ഭീഷ്മ പർവ്വം വേറെ തരം വെടികെട്ടാണെന്ന് മമ്മൂട്ടി. ഭീഷ്മ പർവ്വം സിനിമയുടെ റിലീസിന് മുന്നോടിയായി സംഘടിപ്പിച്ച പ്രസ് മീറ്റിൽ ബിലാലിന് മുൻപുള്ള വെടിക്കെട്ടാണോ ചിത്രം എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മെഗാസ്റ്റാർ. ബിഗ് ബിയുമായി ഭീഷ്മപർവത്തിന് സാമ്യമില്ല. മട്ടാഞ്ചേരിയാണ് ലൊക്കേഷൻ. കഥാപരിസരമായി ബന്ധമുണ്ടായേക്കും. ബിലാലിൽ നിന്ന് മൈക്കിളിനെ വ്യത്യസ്തമാക്കാൻ താൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി പറഞ്ഞു.
പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അമൽ നീരദ് എന്ന സംവിധായകനിലും മാറ്റമുണ്ടായിട്ടുണ്ടെന്നും കാലത്തിനനുസരിച്ചുള്ള അപ്ഡേഷൻ ഉണ്ടായിട്ടുണ്ടന്നും മമ്മൂട്ടി പറഞ്ഞു. “സിനിമയും പ്രേക്ഷകരുമെല്ലാം മാറി, അതിനനുസരിച്ചുള്ള മാറ്റങ്ങളുണ്ട്. സിനിമയോട് ഭയങ്കരമായി ഇഷ്ടമുള്ള ആളുകള്‍ സിനിമയെടുക്കുമ്പോള്‍ സിനിമയില്‍ ആ ഇഷ്ടം കാണാന്‍ പറ്റും. അങ്ങനെയുള്ള ഒരാളാണ് അമല്‍.”
ഭീഷ്മ പർവ്വത്തിന്റെ മഹാഭാരതം റഫറൻസ് സംബന്ധിച്ച ചോദ്യത്തിന്, മഹാഭാരതത്തിന്റെ അടരുകളില്ലാത്ത സിനിമയോ നാടകമോ ഉണ്ടോ, ജീവിതത്തിലും മഹാഭാരതം റഫറൻസുകള്‍ വരാറില്ലേ, തീര്‍ച്ചയായും ഭീഷ്മപർവത്തിലും അതുണ്ടാവുമെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
ആ പ്രവണത നല്ലതല്ല; ‘ആറാട്ട്’ ഡീഗ്രേഡിങ്ങിനെക്കുറിച്ച് മമ്മൂട്ടി
ആറാട്ട് സിനിമക്കെതിരെ ഡീഗ്രേഡിങ് നടക്കുന്നുവെന്ന ആരോപണങ്ങളെ സംബന്ധിച്ച ചോദ്യത്തിനും പ്രസ് മീറ്റിനിടെ മമ്മൂട്ടി ഉത്തരമേകി. “അത് നല്ല പ്രവണതയല്ല. നല്ല സിനിമ, ചീത്ത സിനിമ എന്നേ ഉള്ളൂ, മനപൂര്‍വം സിനിമകള്‍ക്കെതിരെ കാമ്പയിന് നടത്തുന്നത് നല്ല കാര്യമല്ല.”
ഫാൻസ് ഷോകൾ നിരോധിക്കും എന്ന ഫിയോക്ക് തീരുമാനത്തിലുള്ള മമ്മൂട്ടിയുടെ പ്രതികരണം തിരക്കിയപ്പോൾ, “ഫാൻസ് കയറരുതെന്ന് ആരും പറയുമെന്ന് താൻ കരുതുന്നില്ല,” എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
മാർച്ച് മൂന്നിനാണ് ‘ഭീഷ്മപർവ്വം തിയേറ്ററുകളിലേക്കെത്തുന്നത്. ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ചിത്രത്തില്‍ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എൺപതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. മമ്മൂട്ടിക്ക് പുറമെ തബു, സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്ഹാന് ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
ആനന്ദ് സി ചന്ദ്രന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന് ശ്യാം നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് വിവേക് ഹര്ഷന്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.