മമ്മൂട്ടി നായകനാവുന്ന ചരിത്ര ചിത്രം ‘മാമാങ്ക’വുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് കുറച്ചുനാളായി ചലച്ചിത്രലോകത്ത് ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ മലയാളസിനിമയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നാണ് ഓസ്കാർ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടിയുടെ പ്രതികരണം. തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് വിവാദങ്ങളോട് റസൂൽ പ്രതികരിച്ചിരിക്കുന്നത്.

“മാമാങ്കവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കാവുന്നതാണെങ്കിൽ അത് മലയാള സിനിമയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്. ഞാൻ 2018 ൽ വായിച്ച ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ് മാമാങ്കത്തിന്റേത്. അന്താരാഷ്ട്ര തലത്തിൽ തന്നെ മലയാളസിനിമയെ ശ്രദ്ധേയമാക്കാനുള്ള സാധ്യതകൾ അതിലുണ്ട്. അത്തരമൊരു സിനിമ ഇങ്ങനെ അവസാനിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട്,” റസൂൽ പൂക്കുട്ടി പറയുന്നു.

‘മാമാങ്ക’ത്തില്‍ നിന്ന് മുന്നറിയിപ്പൊന്നുമില്ലാതെ യുവനടന്‍ ധ്രുവിനെ മാറ്റിയെന്ന വാർത്തയാണ് ആദ്യം വിവാദമായത്. പിന്നാലെ അണിയറയിൽ വൻ അഴിച്ചുപണികൾ നടത്തിയെന്ന വാർത്തയുമെത്തി. ചിത്രത്തിലേക്ക് എം പത്മകുമാർ അടക്കമുള്ള അണിയറപ്രവർത്തകരും പിന്നാലെയെത്തി. മൂന്നാം ഷെഡ്യൂളിൽ നിന്നും സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ളയെ ഒഴിവാക്കി എന്ന വാർത്തയാണ് ഇപ്പോൾ വിവാദങ്ങൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുന്നത്.

Read more: ‘മാമാങ്ക’ത്തില്‍ സംഭവിക്കുന്നതെന്ത്? സംവിധായകനും നിര്‍മ്മാതാവും ‘ഫെഫ്ക്ക’യും പറയുന്നു

നവാഗതനായ സജീവ്‌ പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ‘ബ്രഹ്മാണ്ഡ’ ചിത്രം നിര്‍മ്മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന സജീവ്‌ പിള്ള 2017 ലാണ് മമ്മൂട്ടിയെ നായകനാക്കി ‘മാമാങ്കം’ എന്ന ചിത്രം ഒരുക്കുന്നു എന്ന് പ്രഖ്യാപിച്ചത്. ‘മാമാങ്കം’ ചിത്രീകരണം ആരംഭിച്ചത് 2018 ഫെബ്രുവരി 12നാണ്. മംഗലാപുരത്തായിരുന്നു ആദ്യ ഷെഡ്യൂള്‍. രണ്ടാം ഷെഡ്യൂള്‍ കേരളത്തിലും. ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook