Mamangam Official Trailer: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഒഫീഷ്യല്‍ ട്രെയിലറെത്തി. മമ്മൂട്ടിയുടെ ഔദ്യോഗികമായ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ഒരു നൂറ്റാണ്ടിന്റെ കഥ പറയുന്ന ചിത്രമെന്നാണ് ട്രെയിലറിൽ പറയുന്നത്. ചാവാനൊരുങ്ങിക്കോ എന്ന ചാവേർ പോർ വിളികളും ട്രെയിലറിൽ നിറയുന്നുണ്ട്.
വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്. പ്രാചി തെഹ്ലാന് ആണ് നായിക.
നവാഗതനായ സജീവ് എസ്.പിള്ളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് എം.പദ്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. കാവ്യാ ഫിലംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ‘മാമാങ്കം’ നിര്‍മ്മിക്കുന്നത്. അമ്പതു കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും.
Read more: മമ്മൂട്ടിയ്ക്ക് ചുറ്റും എപ്പോഴുമൊരു ഓറയുണ്ട്: ‘മാമാങ്കം’ നായിക
അടുത്തിടെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നടന്നിരുന്നു. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ വെച്ചു നടന്ന ചടങ്ങിൽ മമ്മൂട്ടി, സംവിധായകൻ ഹരിഹരൻ, ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവർ ചേർന്നാണ് ഓഡിയോ ലോഞ്ച് നിർവ്വഹിച്ചത്. എം ജയചന്ദ്രനാണ് ‘മാമാങ്ക’ത്തിലെ പാട്ടുകൾക്ക് സംഗീതം നൽകിയത്. ചിത്രത്തിൽ ശ്രേയ ഘോഷാൽ ആലപിച്ച ‘മൂക്കുത്തി മൂക്കുത്തി കണ്ടില്ല’ എന്ന് തുടങ്ങുന്ന ഗാനവും റിലീസ് ചെയ്തു. പ്രാചി തെഹ്ലാനും ഇനിയയും ഉണ്ണിമുകുന്ദനും സുദേവ് നായരും മാസ്റ്റർ അച്യുതനുമാണ് ഗാനരംഗത്തിൽ തിളങ്ങുന്നത്. റഫീഖ് അഹമ്മദിന്റേതാണ് വരികൾ.