പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ആദിയെക്കുറിച്ച് സിനിമയ്ക്കകത്തുനിന്നും പുറത്തുനിന്നും മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയെക്കുറിച്ച് പ്രതികരണവുമായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ഷാംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്ത സ്ട്രീറ്റ്ലൈറ്റ്സ് എന്ന തന്റെ ചിത്രത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി അബുദാബിയില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പ്രണവിന്റെ വരവ് ഗംഭീരമാണെന്ന് അറിഞ്ഞു, എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

‘ 36 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഇത്രയും വലിയൊരു ജനക്കൂട്ടത്തെ അഭിമുഖീകരിക്കുന്നത്. സ്ട്രീറ്റ്ലൈറ്റ്സിന് മികച്ച പ്രതികരണം ലഭിക്കുന്നുവെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. കേരളത്തില്‍ റിലീസാകുന്ന ദിവസം തന്നെ ഗള്‍ഫ് നാടുകളിലും റിലീസ് വേണമെന്ന് ആരംഭത്തില്‍ തന്നെ തീരുമാനിച്ചിരുന്നു. അതിന് ഞങ്ങളോട് സഹകരിച്ച ഫാര്‍സ് ഫിലിംസിന് നന്ദി. സിനിമ വിജയമാകുകയാണ്. നല്ല അഭിപ്രായങ്ങള്‍ അറിയുന്നു. ഈ സിനിമ ഇനി നിങ്ങളുടെ സിനിമയാണ്. ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്ന എല്ലാ നടീനടന്മാരും സിനിമയിലെ നായികാനായകന്മാരാണ്. അത് തന്നെയാണ് ചിത്രം നിര്‍മിക്കാനുള്ള പ്രധാന കാരണം. ഞാന്‍ ഈ സിനിമ നിര്‍മിച്ചത് ഈ സിനിമയോടുള്ള വിശ്വാസത്തിലുപരി നിങ്ങള്‍ പ്രേക്ഷകരോടുള്ള വിശ്വാസം കൊണ്ട് കൂടിയാണ്. നിങ്ങള്‍ ഈ സിനിമ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചതിന് നന്ദി. നാട്ടില്‍ രണ്ട് മലയാളചിത്രങ്ങളാണ് റിലീസ് ആയത്. ഒന്നു നമ്മുടേതും മറ്റൊന്നും പ്രണവ് മോഹന്‍ലാലിന്റേയും. പ്രണവിന്റെ വരവ് ഗംഭീരമായിരിക്കുന്നുവെന്നാണ് അറിഞ്ഞത്, പ്രണവിന് അഭിനന്ദനങ്ങള്‍. സ്ട്രീറ്റ്ലൈറ്റ്സ് ഗള്‍ഫില്‍ ആദ്യം റിലീസിനെത്തി. പിന്നീട് ആദിയെത്തും. രണ്ട് സിനിമകളും വലിയ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു.’

സംവിധായകന്‍ ഷാംദത്ത് സൈനുദ്ദീന്‍, സൗബിന്‍ ഷാഹിര്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവരും പ്രമോഷന്റെ ഭാഗമായി അബുദബിയിലെത്തിയിരുന്നു. ഇന്നലെയാണ് സ്ട്രീറ്റ് ലൈറ്റ്‌സ് തിയേറ്ററുകളിലെത്തിയത്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പ്ലേ ഹൗസ് ആണ് സ്ട്രീറ്റ്ലൈറ്റ്സ് സിനിമ നിര്‍മ്മിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook