെല്ലാം മോഹൻലാലും സിദ്ദിഖും ഒന്നിച്ചു പ്രവർത്തിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.