Latest News

പറഞ്ഞുറപ്പിച്ച ബജറ്റിന്റെ മൂന്നിരട്ടി ചിലവായി, ചിത്രീകരിച്ച ഭാഗങ്ങള്‍ക്ക് നിലവാരമില്ല: ‘മാമാങ്കം’ സംവിധായകനെ മാറ്റിയതിനെക്കുറിച്ച് നിര്‍മ്മാതാവ്

‘മാമാങ്ക’വുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്ക് വിശദീകരണമേകുകയാണ് നിർമാതാവ് വേണു കുന്നപ്പിള്ളി

‘മാമാങ്കം’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കനക്കുമ്പോൾ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നിർമാതാവ് വേണു കുന്നപ്പിള്ളി. ഏറെ നാളുകളായി ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളാണ് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ മൂന്നാമത്തെ ഷെഡ്യൂൾ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. എന്നാൽ മൂന്നാം ഷെഡ്യൂളിൽ നിന്നും സംവിധായകൻ സജീവ് പിള്ളയെ ഒഴിവാക്കിയതും ചിത്രത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് തന്നെ ചിലർ ഭീഷണിപ്പെടുത്തുന്നുവെന്ന് സംവിധായകൻ പരാതിപ്പെട്ടതുമെല്ലാം വിവാദങ്ങൾ കനക്കാൻ കാരണമായിരുന്നു ആ പശ്ചാത്തലത്തിലാണ് നിർമാതാവ് വേണു കുന്നപ്പിള്ളി വിശദീകരണവുമായി എത്തിയിരിക്കുന്നത്.

സംവിധായകന്റെ പരിചയക്കുറവിൽ വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും പറഞ്ഞുറപ്പിച്ച ബജറ്റിന്റെ മൂന്നിരട്ടി ഇതുവരെ ചെലവായെന്നും ചിത്രീകരിച്ച ഭാഗങ്ങള്‍ക്ക് നിലവാരമില്ലെന്നും അതിനാൽ ‘മാമാങ്കം’ സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ലെന്നുമാണ് പത്രക്കുറിപ്പിൽ വേണു കുന്നപ്പിള്ളി വ്യക്തമാക്കുന്നത്.

വേണു കുന്നപ്പിള്ളിയുടെ വിശദീകരണ കുറിപ്പ് വായിക്കാം:

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ‘മാമാങ്കം’ സിനിമയെ സംബന്ധിച്ച് ചില മാധ്യമങ്ങളില്‍കൂടി നടക്കുന്ന അസത്യ പ്രചാരണങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനറായ വിവേക് രാമദേവന്‍ വഴിയാണ് 2017 ജനുവരിയില്‍ സിനിമയുടെ ആദ്യഘട്ട ചര്‍ച്ചകള്‍ക്കായി സജീവ്‌ പിള്ള എന്നെ സമീപിക്കുന്നത്. വിവേകിന്‍റെ വാക്കുകളില്‍നിന്നുമാണ് സജീവിനെയും സജീവിന്‍റെ കഥയേയും കുറിച്ചറിയുന്നത്.

ഇത്തരമൊരു കഥ പറയേണ്ട പശ്ചാത്തലം നൂറ്റാണ്ടുകള്‍ക്ക് പിന്നിലായതുകൊണ്ടും നിര്‍മ്മാണത്തിന് വലിയ മുടക്കുമുതല്‍ ആവശ്യം വരുമെന്ന് അറിയാവുന്നത് കൊണ്ടും ഒരു തുടക്കക്കാരനെ കൊണ്ട് ചിത്രം സംവിധാനം ചെയ്യിക്കാന്‍ ആദ്യം മനസ്സ് വന്നില്ലെങ്കിലും, താന്‍ പല മുന്‍നിര സംവിധായകരുടെയും അസോസിയേറ്റായും ചെറിയ ചില സിനിമകള്‍ സ്വതന്ത്രമായും എടുത്തിട്ടുണ്ടെന്ന സജീവ്‌പിള്ളയുടെ വാക്കുകളെ വിശ്വസിച്ചു കൊണ്ടും ആത്മ വിശ്വാസത്തെ അംഗീകരിച്ചു കൊണ്ടുമാണ് ചില വ്യവസ്ഥകളോടെ സിനിമ ആരംഭിക്കാന്‍ തയ്യാറായത്.

കഥയുമായി ബന്ധപ്പെട്ട പല ചര്‍ച്ചകള്‍ക്കിടയിലും സജീവ്‌ മുന്‍പ് ചെയ്ത സിനിമകള്‍ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞ് സജീവ്‌ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടു പോകുകയാണ് ഉണ്ടായത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വിശ്വാസത്തില്‍ എടുത്തുകൊണ്ട് പരസ്പരമുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഒരു എഗ്രിമെന്റ് ഉണ്ടാക്കുകയും അദ്ദേഹത്തിന്‍റെ അഡ്വക്കെറ്റ് ആവശ്യപ്പെട്ടെന്നു പറഞ്ഞ രണ്ട് തിരുത്തലുകള്‍ക്ക് ശേഷം 13/9/17 ല്‍ഇരു കക്ഷികളും മൂന്ന് സാക്ഷികള്‍ മുൻപാകെ എഗ്രിമെന്റിൽ ഒപ്പിടുകയും ചെയ്തു.

എഗ്രിമെന്റ് പ്രകാരം മൂന്ന് ലക്ഷം രൂപ സ്ക്രിപ്റ്റിന്‍റെ പ്രതിഫലമായും ഇരുപത് ലക്ഷം രൂപ സംവിധാനത്തിനുള്ള പ്രതിഫലവുമായാണ് നിശ്ചയിച്ചിരുന്നത്. ഇതില്‍ സ്ക്രിപ്റ്റിന്റെ മൂന്നു ലക്ഷം രൂപയടക്കം 21,75,000 രൂപയും കൊടുത്തിട്ടുള്ളതാണ്. എഗ്രിമെന്റിലെ മൂന്നാം പേജിലെ ‘D’ clause പ്രകാരം മൂന്നുലക്ഷം പ്രതിഫലം വാങ്ങി സ്ക്രിപ്റ്റും അതിനോട് ബന്ധപ്പെട്ടുള്ള എല്ലാ അവകാശങ്ങളും, കഥ, തിരക്കഥ, സംഭാഷണം, കണ്സെപ്റ്റ്, എല്ലാ വിധത്തിലുമുള്ള കോപ്പി റൈറ്റ്സും സംവിധായകന്‍ നിര്‍മ്മാതാവിന് കൊടുത്തിട്ടുള്ളതാണ്.

സംവിധായകന്‍റെ പരിചയക്കുറവ് ആദ്യ ഷെഡ്യൂള്‍ ഷൂട്ട് തുടങ്ങുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ബോധ്യം വന്നതിനാല്‍ പത്തു ദിവസം മാത്രമുള്ള ഒരു ടെസ്റ്റ്‌ ഷെഡ്യൂള്‍ ആയാണ് ഒരു നിശ്ചിത ബജറ്റിൽ ആദ്യ ഷെഡ്യൂള്‍ മംഗലാപുരത്ത് പ്ലാന്‍ ചെയ്തത്. എന്നാല്‍ പറഞ്ഞുറപ്പിച്ച ബജറ്റിന്റെ മൂന്നിരട്ടി ചിലവാകുകയും സിനിമയുടെ ക്വാളിറ്റി ഒരു തരത്തിലും ഉപയോഗിക്കാന്‍ പറ്റുന്ന വണ്ണം ആയിരുന്നില്ല. എഡിറ്റിന് ശേഷമാണ് ക്വാളിറ്റിയെ കുറിച്ച് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. എന്നാല്‍ ഷൂട്ടിന്‍റെ ഇടയില്‍തന്നെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കിടയിലും അഭിനേതാക്കള്‍ക്കിടയിലും സംവിധായകന്‍റെ പരിചയക്കുറവ് ചര്‍ച്ചയായിരുന്നു. ഏതാണ്ട് നാല് സിനിമയ്ക്കുള്ള ഫുട്ടെജ് ആണ് വളരെ ചെറിയ ഷെഡ്യൂളില്‍ ആത്മ വിശ്വാസക്കുറവ് കാരണം ഈ സംവിധായകന്‍ എടുത്ത് കൂട്ടിയത്. ഇതിനെ തുടര്‍ന്ന് സംവിധായകന്‍ സജീവ്‌പിള്ള തന്‍റെ കുറവുകള്‍ ഏറ്റു പറയുകയും പരിചയ സമ്പത്തുള്ള രണ്ട് അസോസിയേറ്റ് ഡയറക്ടര്‍മാരെ ആവശ്യപ്പെടുകയും ചെയ്തു.

Read more: ‘മാമാങ്ക’ത്തെ കുറിച്ച് കേൾക്കുന്ന വാർത്തകൾ സങ്കടകരം: റസൂൽ പൂക്കുട്ടി

തെറ്റ് തിരുത്തി മുന്നോട്ടു പോകാമെന്നുള്ള സജീവിന്‍റെ ഉറപ്പിലാണ് ആവശ്യപ്പെട്ട പരിചയ സമ്പന്നരായ രണ്ട് അസോസിയേറ്റ്സിനെ ഉള്‍പ്പെടുത്തി രണ്ടാം ഷെഡ്യൂള്‍ ഷൂട്ട്‌ ആരംഭിച്ചത്. 45 ദിവസം പ്ലാന്‍ ചെയ്ത സെക്കന്റ് ഷെഡ്യൂള്‍ ആരംഭിച്ചതിനു ശേഷം മുന്‍തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പുതിയ രണ്ട് അസോസിയേറ്റ്സിന്‍റെ സേവനം ഉപയോഗപ്പെടുത്തുവാനോ മുതിര്‍ന്ന അഭിനേതാവിന്‍റെ നിര്‍ദ്ദേശങ്ങള്‍പോലും ചെവിക്കൊള്ളാതെ കര്‍ക്കശ സ്വഭാവം പിടിക്കുകയും ആദ്യ ഷെഡ്യൂള്‍പോലെ തന്നെ സിനിമയില്‍ ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കാത്ത സീനുകള്‍ ആണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഇരുപത്തിയേഴാം ദിവസം ഷൂട്ടിംഗ് നിര്‍ത്തിവെച്ചു.

എന്നാല്‍ സിനിമയുടെ ആകെ ചെയ്ത 37 ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ബജറ്റ് തുകയുടെ 70 ശതമാനത്തോളം ചിലവാകുകയും ഡാന്‍സ്, ഫൈറ്റ് മാസ്റ്റർമാർ ചെയ്ത രണ്ട് ഡാന്‍സുകളും ഒരു ഫൈറ്റും അല്ലാതെ മറ്റൊരു ഭാഗവും ഈ സിനിമക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇക്കാര്യം മലയാള സിനിമയിലെ പല പ്രമുഖ സംവിധായകരും സാങ്കേതിക വിദഗ്ദരും കണ്ട് ബോധ്യപ്പെട്ടതാണ്. ഈ സിനിമ മുന്നോട്ടു കൊണ്ടുപോകാനായി മുതിര്‍ന്ന അഭിനേതാവിന്‍റെ മധ്യസ്ഥതയില്‍ പ്രധാനപ്പെട്ട എല്ലാവരും ചേര്‍ന്ന് ഒരു മീറ്റിംഗ് നടത്തുകയും ഒരു ക്രിയേറ്റീവ് ഡയറക്ടറെ വെച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചു പിരിയുകയും ഡയറക്ടര്‍ ഏകപക്ഷീയമായി ഈ തീരുമാനത്തില്‍നിന്ന് പിന്തിരിയുകയും ഉണ്ടായി. ഇതിനു ശേഷം ഒന്നും സംഭവിച്ചതായി ഭാവിക്കാതെ എന്നാല്‍, പിന്നീട് കോടതിയില്‍ ഉപയോഗിക്കാനാണെന്ന് വ്യക്തമാകുന്ന വിധത്തില്‍ ജൂലൈ 13, ഒക്ടോബര്‍ ഏഴ് എന്നീ ദിവസങ്ങളില്‍ ഞാന്‍ ഭംഗിയായി ഷൂട്ട്‌ ചെയ്തെന്നും ഇനിയെന്നാണ് അടുത്ത ഷൂട്ടിംഗ് എന്നെല്ലാം ചോദിച്ചു കൊണ്ട് സംവിധായകൻ മെയിൽസന്ദേശം അയച്ചു. സംവിധായകനുമായി മുന്നോട്ടു പോകാന്‍ സാധ്യമല്ല എന്ന് ബോധ്യപ്പെട്ടതിനാല്‍ 2017 സെപ്തംബർ 13 ൽ ഒപ്പുവച്ച എഗ്രിമെന്റിലെ clause 7-2.5 അനുസരിച്ച് 2018 ഒക്ടോബർ 10 ന് ടെര്‍മിനേഷന്‍ നോട്ടീസ് അയച്ചു.

എങ്കിലും 2018 നവംബർ 12 ന് ഫിലിം ചേംബറും ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്നൊരു മീറ്റിംഗ് സംഘടിപ്പിക്കുകയും അതില്‍ ഡയറക്ടറും പ്രൊഡ്യൂസരും കൂടാതെ പത്ത് യൂണിയന്‍ പ്രതിനിധികളും ഉണ്ടായിരുന്നു. പ്രസ്തുത മീറ്റിങ്ങില്‍ വിഷയം എങ്ങനെ തീര്‍പ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന അസോസിയേഷനുകളുടെ ചോദ്യത്തിന് ഞാന്‍ ചില നിർദ്ദേശങ്ങൾ പറയുകയുണ്ടായി.
1.സജീവ്‌പിള്ള മറ്റേതെങ്കിലുമൊരു നിര്‍മ്മാതാവുമായി വന്നാല്‍ ചിലവായ തുകയ്ക്ക് പകരമായി (ഓഡിറ്റ് ചെയ്ത കണക്ക് പ്രകാരം) മുഴുവന്‍ അവകാശങ്ങളും ഇതുവരെ ഷൂട്ട്‌ചെയ്ത ഫൂട്ടേജും കൊടുക്കാന്‍ തയ്യാറാണ്.
2.ഈ സംവിധായകനെ വച്ചു കൂടുതല്‍ നഷ്ടം വരുത്താന്‍ ഇനിയും കഴിയാത്തതിനാല്‍ സിനിമ ഇവിടെ വച്ചു നിര്‍ത്താന്‍ നിര്‍ബന്ധിതനാവുകയാണ്.
3. 13/7/17 ല്‍ ഒപ്പ് വച്ച എഗ്രിമെന്റ് പ്രകാരം സംവിധായകനെ മാറ്റി പകരം മറ്റൊരാളെ നിയോഗിക്കാനുള്ള അധികാരം നിര്‍മ്മാതാവിന് ഉണ്ടായിരിക്കും

എന്നാല്‍ മറ്റൊരു നിര്‍മ്മാതാവിനെ കൊണ്ടുവരാന്‍ തനിക്കാവില്ലെന്ന് സജീവ്‌പിള്ള തുറന്നു സമ്മതിക്കുകയും ഇത്രയധികം ചിലവ് ചെയ്ത ശേഷം സിനിമ നിര്‍ത്തി പോകേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്നും, എന്നാല്‍ സംവിധായകനെ മാറ്റുന്നത് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ആയതിനാല്‍ മറ്റൊരു സീനിയര്‍ സംവിധായകനെ കൊണ്ടുവന്ന് സിനിമ പൂര്‍ത്തിയാക്കണം എന്നും ചർച്ചക്കെത്തിയ സംഘടനകൾ അഭിപ്രായപ്പെട്ടു.

അങ്ങനെ എല്ലാവരും ചേര്‍ന്നെടുത്ത തീരുമാന പ്രകാരം ഒരു മുതിർന്ന സംവിധായകനെ വച്ച് സിനിമയുടെ ഷൂട്ടിങ്ങും അനുബന്ധ ജോലികളും മുഴുമിപ്പിക്കാന്‍ തീരുമാനിച്ചു. പുതിയ സംവിധായകനെ തീരുമാനിക്കാനുള്ള അവകാശം പ്രൊഡ്യൂസറെ ഏല്‍പ്പിക്കുകയും അസോസിയേഷന്‍ ഭാരവാഹികളും പ്രൊഡ്യൂസറും സംവിധായകനും മീറ്റിംഗ് മിനിറ്റ്സില്‍ ഒപ്പിട്ടിട്ടുള്ളതാണ്.

Read more: ‘മാമാങ്ക’ത്തില്‍ സംഭവിക്കുന്നതെന്ത്? സംവിധായകനും നിര്‍മ്മാതാവും ‘ഫെഫ്ക്ക’യും പറയുന്നു

ഇതേ തുടര്‍ന്ന് നിര്‍മ്മാതാക്കളുടെ അസോസിയേഷനും ഫെഫ്ക്കയും ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ സീനിയര്‍ സംവിധായകനായ എം പദ്മകുമാരിന്‍റെ പേര് പരാമര്‍ശിക്കുകയും, പദ്മകുമാരുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ഇത്തരം പ്രശ്നങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ ഈ ചിത്രം ചെയ്യാന്‍ താല്പര്യക്കുറവുണ്ടെന്നും തന്നെ ഒഴിവാക്കി തരണമെന്നും പദ്മകുമാര്‍ ഫെഫ്ക്കയോടും പ്രൊഡ്യൂസേഴ്സ് അസോസിയേഷനനോടും ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ രണ്ട് അസോസിയേഷനുകളുടെയും ശക്തമായ ആവശ്യ പ്രകാരമാണ് എം പദ്മകുമാര്‍ ഈ പ്രോജക്റ്റ് ഏറ്റെടുത്തിട്ടുള്ളത്. ഏറ്റെടുക്കുന്നതിനു മുന്‍പ് മുന്‍സംവിധായകന്‍ സജീവ്‌പിള്ളയുമായി അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം പദ്മകുമാര്‍ സംസാരിക്കുകയും സജീവ്‌പിള്ള സഹകരിക്കാമെന്ന് പറയുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ എം പദ്മകുമാര്‍ ഈ സിനിമ ചെയ്യാന്‍ സമ്മതം അറിയിച്ചത്. തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എം പദ്മകുമാറിനെ വച്ച് സിനിമ പൂര്‍ത്തിയാക്കുവാനും കാര്യങ്ങള്‍ സുഗമായി നടത്താനായി അസോസിയേഷന്‍റെ ഭാഗത്ത് നിന്നും ശ്രീ. രാധാകൃഷ്ണനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഈ ഉറപ്പിനെ തുടര്‍ന്ന് നാലിടത്തായി സെറ്റ് വര്‍ക്കുകള്‍ വീണ്ടും ആരംഭിക്കുകയും മുന്നൂറോളം തൊഴിലാളികള്‍ പ്രത്യക്ഷത്തിലും അറുന്നൂറോളം പേര്‍ പരോക്ഷമായും പണിയെടുത്തു കൊണ്ട് മൂന്ന് കോടിയോളം ഇപ്പോള്‍ തന്നെ ചിലവാക്കി മൂന്നാം ഷെഡ്യൂള്‍ സെറ്റ് വര്‍ക്ക് അവസാന ഘട്ടത്തിലെത്തുകയും, ജനുവരി 25ന് ഷൂട്ട്‌ പ്ലാന്‍ചെയ്ത് മുന്നോട്ടു പോകുമ്പോളാണ് ജാനുവരി 16 ന് സജീവ്‌പിള്ളയുടെ വക്കീല്‍നോട്ടീസ് എനിക്ക് കിട്ടുന്നത്. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പരാമര്‍ശിച്ചു കൊണ്ട് ഭീഷണി സ്വരത്തിലായിരുന്നു ഈ നോട്ടീസ്. ഇതുവരെയായി നിര്‍മ്മാതാവ് സംവിധായകന് പണം ഒന്നും തന്നെ കൊടുത്തിട്ടില്ലെന്നും മറ്റുമുള്ള പച്ച കള്ളങ്ങളായിരുന്നു ഈ നോട്ടീസില്‍.

13/9/2017 എഗ്രിമെന്റിലെ ക്ലോസ് നമ്പർ 16 അനുസരിച്ച് നോട്ടീസ് അയക്കുകയാണെങ്കില്‍ അയക്കേണ്ട അഡ്രസ്സ്, സജീവ്‌പിള്ള, ശ്രീനിലയം, കൊപ്പം, വിതുര പിഒ, തിരുവനന്തപുരം എന്നായിരിക്കണം. ഈ അഡ്രസ്സ് വേരിഫൈ ചെയ്തതിനു ശേഷം മാത്രമേ അയക്കാവൂ എന്ന് വക്കീല്‍ പറഞ്ഞതിനാല്‍ അതനുസരിച്ച് സുഹൃത്തായ ഐജോയുടെ കൂടെ ജോലി ചെയ്യുന്ന രണ്ട് പേരെ തിരുവനന്തപുരം അയക്കുകയും വിതുര പോസ്റ്റ്‌ ഓഫീസില്‍ ജനുവരി പതിനെട്ടിന് പകല്‍ പതിനൊന്നരയ്ക്ക് അഡ്രസ്സ് വേരിഫൈ ചെയ്യുകയുണ്ടായി, തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ചെന്ന് ഈ അഡ്രസ്സ് ഏത് വില്ലേജിലെതാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു, അതില്‍നിന്നും ഇത് വിതുര വില്ലേജ് അല്ല ‘തവിയോട്’ വില്ലേജ് ആണെന്നും മനസ്സിലാക്കി തിരിച്ചു വരികയും ചെയ്തതാണ്. ഈ അഡ്രസ്സ് വെരിഫിക്കേഷന് പോയ വണ്ടിയില്‍ സജീവ്‌ പലതവണ യാത്ര ചെയ്തിട്ടുള്ളതും സ്റ്റാഫിനെ വളരെ നന്നായി അറിയുന്നതുമാണ്. എന്നാല്‍ ഈ അഡ്രസ്സ് വേരിഫിക്കേഷന്‍പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ ചിത്രീകരിച്ചു കൊണ്ട് കള്ളക്കേസ് കൊടുക്കാനും പൊതുജന മധ്യത്തില്‍ എന്നെയും കമ്പനിയെയും കരിവാരി തേക്കുവാനും ബ്ലാക്ക് മെയില്‍ചെയ്യാനും സിനിമയുടെ ചിത്രീകരണം മുടക്കുവാനും നിരന്തരം ശ്രമിച്ചു കൊണ്ട് പരാതികള്‍ അയക്കുകയും ഞങ്ങളുടെ സിനിമയെ ബോധപൂര്‍വ്വം തകര്‍ക്കുവാനും ശ്രമിക്കുന്ന സജീവ്‌പിള്ളയുമായി മാമാങ്കം സിനിമയ്ക്ക് ഇനി മേലില്‍ ബന്ധങ്ങളൊന്നും ഉണ്ടായിരിക്കുന്നതല്ല.

സജീവ്‌ കമ്പനിക്ക് വരുത്തി വെച്ച ഭീകര നഷ്ടങ്ങള്‍ക്കും കമ്പനിയുടെ സല്‍പ്പേര് ഇല്ലാതാക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര ശ്രമങ്ങള്‍ക്കും എഗ്രിമെന്റ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി മീഡിയക്ക് മുന്നില്‍ സിനിമയെ കളങ്കപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളും കണക്കിലെടുത്തു കൊണ്ട് നിയമപരമായി തന്നെ നഷ്ട പരിഹാരം ഈടാക്കുന്നതിനായി വേണ്ടി വരുന്ന നിയമ നടപടികളിലേക്കും കമ്പനി കടക്കുകയാണ്. എം പദ്മകുമാര്‍ എന്ന മികച്ച സംവിധായകന്‍റെ ക്രാഫ്റ്റിംഗ് മികവിനൊപ്പം ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദര്‍ കൂടി ചേരുമ്പോള്‍ മലയാളത്തില്‍നിന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ചലച്ചിത്രം ജനങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയുമെന്ന് തന്നെയാണ് എന്‍റെ വിശ്വാസം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mamankam malayalam movie mammootty controversy producer response

Next Story
കടമ്പകളുണ്ട്, പ്രതീക്ഷയും: മകന് മരുമകള്‍ കിഡ്നി ദാനം ചെയ്യുന്നതിനെക്കുറിച്ച് സേതുലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express