‘സൂപ്പർ ശരണ്യ’ എന്ന ചിത്രത്തിലൂടെ സുപരിചിതയായി മാറിയ താരമാണ് മമിത ബൈജു. സോനാരേ എന്ന കഥാപാത്രം മമിതയുടെ കരിയറിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. അനൂപ് മേനോൻ പ്രധാന വേഷത്തിലെത്തിയ ‘സർവ്വോപരി പാലാകാരൻ’ ആണ് മമിതയുടെ ആദ്യ ചിത്രം. പിന്നീട് ഹണിബീ 2, ഡാകിനി, വരത്തൻ, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു.
‘ഓപറേഷൻ ജാവ’ എന്ന ചിത്രത്തിലാണ് മമിത നായിക വേഷത്തിലെത്തിയത്. തുടർന്ന് ‘ഖോ ഖോ’, ‘സൂപ്പർ ശരണ്യ’ ചിത്രങ്ങളിലും പ്രധാന വേഷങ്ങൾ ചെയ്തു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ മമിത ഇടയ്ക്ക് ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. മമിതയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ശ്യാമ’ എന്നാണ് മമിത ഫൊട്ടൊഷൂട്ട് സീരിസിനു നൽകിയ പേര്.
ചുവപ്പ് നിറത്തിലുള്ള സാരി അണിഞ്ഞ് നൃത്തം ചെയ്യുകയാണ് മമിത. ഒരു കയ്യിൽ താമരപൂവും കാണാം. കടൽ തീരത്തു നിന്നാണ് മമിത നൃത്തം ചെയ്യുന്നത്. ഐശ്വര്യ രാജൻ ആണ് ചിത്രങ്ങൾ പകർത്തിയത്. നർത്തകി കൂടിയായ മമിതയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
അർജുൻ അശോകനൊപ്പമുള്ള ‘പ്രണയവിലാസ’മാണ് മമിതയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം. അനശ്വര രാജനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ മമിത.