ബിഗ് ബോസ് കഴിഞ്ഞെങ്കിലും പ്രേക്ഷകരെല്ലാം ഇപ്പോഴും ആലോചിക്കുന്നത് പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ്. ബിഗ് ബോസില്‍ വച്ച് പരസ്പരം പ്രണയത്തിലായ ഇരുവരും വിവാഹത്തിലേക്ക് കാര്യങ്ങള്‍ നീക്കുമോ ഇല്ലയോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ഇരുവരുടേയും പ്രണയം കപടമാണെന്നും പരിപാടി ജയിക്കാനുള്ള തന്ത്രമാണെന്നുമെല്ലാം ആരോപണമുണ്ടായിരുന്നു. ഇതിനെല്ലാമുള്ള മറുപടിയും ഇരുവരും നേരത്തെ നല്‍കിയിരുന്നു.

ബിഗ് ബോസ് ഹൗസില്‍ തുടങ്ങിയ പ്രണയം പുറത്തും തുടരുമെന്ന് ഇരുവരും അറിയിച്ചിരുന്നു. ഇരുവരും ആദ്യം മുതല്‍ പറയുന്ന ഒരേയൊരു പ്രശ്‌നം വീട്ടുകാരുടെ സമ്മതമാണ്. പ്രണയവിവരം തുറന്നു പറഞ്ഞതു മുതല്‍ പേളിയും ശ്രീനിഷും പങ്കുവച്ച പ്രധാന ആശങ്കയും വീട്ടുകാരുടെ ഇഷ്ടമായിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞ് ശരിയാക്കിത്തരണമെന്ന് പേളിയും ശ്രീനിഷും ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ പേളിയുടെ ഇന്നത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നല്‍കുന്ന സൂചന വിവാഹത്തിന് പേളിയുടെ അമ്മ സമ്മതിച്ചെന്നാണ്. അമ്മയോടൊപ്പമുള്ള ചിത്രം പേളി പോസ്റ്റ് ചെയ്തിരുന്നു. അമ്മ തന്റെ മാലാഖയാണെന്നും അമ്മ സമ്മതിച്ചെന്നും പേളി പോസ്റ്റില്‍ പറയുന്നു. അതേസമയം, പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയുന്നതായും പേളി പറയുന്നുണ്ട്.

ഇതോടെ വിവാഹത്തിന് പേളിയുടെ അമ്മ സമ്മതിച്ചതായാണ് ആരാധകരുടെ വിലയിരുത്തല്‍. ഇരുവർക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

പേളിയുമായുള്ള വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ താന്‍ ഏറെ ആത്മവിശ്വാസത്തിലാണ്. രണ്ട് വീട്ടുകാരും സമ്മതിക്കുമെന്നാണ് എന്റെ ഉറപ്പ്. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ച് ഇരുവരുടെയും വീട്ടില്‍ അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ ശ്രീനിഷ് പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ