/indian-express-malayalam/media/media_files/uploads/2023/07/dulquer-salmaan-mammootty-.jpg)
ദുൽഖറും മമ്മൂട്ടിയും
ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ മമ്മൂട്ടി പോസ്റ്റ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ‘World Nature Conservation Day’ എന്ന അടിക്കുറിപ്പോടെയായിരുന്നു തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ മമ്മൂട്ടി പോസ്റ്റ് ചെയ്തത്. മകന്റെ പിറന്നാളായിട്ട് അറ്റൻഷൻ മൊത്തം നിങ്ങളു കൊണ്ടുപോവുമല്ലോ, ആ പാവം ചെർക്കന്റെ ബർത്ത്ഡേ മുക്കി കളയേല്ലെന്ന് പറയാൻ പറഞ്ഞു, ബർത്ത്ഡേ വാപ്പിച്ചി കൊണ്ടോയി എന്നിങ്ങനെ ആരാധകരും ചിത്രം ഏറ്റുപിടിച്ചപ്പോൾ സോഷ്യൽ മീഡിയയെങ്ങും മമ്മൂട്ടിമയം ആയി മാറുകയായിരുന്നു.
ഇപ്പോഴിതാ, അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയുകയാണ് മെഗാസ്റ്റാർ. "ആ പോസ്റ്റ് ആകസ്മികമായിരുന്നു. അവന്റെ ജന്മദിനമാണെന്ന് ഞാൻ മറന്നുപോയി. തീർച്ചയായും ആളുകൾക്ക് എന്നെ ട്രോളാൻ കഴിയും. അതിലെനിക്ക് പ്രശ്നമില്ല. ട്രോളുകൾ മോഡേൺ കാർട്ടൂൺ പോലെയാണ്. ഇന്ന് ആരും കാർട്ടൂൺ വരയ്ക്കാറില്ലല്ലോ," അടുത്തിടെ ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞതിങ്ങനെ.
പുതിയ ചിത്രം 'കണ്ണൂർ സ്ക്വാഡി'ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
തിയേറ്ററിൽ തരംഗം തീർത്ത് മുന്നേറുകയാണ് 'കണ്ണൂർ സ്ക്വാഡ്'. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടി കഴിഞ്ഞു. മുൻ കണ്ണൂർ എസ് പി എസ്. ശ്രീജിത്ത് രൂപീകരിച്ച സ്പെഷൽ സ്ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതവും ഒരു യഥാർത്ഥ അന്വേഷണകഥയുമാണ് ചിത്രം പറയുന്നത്. നാലു പൊലീസുകാരുടെയും ഒരു കൊലപാതക കേസിലെ പ്രതിയെ തേടിയുള്ള അവരുടെ നോർത്തിന്ത്യൻ യാത്രയുമൊക്കെ പറഞ്ഞുപോവുകയാണ് ചിത്രം.
നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രമാണ് കണ്ണൂർ സ്‍ക്വാഡ്. ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. സഹോദരനു വേണ്ടി റോണി കഥയെഴുതിയ ചിത്രം എന്ന പ്രത്യേകതയും കണ്ണൂർ സ്ക്വാഡിനുണ്ട്. റോണി ഡേവിഡ് രാജിന്റെ സഹോദരനാണ് സംവിധായകൻ റോബി വര്‍ഗീസ് രാജ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.