രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രം ‘ഷൈലോക്ക്’ ക്രിസ്മസിന് തിയേറ്ററുകളിൽ എത്തും. ഗുഡ്‌വിൽ എന്റര്‍ടൈന്‍മെന്‍സാണ് ചിത്രം നിർമ്മിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍, കസബ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മൂന്നാമതായാണ് ഈ ബാനര്‍ മമ്മൂട്ടിയുടെ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ മീനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തില്‍ മമ്മൂട്ടിക്ക് നായികയില്ലെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.

സംവിധായകന്‍ ജോഷിയായിരുന്നു ഷൈലോക്കിന്റെ ടൈറ്റില്‍ ലോഞ്ച് നടത്തിയത്. ഈ പേര് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത് മര്‍ച്ചന്റ് ഓഫ് വെനീസിലെ കഥാപാത്രമാണ്. ഷൈലോക്കായാണോ മമ്മൂട്ടി എത്തുന്നതെന്ന് എന്ന് വെളിപ്പെടുത്തിയിട്ടില്ല.

മീന, ജോഷി, അരുണ്‍ ഗോപി, ലാലു അലക്‌സ്, ജോബി ജോര്‍ജ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആഗസ്റ്റ് 7 മുതലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നടൻ രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.

രമേഷ് പിഷാരടി ചിത്രമായ ഗാനഗന്ധര്‍വ്വനിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. ഓണത്തിന് തിയേറ്ററുകളിലേക്കെത്താവുന്ന തരത്തിലാണ് സിനിമയൊരുക്കുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് മെഗാസ്റ്റാര്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി. പുതുമുഖമായ വന്ദിതയാണ് ചിത്രത്തിലെ നായിക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook