scorecardresearch

ഈ ശൃംഗാരഭാവം എങ്ങനെയുണ്ട്?; മാമാങ്കത്തിലെ സ്ത്രീ വേഷത്തെ കുറിച്ച് മമ്മൂട്ടി

പൊട്ടുകുത്തി നില്‍ക്കുന്ന മമ്മൂട്ടിയുടെ വേഷം കണ്ട് അത്ഭുതപ്പെട്ട അനു സിതാരയെ നോക്കി തന്റെ ശൃംഗാരഭാവം എങ്ങനെയുണ്ടെന്ന് മമ്മൂട്ടി ചോദിച്ചു

ഈ ശൃംഗാരഭാവം എങ്ങനെയുണ്ട്?; മാമാങ്കത്തിലെ സ്ത്രീ വേഷത്തെ കുറിച്ച് മമ്മൂട്ടി

മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ ഡിസംബര്‍ 12 ന് തിയറ്ററുകളിലെത്തുകയാണ്. മാമാങ്കത്തിലെ മമ്മൂട്ടിയുടെ സ്ത്രീവേഷത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത്. എങ്ങനെയായിരിക്കും മമ്മൂട്ടി ഈ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്ന് അറിയാന്‍ ആരാധകര്‍ക്കും ആകാംക്ഷയുണ്ട്. മാമാങ്കത്തിലെ സ്ത്രീ വേഷത്തെ കുറിച്ച് ‘വനിത’യ്ക്ക് നല്‍കിയ അഭിമുഖത്തിൽ മമ്മൂട്ടി മനസ് തുറന്നു.

തന്റെ സ്ത്രീ വേഷത്തെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും സിനിമയിലാണ് ഉത്തരമെന്ന് മമ്മൂട്ടി പറയുന്നു. രണ്ടു മാമാങ്ക കാലഘട്ടത്തിന്റെ കഥയാണിത്. അതില്‍ ഒരു ഭാഗത്താണ് താന്‍ സ്ത്രീ വേഷത്തിലെത്തുന്നതെന്ന് മമ്മൂട്ടി പറയുന്നു. ചില സാഹചര്യങ്ങള്‍ കൊണ്ട് സ്‌ത്രൈണ വേഷത്തിലേക്ക് മാറേണ്ടി വരുന്നതാണ്. കഥ മുഴുവന്‍ പറഞ്ഞാല്‍ സിനിമ കാണുമ്പോള്‍ പുതുമ തോന്നില്ല. ബാക്കിയെല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം സിനിമയില്‍ നിന്ന് ലഭിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.

Read Also: ‘പെണ്ണഴകില്‍ മമ്മൂട്ടി’; മാമാങ്കം പുതിയ ലുക്ക് വൈറല്‍

മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെ നായികമാരായ അനു സിതാരയും പ്രാചി ടെഹ്‌ളാനും അഭിമുഖത്തിൽ പങ്കെടുത്തു. പൊട്ടുകുത്തി നില്‍ക്കുന്ന മമ്മൂട്ടിയുടെ വേഷം കണ്ട് അത്ഭുതപ്പെട്ട അനു സിതാരയെ നോക്കി തന്റെ ശൃംഗാരഭാവം എങ്ങനെയുണ്ട് എന്ന് മമ്മൂട്ടി അഭിമുഖത്തിനിടെ ചോദിക്കുകയും ചെയ്തു.

ഓരോ കഥയുടെയും ഭൂമികയില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ ആ കഥാപാത്രമായി മാറും. മലയാളത്തിലെ ബാഹുബലി എന്നൊന്നും മാമാങ്കത്തെ വിളിക്കാന്‍ പറ്റില്ല. ബാഹുബലി സാങ്കല്‍പിക കഥയാണ്. മാമാങ്കം അങ്ങനെയല്ല. അത് ചരിത്രത്തില്‍ രേഖപ്പെടുത്തിയ സംഭവമാണ്. പ്രതികാരം വീട്ടലിന്റെ ആവര്‍ത്തനമാണ് മാമാങ്കമെന്നും മമ്മൂട്ടി പറഞ്ഞു.

Read Also: Mamangam Release: മമ്മൂട്ടിയുടെ ‘മാമാങ്കം’ ഡിസംബർ 12 ന് തിയേറ്ററുകളിലേക്ക്

കഥാപാത്രങ്ങളെ കൂടെ കൂട്ടിയാല്‍ പ്രശ്‌നമാണെന്നാണ് മമ്മൂട്ടി അഭിനയത്തെ കുറിച്ച് പറയുന്നത്. “ക്യാമറയ്ക്ക് മുന്നില്‍ നിന്നു മാറുന്നതോടെ ആ കഥാപാത്രവും തിരിഞ്ഞുനടക്കുകയാണ്. എന്റെ കാര്യത്തിലും അതു തന്നെയാണ് സംഭവിക്കുന്നത്. സിനിമ കഴിയുമ്പോള്‍ ആ കഥാപാത്രങ്ങളും എന്നില്‍ നിന്ന് പോകും. ഒരു കഥാപാത്രത്തെയും കൂടെക്കൂട്ടാറില്ല. അങ്ങനെ കൂടെക്കൂട്ടിയാല്‍ അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമോ? വ്യക്തിപരമായ കാര്യം മാത്രമാണ് പറഞ്ഞത്. പല കഥാപാത്രങ്ങളും മനസ്സില്‍ നിന്നിറങ്ങി പോകാന്‍ സമയമെടുക്കുന്നവരും സിനിമയിലുണ്ടാകും” മമ്മൂട്ടി അഭിമുഖത്തില്‍ പറഞ്ഞു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും. ഇത്തരം കാര്യങ്ങളുടെയും പോസ്റ്റ് പ്രൊഡക്ഷൻ കാര്യങ്ങളിലെയും അപ്രതീക്ഷിതമായ ചില കാരണങ്ങൾ കൊണ്ടാണ് ചിത്രം വൈകുന്നതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ‘മാമാങ്ക’ത്തിന്റെ റിലീസിനോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് മമ്മൂട്ടി ആരാധകര്‍ ഒരുക്കിയിട്ടുണ്ടായിരുന്നത്.

Read Also: മഹാരാജാസിലെ മമ്മൂട്ടി ഇങ്ങനെയായിരുന്നു; മഹാനടന്റെ അത്യപൂർവ ചിത്രം

വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. 12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്.

നവാഗതനായ സജീവ് എസ്.പിള്ളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിർമാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് എം.പദ്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. കാവ്യ ഫിലംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ‘മാമാങ്കം’ നിർമിക്കുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിർമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty about his female character in mamaangam movie