Mamangam Official Graphical Teaser: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഒഫീഷ്യല്‍ ഗ്രാഫിക്കല്‍ ടീസര്‍ പുറത്തിറക്കി. ഇന്ന് രാത്രി 7.30 നായിരുന്നു റിലീസ്. മാമാങ്കം ഉത്സവത്തിന്റെ ചരിത്രം സൂചിപ്പിക്കുന്നതാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഗ്രാഫിക്കൽ ടീസർ. മമ്മൂട്ടിയെയും ഉണ്ണി മുകുന്ദനെയും ഗ്രാഫിക്കൽ ടീസറിൽ കാണിക്കുന്നുണ്ട്. ടീസറിന്റെ അവസാനത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
Read Also: സുന്ദരിയായി പ്രാചി തെഹ്‌ലാന്‍; ‘മാമാങ്കം’ രണ്ടാം പോസ്റ്റര്‍ പുറത്ത്
വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്. പ്രാചി തെഹ്ലാന്‍ ആണ് നായിക.
നവാഗതനായ സജീവ് എസ്.പിള്ളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് എം.പദ്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. കാവ്യാ ഫിലംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ‘മാമാങ്കം’ നിര്‍മ്മിക്കുന്നത്. അമ്പതു കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും.