Latest News

‘മാമാങ്ക’ത്തിന് വേണ്ടി തണ്ണീര്‍ത്തടം നികത്തിയെന്ന് സംവിധായകന്‍, ഇല്ലെന്ന് നിര്‍മ്മാതാവ്

‘മാമാങ്കം’ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കായി എറണാകുളത്തു മരടില്‍ തണ്ണീര്‍ത്തടം നികത്തി എന്ന് സംവിധായകന്‍ സജീവ്‌ പിള്ള, ആരോപണം അടിസ്ഥാനരഹിതം എന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി

മമ്മൂട്ടി, മമ്മൂട്ടി മാമാങ്കം, മാമാങ്കം, mammootty, mamankam, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

വിവാദങ്ങളൊഴിയാതെ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’. ചിത്രത്തിന്റെ സംവിധായകന്‍ സജീവ്‌ പിള്ളയും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തില്‍ തിരക്കഥാകൃത്ത്‌ കൂടിയായ സംവിധായകനെ ചിത്രത്തില്‍ നിന്നും മാറ്റിയതാണ് വിവാദങ്ങളുടെ അടിസ്ഥാനം. ഫെഫ്ക ഉള്‍പ്പടെയുള്ള തൊഴില്‍ സംഘടനകളുടെ ഇടപെടല്‍ ഉണ്ടായിട്ടും എങ്ങുമെത്താതെ തുടരുകയാണ് ‘മാമാങ്ക’ പ്രശ്നങ്ങള്‍. അതില്‍ ഏറ്റവും പുതിയത് എറണാകുളത്ത് മരടില്‍ ചിത്രീകരണത്തിനായി തണ്ണീര്‍ത്തടം നികത്തി എന്ന സംവിധായകന്റെ ആരോപണമാണ്.

ചിത്രവുമായി ബന്ധപ്പെട്ടു ഇത് വരെ നടന്ന ചിത്രീകരണത്തില്‍ സംവിധായകന്റെ പരിചയക്കുറവു മൂലം വലിയ നഷ്ടമുണ്ടായി എന്നും പരിഹാരം വേണം എന്നും കാണിച്ചു നിര്‍മ്മാതാവ് സംവിധായകന് നോട്ടീസ് അയച്ചിരുന്നു.  അതിനു മറുപടിയായി എഴുതിയ കുറിപ്പിലാണ് സജീവ്‌ പിള്ള ഇക്കാര്യം ആരോപിച്ചത്.  സിനിമ മാത്രമാണ് തന്റെ താത്പര്യം എന്നും നിര്‍മ്മാതാവിന്റെ ഉന്നം സിനിമ മാത്രമായിരുന്നോ എന്ന് സംശയമാണ് എന്നും മാധ്യമങ്ങളുമായി പങ്കു വച്ച തന്റെ കുറിപ്പില്‍ സജീവ്‌ പറയുന്നു.

“അദ്ദേഹത്തിന് സിനിമ മറ്റു ചില മേഖലകളിലേക്കുള്ള വഴിയാവുകയാണോ എന്നു തോന്നുന്ന സന്ദര്‍ഭങ്ങളുണ്ടായി. സിനിമാബാഹ്യമായ ലക്ഷ്യങ്ങളില്‍ സംശയം പ്രകടിപ്പിച്ചിടത്തു നിന്നു തുടങ്ങിയ പകയാണ് ഇപ്പോള്‍ എന്നെ പുറത്താക്കി എന്ന് അദ്ദേഹം പറയുന്നതു വരെ കാര്യങ്ങളെ എത്തിച്ചത്.”

Image may contain: one or more people, people standing, sky, outdoor and nature
‘മാമാങ്കം’ ചിത്രീകരണം: ആക്ഷന്‍ സംവിധായകന്‍ കെച്ച കെമ്പഖടെ

സിനിമയുടെ രണ്ടാം ഘട്ട ഷൂട്ടിങ് എവിടെ വേണമെന്നുള്ള കാര്യത്തിലാണ് ആദ്യത്തെ ഭിന്നത തുടങ്ങുന്നത് എന്നാണ് സജീവിന്റെ വിശദീകരണം. ഒന്നുകിൽ വലിയ സ്റ്റുഡിയോയില്‍, അല്ലെങ്കിൽ, സമാനമായ ആർക്കിടെക്ചറും ലാൻഡ്സ്കേപ്പും ഉള്ള മംഗലാപുരം മേഖലയില്‍.  അതുമല്ലെങ്കിൽ മാമാങ്കവുമായി ചരിത്രപരമായി ബന്ധമുള്ള തിരുനാവായ മേഖലയില്‍ സെറ്റിട്ടു കൊണ്ട് – ഇതൊക്കെയായിരുന്നു സീറ്റിനായി സജീവ്‌ നിര്‍ദ്ദേശിച്ചത്.  എന്നാല്‍, നിര്‍മ്മാതാവിന് ഷൂട്ടിങ് എറണാകുളത്ത് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സ്ഥലത്ത് (എറണാകുളം മരട് വൈറ്റ് ഫോര്‍ട്ട്‌ ഹോട്ടലിന് എതിര്‍വശത്തുള്ള ബണ്ട് റോഡില്‍ ഉള്ള)  സെറ്റിട്ടാല്‍ മതി എന്നായിരുന്നു. അങ്ങനെ സെറ്റൊരുക്കുന്നത് ചെലവ് കൂടുന്നതിനിടയാക്കും എന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സ്വന്തം നിലയ്ക്ക് അദ്ദേഹം പദ്ധതിയുമായി മുന്നോട്ടു പോവുകയായിരുന്നു എന്നും സജീവ്‌ കുറിപ്പില്‍ പറയുന്നു.

Read More: പറഞ്ഞുറപ്പിച്ച ബജറ്റിന്റെ മൂന്നിരട്ടി ചിലവായി, ചിത്രീകരിച്ച ഭാഗങ്ങള്‍ക്ക് നിലവാരമില്ല: ‘മാമാങ്കം’ സംവിധായകനെ മാറ്റിയതിനെക്കുറിച്ച് നിര്‍മ്മാതാവ്

“സെറ്റ് നിര്‍മ്മിക്കാന്‍ വേണ്ടി തണ്ണീര്‍ത്തടം മണ്ണിട്ടു നികത്തിയപ്പോഴാണ് പാരിസ്ഥിതികവും നിയമപരവുമായ ചില അപകടങ്ങള്‍ എനിക്ക് ശ്രദ്ധിക്കേണ്ടി വന്നത്. അതു ചോദിച്ചപ്പോള്‍ ആവശ്യമായ അനുമതി വാങ്ങിയിട്ടുണ്ട് എന്നായിരുന്നു മറുപടി. ഷൂട്ടിങ് കഴിഞ്ഞാല്‍ സ്ഥലം വീണ്ടും തണ്ണീര്‍ത്തടമാകും എന്ന ഉറപ്പും പറഞ്ഞു. കേരളത്തില്‍ നികത്തിയെടുത്ത വയലുകളോ തണ്ണീര്‍ത്തടങ്ങളോ പിന്നെ പൂര്‍വ്വസ്ഥിതിയിലേക്കു തിരിച്ചു വന്നിട്ടില്ല എന്ന ഉല്‍ക്കണ്ഠ ഞാന്‍ പങ്കുവച്ചു. അപ്പോഴാണ്, ഇതു സംവിധായകനുമായി ബന്ധപ്പെട്ട വിഷയമല്ല എന്നു പറഞ്ഞ നിര്‍മ്മാതാവ്, ആദ്യമായി, സംവിധായകനെ മാറ്റാനുള്ള അധികാരത്തെപ്പറ്റി എന്നെ ഓര്‍മ്മിപ്പിക്കുന്നത്. ഭീഷണി അവിടെയാണ് തുടങ്ങുന്നത്. എറണാകുളത്തെ ചില ഉന്നത നേതാക്കള്‍ അദ്ദേഹവുമായി അടുപ്പമുള്ളവരാണ്. അഖിലേന്ത്യാ തലത്തില്‍ത്തന്നെ അദ്ദേഹത്തിനു നല്ല സ്വാധീനമുണ്ട്.”

സിനിമയ്ക്ക് വേണ്ടി ഭീമമായ തുക ചെലവാക്കി എന്ന് അവകാശപ്പെടുന്നതിന്റെ സിംഹഭാഗം പോയിരിക്കുന്നത് തണ്ണീർത്തടം മണ്ണിട്ടു മൂടുന്നതിലാണെന്നും സജീവ് പിള്ള തന്റെ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

“ഓരോ ഷെഡ്യൂളിനും ഓരോ സ്വഭാവവും സ്‌കെയിലുമാണ്. ഒന്നാം ഘട്ടത്തിലേതില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം ഘട്ടത്തില്‍ പ്രതിദിന ചെലവുകള്‍ വളരെ കുറവായിരുന്നു. എന്നാല്‍ മൊത്തത്തില്‍ ബജറ്റ് വളരെ ഉയരുകയും ചെയ്തു. കാരണം കലാസംവിധാനത്തിന് വേണ്ടി വന്ന ഭീമമായ തുകയാണ്. അതിന് ഞാന്‍ ഒരുവിധേനയും ഉത്തരവാദി അല്ല. ഒട്ടും അനുയോജ്യമല്ലായെന്ന് ആവര്‍ത്തിച്ച് പറഞ്ഞ, വെള്ളക്കെട്ടും തണ്ണീര്‍ത്തടവും നിറഞ്ഞ സ്ഥലത്ത് സെറ്റിട്ടേ മതിയാവൂ എന്ന് നിര്‍മ്മാതാവ് വാശി പിടിച്ചു. ചെറുത്ത് നിന്നെങ്കിലും നിവൃത്തിയില്ലാതെ എനിക്ക് വഴങ്ങേണ്ടി വന്നു. അതാണ് ചെലവ് കൂടാനുള്ള കാരണം. മണ്ണിട്ട് മൂടി തറയൊരുക്കാന്‍ തന്നെ കൂറ്റന്‍ തുക ആയിട്ടുണ്ട്. ഇതു സിനിമയ്ക്കുള്ള നിക്ഷേപമായി കൂട്ടണമോ എന്നും ചോദ്യമുണ്ട്. നിര്‍മ്മാതാവിന്റെ സിനിമാബാഹ്യമായ ബിസിനസ് താല്‍പര്യങ്ങളുടെ ചെലവുകളും സിനിമയുടെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനെ അംഗീകരിക്കാനാവില്ല,” സജീവ് കൂട്ടിച്ചേർക്കുന്നു.

സജീവ് പിള്ളയുടെ പത്രക്കുറിപ്പിന്റെ പൂർണരൂപം

സജീവിന്‍റെത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍, അവിടെ ഒരു ലോഡ് മണ്ണ് പോലും ഇറക്കിയിട്ടില്ല: നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി

സജീവിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്, തീര്‍ത്തും നിയമാനുസൃതമായിട്ടാണ് അവിടെ ചിത്രീകരണം നടന്നത് എന്ന് നിര്‍മ്മാതാവു വേണു കുന്നപ്പള്ളി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് പറഞ്ഞു.

“പതിനാറാം നൂറ്റാണ്ടില്‍ നടന്ന ഒരു കഥയാണല്ലോ. പടിപ്പുര, ആനക്കൊട്ടില്‍ ഇവയൊക്കെ ആവശ്യമായി വരും. അപ്പോള്‍ സ്വാഭാവികമായും സെറ്റിടേണ്ടി വരും. രണ്ടു സാധ്യതകളാണ് ആദ്യം പരിഗണിച്ചത് -വരിക്കാശ്ശേരി മനയും ഹൈദരാബാദ് റാമോജി റാവു ഫിലിം സ്റ്റുഡിയോയും. രണ്ടും ഉയര്‍ന്ന ചെലവ് വരുന്നവയായിരുന്നു. അറുപതു മുതല്‍ എഴുപതു ദിവസം വരെയാണ് അന്നത്തെ ഷൂട്ടിംഗ് പറഞ്ഞത്. അപ്പോള്‍ വലിയ തുക വേണ്ടി വരും. വരിക്കാശ്ശേരി മന, ഇപ്പോള്‍ ഉള്ള പോലെയല്ലാതെ ചില മാറ്റങ്ങള്‍ ചെയ്തു വേണം ഉപയോഗിക്കാന്‍.  മാത്രമല്ല മലയാള സിനിമയില്‍ ഇതിനു മുന്‍പും ധാരാളം കണ്ടിട്ടുള്ളതുമായ ലൊക്കേഷന്‍ ആണ് എന്നത് കൊണ്ട് അത് മാറ്റി ആലോചിച്ചു. റാമോജിയിലാകട്ടെ, അവരുടെ തന്നെ എല്ലാ ഫെസിലിറ്റികള്‍ ഉപയോഗിക്കണം എന്ന് നിബന്ധനയുമുണ്ട്. ഇതെല്ലം കൂടി കണക്കിലെടുത്ത് കൊച്ചിയില്‍ ഒരു സ്ഥലത്ത് സെറ്റിടാം എന്ന് തീരുമാനമായി.”

Image may contain: 6 people, people smiling, people standing
‘മാമാങ്കം’ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചപ്പോള്‍

കേരളത്തില്‍ സെറ്റിട്ടു ഷൂട്ട്‌ ചെയ്യാം എന്ന തന്റെ ആശയത്തെ ഒരുപാട് പേര്‍ എതിര്‍ത്തിരുന്നു എന്നും ഇവിടെ പല തരത്തില്‍ ഉള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് മുന്‍കൂട്ടി പറഞ്ഞിരുന്നതായും വേണു കുന്നപ്പിള്ളി വെളിപ്പെടുത്തി. എങ്കിലും ഇത്തരത്തില്‍ ഒരു ഷൂട്ടിംഗ് ഇവിടെ നടത്തിയെടുക്കാന്‍ സാധിച്ചാല്‍ ഇനി വരുന്നവര്‍ക്ക് അതൊരു ധൈര്യമാകുമല്ലോ എന്നൊരു ആലോചനയിലാണ് കൊച്ചിയില്‍ തന്നെ ചിത്രീകരണം നടത്താന്‍ മുന്നിട്ടിറങ്ങിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“മരടില്‍ വൈറ്റ് ഫോര്‍ട്ട്‌ ഹോട്ടലിന് എതിര്‍വശത്ത് എട്ടേക്കര്‍ വരുന്ന സ്ഥലമാണ് അതിനായി കണ്ടെത്തിയത്. എറണാകുളത്ത് ബി ജി എസ് ഗ്രൂപ്പ്‌ എന്നൊരു കമ്പനിയുടേതാണ് ആ സ്ഥലം. ജോയിന്റ് വെഞ്ചുര്‍ ആയി ഡെവലപ്പ് ചെയ്തു ആ സ്ഥലത്ത് ഫ്ലാറ്റ് ഉണ്ടാക്കാനായി സര്‍ക്കാരില്‍ നിന്നും അനുവാദമൊക്കെ വാങ്ങിയിരിക്കുകയാണ് അവര്‍. പക്ഷേ വലിയ സ്ഥലമായതിനാല്‍ ജോയിന്റ് വെഞ്ചുറിന് കൂടെ ആളെക്കിട്ടാന്‍ ഉള്ള കാലതാമസവും ഞങ്ങളുടെ ആവശ്യവും പരിഗണിച്ചു അത് ഞങ്ങള്‍ക്ക് തരാം എന്ന് ധാരണയായി. ഈ ഭൂമിയുടെ എട്ടേക്കറില്‍ ഏകദേശം ആറേക്കര്‍ വരുന്ന സ്ഥലം ലാന്‍ഡ്‌ തന്നെയാണ് ,പക്ഷേ വേലിയേറ്റം വരുമ്പോള്‍ വെള്ളം പൊന്തും, ചെളിയൊക്കെയായിട്ടു കിടക്കുന്ന സ്ഥലമാണ്. ബാക്കി രണ്ടേക്കര്‍ സ്ഥലം, അതിന്റെ നടുക്കൊരു തെങ്ങ് നില്‍പ്പുണ്ട്, ഒരു ഒറിജിനല്‍ ലാന്‍ഡ്‌ ആണ്. ആ ലാന്‍ഡിന്റെ തൊട്ടു അരികിലാണ് അതിന്റെ ബൌണ്ടറി വരുന്നത്, അത് കഴിഞ്ഞാല്‍ കോണ്‍ക്രീറ്റ് ബില്‍ഡിംഗ്‌ ഒക്കെയുണ്ട്. ആ ലാന്‍ഡില്‍ സെറ്റിടാം എന്ന് തീരുമാനിച്ചു. പതിനൊന്നു മാസത്തേക്കോ മറ്റോ അഗ്രീമെന്റ് എഴുതി. മരട് മുനിസിപ്പാലിറ്റിയില്‍ സബ്മിറ്റ്‌ ചെയ്തു ഓക്കേ ആയി. പിന്നീട് സര്‍വേയര്‍ വന്നു മാര്‍ക്ക്‌ ചെയ്തു തന്ന സ്ഥലത്താണ്, സെറ്റിട്ടത്. അവര്‍ പറഞ്ഞതിന് അപ്പുറത്തേക്ക് പോകരുത് എന്നുള്ളത് കൊണ്ട് ഞങ്ങളെക്കൊണ്ട് അവിടെ അവരൊരു വേലിയും കെട്ടിച്ചു.”

ഇതൊന്നും അറിയാതെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നും അവിടെ ഒരു ലോഡ് മണ്ണ് പോലും തങ്ങള്‍ ഇറക്കിയിട്ടില്ല എന്നും വേണു കുന്നപ്പിള്ളി അടിവരയിട്ടു. റാമോജി പോലെയുള്ള ഇടങ്ങളില്‍ തുക കൂടുതലാകും എന്ന് കരുതി വേണ്ടായെന്നു വച്ച താന്‍ ഇവിടെ മണ്ണിട്ട്‌ നികത്തുക പോലുള്ള വലിയ ചെലവുള്ള പരിപാടികള്‍ക്ക് പോകേണ്ട കാര്യമില്ല. തങ്ങള്‍ കെട്ടിയ വേലിയും, ചെളി നിറഞ്ഞ ആ ഇടവും എല്ലാം ഇപ്പോഴും അങ്ങനെ തന്നെയുണ്ട്‌. ആര്‍ക്കു വേണമെങ്കിലും പോയി പരിശോധിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇതിനായി മാത്രം കൂടുതല്‍ കാശ് ചെലവായി എന്നൊക്കെ പറയുന്നതില്‍ സത്യമില്ല.  സിനിമയ്ക്കായി ചെലവാക്കിയ പൈസയ്ക്ക് ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ ഉണ്ട്.”

 

പ്രസ്തുത സ്ഥലത്ത് സെറ്റിടാനായി മുംബൈയിലേയും കേരളത്തിലേയും കലാസംവിധായകരെ സമീപിച്ചു എന്നും അവരെല്ലാം വലിയ തുക പറഞ്ഞതു കൊണ്ട്, എറണാകുളത്തു തന്റെ കെട്ടിടം നിര്‍മ്മിക്കുന്നവരില്‍ നിന്നും സഹായം തേടി എന്നും വേണു കുന്നപ്പിള്ളി വെളിപ്പെടുത്തി.

“ക്രൌണ്‍ പ്ലാസ ഹോട്ടലിന് മുന്‍പില്‍ ഉള്ള പതിനെട്ട് നില ബില്‍ഡിംഗ്‌ എന്റെതാണ്.  അവിടെ ജോലി ചെയ്യുന്നവരുടെ സഹകരണത്തോടെയാണ് ഞാന്‍ സെറ്റിന്റെ സ്ട്രക്ച്ചര്‍ ഉണ്ടാക്കിയെടുത്തത്.  ഇതെല്ലം തന്നെ ചെയ്തത് ചെലവു കുറയ്ക്കണം എന്ന ഉദ്ദേശത്തോടെയാണ്. ”

‘മാമാങ്ക’ത്തില്‍ നിന്നും സജീവിനെ മാറ്റാന്‍ ഉണ്ടായ തീരുമാനത്തിന് മേല്‍പ്പറഞ്ഞ കാര്യങ്ങളുമായി ഒരു ബന്ധവും ഇല്ല, അദ്ദേഹം ചിത്രീകരിച്ച രംഗങ്ങളുടെ നിലവാരമില്ലായ്മയാണ് അതിനു പ്രേരിപ്പിച്ചത് എന്നും നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mamankam malayalam movie mammootty controversy director sajeev pillai producer venu kunnappilly response

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com