scorecardresearch
Latest News

മോഹൻലാലിന്റെ കല്യാണത്തിന് വെച്ച കണ്ണാടി തന്നെയാണ് ബറോസിന്റെ ലോഞ്ചിന് വെച്ചത്: മമ്മൂട്ടി

പ്രിയപ്പെട്ടതൊക്കെ വർഷങ്ങളോളം സൂക്ഷിച്ചുവയ്ക്കുന്ന ശീലവും താരത്തിനുണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്

മോഹൻലാലിന്റെ കല്യാണത്തിന് വെച്ച കണ്ണാടി തന്നെയാണ് ബറോസിന്റെ ലോഞ്ചിന് വെച്ചത്: മമ്മൂട്ടി

കാറുകളോട്, പുതിയ ടെക്നോളജിയോട്, കൂളിംഗ് ഗ്ലാസുകളോട് ഒക്കെ മമ്മൂട്ടിയ്ക്കുള്ള പ്രിയം എല്ലാവർക്കും അറിയാവുന്നതാണ്. വെറും ഭ്രമം മാത്രമല്ല, പ്രിയപ്പെട്ടതൊക്കെ വർഷങ്ങളോളം സൂക്ഷിച്ചുവയ്ക്കുന്ന ശീലവും താരത്തിനുണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

തന്റെ പുതിയ ചിത്രം റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. 1993ലൊക്കെ ഉപയോഗിച്ചിരുന്ന ഷർട്ടുകൾ ഇപ്പോഴും മമ്മൂക്ക സൂക്ഷിച്ചുവയ്ക്കുകയും ഇടയ്ക്ക് അണിയുകയുമൊക്കെ ചെയ്യാറുണ്ട്, ഇത്തരത്തിൽ വലിയൊരു കളക്ഷൻ തന്നെ മമ്മൂക്കയ്ക്കുണ്ട് എന്നായിരുന്നു അഭിമുഖത്തിനിടെ സഞ്ജു ശിവറാം പറഞ്ഞത്. ഷർട്ടുകൾ മാത്രമല്ല, കണ്ണടകളും ഇങ്ങനെ ധരിക്കാറുണ്ടെന്ന സഞ്ജുവിന്റെ വാക്കുകളെ മമ്മൂട്ടിയും ശരിവച്ചു. “മോഹൻലാലിന്റെ കല്യാണത്തിന് വെച്ച കണ്ണാടി തന്നെയാണ് ഞാൻ ബറോസിന്റെ ലോഞ്ചിന് വെച്ചതും,” മമ്മൂട്ടി പറഞ്ഞു.

ഒക്ടോബർ ഏഴിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ദ്രുതഗതിയിൽ മുന്നേറുകയാണ്. ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

Mohanlal, Barroz movie, Mammootty
ബറോസ് ലോഞ്ചിനിടെ മോഹൻലാലും മമ്മൂട്ടിയും

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍, ചമയം – റോണക്‌സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, പിആര്‍ഒ – പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty about his glass collection rorschach promotion interview