Mamankam movie updates: വിവാദങ്ങൾക്കിടയിലും അവസാനഘട്ട ചിത്രീകരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ‘മാമാങ്കം.’ വലിയ ക്യാൻവാസിൽ ഒരുക്കുന്ന ഈ ചിത്രം കഥയുടെ വലിപ്പം കൊണ്ട് ആദ്യം മുതൽ തന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. അടുത്തിടെ താരങ്ങളെയും സംവിധായകനെയും മാറ്റിയതടക്കമുള്ള വിവാദങ്ങളും ‘മാമാങ്ക’ത്തെ വാർത്തകളിൽ സജീവമാക്കിയിരുന്നു. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ നടക്കുകയാണിപ്പോൾ. 18 ഏക്കറിൽ രണ്ടായിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളെ വെച്ചാണ് അവസാന ഷെഡ്യൂൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. എറണാകുളം നെട്ടൂരിലാണ് അവസാന ഷെഡ്യൂളിനുള്ള സെറ്റ് ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ഏറ്റവും പ്രാധാന്യമുള്ള മാമാങ്കം രംഗങ്ങളാണ് ഇനി പ്രധാനമായും ചിത്രീകരിക്കാനുള്ളത് എന്നാണ് റിപ്പോർട്ട്. ഇന്നലെ ആരംഭിച്ച അവസാന ഷെഡ്യൂൾ ജൂൺ 15 വരെ നീളും. 40 ദിവസത്തെ ഷൂട്ടാണ് ഇനിയുള്ളത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്ന ‘മാമാങ്കം’ എന്ന ചരിത്രസിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്. 12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തില്‍ പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട ചാവേറുകളുടെ കഥയാണ് ചിത്രം പറയുന്നത്. ഉണ്ണിമുകുന്ദന്, അനു സിത്താര, കനിഹ, നീരജ് മാധവ്, പ്രാചി ദേശായി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘ബാഹുബലി’യ്ക്ക് വി എഫ് എക്സ് ഒരുക്കിയ അതേ ടീം തന്നെയാണ് ‘മാമാങ്ക’ത്തിന്റെയും ദൃശ്യവിസ്മയം ഒരുക്കുക.
സംവിധായകൻ സജീവ് പിള്ളയെ ‘മാമാങ്ക’ത്തിൽ നിന്നും ഒഴിവാക്കിയ വിവാദങ്ങളെ തുടർന്ന് മൂന്നാം ഷെഡ്യൂൾ മുതലിങ്ങോട്ട് സിനിമ സംവിധാനം ചെയ്യുന്നത് എം പദ്മകുമാർ ആണ്. പദ്മകുമാർ തന്നെയാണ് അവസാന ഷെഡ്യൂളിന്റെയും സംവിധായകൻ. 30 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.
വിവാദങ്ങളിലൊന്നും ഇടറാതെ ചിത്രം മുന്നോട്ടു പോവുന്നതിലുള്ള സന്തോഷത്തിലാണ് സിനിമാ പ്രേക്ഷകരും മമ്മൂട്ടി ആരാധകരും. ‘ഒരു വടക്കൻ വീരഗാഥ’യിലെ ചന്തുവെന്ന കഥാപാത്രത്തെയും പഴശ്ശിരാജയേയും ഒക്കെ അനശ്വരമാക്കിയ മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു ശ്രദ്ധേയ ചിത്രമായി ‘മാമാങ്ക’വും അടയാളപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകർ.