കുഞ്ഞാലി മരയ്‌ക്കാറുടെ കഥ പറയുന്ന സിനിമ ചെയ്യാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് നടന്‍ മമ്മൂട്ടി. ഇതുവരെ അങ്ങനെയൊരു പ്രൊജക്ടിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഭാവിയില്‍ ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. മാമാങ്കം ടീമിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

‘മാമാങ്കം’ സിനിമ ലാഭത്തിലാണെന്ന് സിനിമയുടെ നിർമാതാവ് വേണു കുന്നപ്പള്ളി പറഞ്ഞു. ആദ്യ ദിനം ‘മാമാങ്കം’ സ്വന്തമാക്കിയത് 23 കോടി രൂപയാണ്. മാമാങ്കത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വേണു കുന്നപ്പള്ളി പറഞ്ഞു.

Read Also: അടുത്തത് നിങ്ങളുടെ ഊഴമാണ്; രാമചന്ദ്ര ഗുഹയുടെ അറസ്റ്റിൽ സിതാര കൃഷ്ണകുമാർ

മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്‌ക്കാർ എന്ന ചിത്രം സന്തോഷ് ശിവൻ സംവിധാനം ചെയ്യുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. മരയ്‌ക്കാർ നാലാമന്റെ വേഷമാണ് മമ്മൂട്ടി ചെയ്യുകയെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, പിന്നീട് അതേക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നില്ല.

അതേസമയം, മോഹൻലാൽ നായകനാകുന്ന ‘കുഞ്ഞാലിമരയ്ക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രിയദർശനാണ് സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ സിനിമ മോഹൻലാൽ തട്ടിയെടുത്തതാണെന്ന് വിമർശനമുയർന്നെങ്കിലും മോഹൻലാൽ തന്നെ അതിനു മറുപടിയുമായി രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയെവച്ച് പ്ലാൻ ചെയ്ത സിനിമ നടക്കില്ലെന്ന് വന്നപ്പോഴാണ് തങ്ങൾ കുഞ്ഞാലിമരയ്ക്കാർ സിനിമ ആരംഭിച്ചതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook