സിവി രാമന്‍പിള്ളയുടെ ‘മാര്‍ത്താണ്ഡവര്‍മ’ തുടങ്ങി ചരിത്രാഖ്യായികള്‍ മലയാള സാഹിത്യത്തില്‍ ധാരാളമുണ്ട്. ആ പരമ്പരയുടെ ഏറ്റവും പുതിയ കണ്ണിയാണു സജീവ് പിള്ള രചിച്ച ‘മാമാങ്കം’. ഇവിടെ നോവലിന്റെ ആഖ്യാനത്തിന്റെ രീതി കുറച്ചുകൂടി ആധുനികമാണ്. കഥ പഴയതാണെങ്കിലും ആഖ്യാനത്തിന് അന്വേഷണാത്മക ത്രില്ലറിന്റെ സ്വഭാവമുണ്ട്. വായനക്കാരെ കൂടെ നടത്തിക്കുന്ന ഉദ്വേഗത്തിന്റേതായൊരു അംശം ‘മാമാങ്ക’ത്തില്‍ ഉടനീളം അനുഭവപ്പെടും. വായനക്കാരുടെ താല്‍പ്പര്യം നിലനിര്‍ത്തുന്നതിനൊപ്പം തന്നെ, അന്നത്തെ സാമൂഹിക പരിതസ്ഥിതി ഭാവനയില്‍ പുനരാവിഷ്‌കരിക്കുന്നതിലും ‘മാമാങ്കം’ വിജയിക്കുന്നുണ്ട്.
പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് അധീശത്വം ക്ഷയിച്ച് ഡച്ചുകാര്‍ വരുന്ന സമയത്താണ് അവസാനത്തെ മാമാങ്കം നടക്കുന്നതെന്നാണ് ചരിത്രം പറയുന്നത്. അക്കാലത്തെ ചരിത്രരേഖകള്‍ ലഭ്യമാണെങ്കില്‍ കൂടി ചരിത്രം പുനരാവിഷ്‌കരിച്ചെടുക്കുകയെന്നത് എളുപ്പമല്ല. കൃത്യമായ ഒരു പഠനത്തിന്റെ പിന്‍ബലത്തോടെ അന്നത്തെ സാമൂഹിക ജീവിതം നോവലിലുടനീളം വരച്ചുകാട്ടുന്നുണ്ട്. വസ്തുതകള്‍ മനസിലാക്കി, ചരിത്രരേഖകള്‍ പഠിച്ച് അന്നത്തെ കാലം പുനരാവിഷ്‌കരിക്കുകയെന്നത് ഭാവനാസമ്പന്നനായ കലാകാരനോ/ എഴുത്തുകാരനോ മാത്രം സാധ്യമാവുന്ന കാര്യമാണ്. അതില്‍ സജീവ് വിജയിച്ചിരിക്കുന്നു. സാധാരണയായി സങ്കല്‍പ്പിച്ചെടുക്കാന്‍ പറ്റുന്നതിലും അപ്പുറത്തേക്ക്, ചിലയിടങ്ങളിലെങ്കിലും ‘മാമാങ്കം’ പോകുന്നുണ്ട്.
ഏറെ സങ്കീര്‍ണതകളുള്ള, പലയിടത്തുനിന്ന് അധീശത്വ ശക്തികള്‍ പിടിമുറുക്കിയ, സാമൂഹികജീവിതത്തില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണു നോവലില്‍ ചിത്രീകരിക്കുന്നത്. വിവിധ രാഷ്ട്രങ്ങള്‍, ദേശങ്ങള്‍, അവയുടെ രാഷ്ട്രീയം ഒക്കെ നോവലില്‍ കൊണ്ടുവരുന്നുണ്ട് എഴുത്തുകാരന്‍. അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള കിടമത്സരമാണല്ലോ മാമാങ്കം. ഡച്ചുകാര്‍ ഒരു വശത്ത്, കൊച്ചി രാജാവ് മറ്റൊരു വശത്ത്… പാലിയത്തച്ചന്‍, സാമൂതിരി, വള്ളുവനാട്, വെട്ടത്തുനാട്, കോലത്തിരി അങ്ങനെ ഏറെ അധികാര കേന്ദ്രങ്ങള്‍ ഏറെയാണ്. ഇതിനെല്ലാം ഇടയില്‍ എല്ലാവരെയും പൊതുവായി ബന്ധിപ്പിക്കുന്ന മലയാളമെന്ന ഭാഷയും ജാതിയും ആചാരങ്ങളുമുണ്ട്.
ആ കാലഘട്ടത്തിലെ ഏതെങ്കിലും ഒരു വശമെടുത്ത് പറയുകയെന്നതാണ് താരതമ്യേന എളുപ്പം. എന്നാല്‍ സമഗ്രമായി ആ കാലഘട്ടത്തെ അവലോകനം ചെയ്ത്, അതില്‍ നിന്നൊരു കഥ കണ്ടെത്തുകയാണ് ‘മാമാങ്കത്തില്‍’ എഴുത്തുകാരന്‍ ചെയ്തിരിക്കുന്നത്. നോവലിലെ ഓരോ കഥാപാത്രവും നമ്മള്‍ മുന്‍പു പറഞ്ഞ അത്തരം ശക്തി കേന്ദ്രങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിക്കിടക്കുന്നവരാണ്.
സമകാലിക രാഷ്ട്രീയസാഹചര്യങ്ങളോടും സമാന്തരപ്പെടുന്നുണ്ട് ‘മാമാങ്കം’ നോവല്‍. ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍, പൊലീസ് ഏറ്റുമുട്ടല്‍ കൊലകള്‍, നീതിന്യായ വ്യവസ്ഥയുടെ നടത്തിപ്പിനുള്ളിലെ പ്രശ്‌നങ്ങള്‍, ആള്‍ക്കൂട്ടത്തിന്റെ വികാരങ്ങളെ കയ്യിലെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവ ഒരു വശത്തുണ്ട്. അതോടൊപ്പം, ഏറ്റവും വലിയ അധികാരശക്തികളോട് കലഹിച്ച് നില്‍ക്കുന്ന, പരാജയം ഉറപ്പാണെന്ന് അറിഞ്ഞിട്ടും നിലപാടുകള്‍ക്ക് വേണ്ടിയും അവര്‍ വിശ്വസിക്കുന്ന ആദര്‍ശങ്ങള്‍ക്കു വേണ്ടിയും പോരാടുന്ന ഒരു കൂട്ടം ആളുകള്‍. അങ്ങനെയൊരു കഥ ആ കാലഘട്ടത്തിനകത്ത് പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞുവെന്നതാണ് നോവലിനെ സവിശേഷമാക്കുന്നത്.
‘മാമാങ്കം’ പറയുന്ന മലയാളം
രാഷ്ട്രീയപരമായി സങ്കീര്‍ണതകളുള്ള ഒരു നോവലിനെ ആവിഷ്‌കരിച്ചാല്‍ മാത്രം പോരാ, അതിന്റെ ഭാഷയും പ്രധാനമാണ്. മലയാള ഭാഷയിലുണ്ടായിരുന്ന വാക്കുകള്‍, പ്രയോഗങ്ങള്‍, ഇപ്പോള്‍ നമുക്ക് അറിയാത്ത ഭാഷാ പ്രയോഗങ്ങള്‍ അതിനെയൊക്കെ കൃത്യമായി രേഖപ്പെടുത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട് നോവലില്‍. ഭാഷയിലുണ്ടായിരുന്ന വസ്തുക്കളുടെ, പൂക്കളുടെ, ആളുകളുടെ, സംഗീതോപകരണങ്ങളുടെയൊക്കെ പേരുകള്‍, നമുക്ക് നഷ്ടപ്പെട്ടുപോയ (ഓര്‍മകളില്‍ പോലുമില്ലാത്ത) ഭാഷാപ്രയോഗങ്ങള്‍ എല്ലാം ‘മാമാങ്ക’ത്തില്‍ കാണാം. ഇത്രയേറെ വൈവിധ്യസമ്പന്നമായ സാംസ്‌കാരിക പരിസരം നമുക്കുണ്ടായിരുന്നുവെന്നത് നമ്മള്‍ പോലും മറന്നുപോയ കാര്യമാണ്. ചരിത്രപരമായ ആ മറവികളെ തിരിച്ചുകൊണ്ടു വരികയാണ് സജീവ്.
‘മാമാങ്കം’ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍, ഒരു സംവിധായകനായി ഉയര്‍ന്നു കേട്ടുവെന്നതിന് അപ്പുറത്തേക്ക് സാഹിത്യകാരനായി നമ്മള്‍ വായിച്ച പേരൊന്നുമല്ല സജീവിന്റേത്. ഒരു ചെറുകഥ പോലും പ്രസിദ്ധീകരിച്ചതായി നമുക്കറിയില്ല. അങ്ങനെ ഒരാളില്‍നിന്നാണ് ഇത്രയും സമഗ്രമായൊരു നോവല്‍ വരുന്നുവെന്നതും ആകര്‍ഷകമാണ്. എഴുത്തിന്റെയും ഭാഷയുടെയും കരുത്തുണ്ട് സജീവിന്റെ നോവലില്‍. ആധുനികമായൊരു ഘടന നോവലില്‍ ഉടനീളം കാണാം. ഒരു ‘ജിക്സോ പസില്‍’ പോലെ കാര്യങ്ങള്‍ കൂട്ടി യോജിപ്പിച്ച്, പരിണാമഗുപ്തിയില്‍ മാത്രം ഉത്തരങ്ങള്‍ വെളിവാകുന്ന രീതിയില്‍ നോവല്‍ മുന്നോട്ടുപോവുന്നുവെന്നതും വായനയെ രസകരമാക്കുന്നു.
കേരളം എത്രമാത്രം കലാപ പ്രവണത (violence prone) ഉള്ളൊരു സമൂഹമായിരുന്നുവെന്ന് ഈ നോവല്‍ പറയുന്നുണ്ട്. ആ വയലന്‍സിന് എതിരായി നില്‍ക്കുന്ന, സമാധാനപരമായ ഫിലോസഫിയുള്ള, ജാതിമതഭേദങ്ങള്‍ക്ക് അപ്പുറത്തേക്ക് ചിന്തിക്കുന്ന ധിഷണാശാലികളായ കഥാപാത്രങ്ങളും ഇതിലുണ്ട്. ഈ ജീവിതവീക്ഷണങ്ങള്‍ തമ്മിലുള്ള ആശയപരമായ സംവാദങ്ങളും ഏറ്റുമുട്ടലുകളും സമാന്തരമായി പുരോഗമിക്കുന്ന ട്രാക്കിലൂടെയാണ് നോവല്‍ സഞ്ചരിക്കുന്നത്. ഹിംസ, സ്വാതന്ത്ര്യം, അധികാരം, അധികാരത്തോടുള്ള പ്രതിരോധം… ഇതിനെക്കുറിച്ചൊക്കെ നോവല്‍ പ്രതിപാദിക്കുന്നു. വിഷ്വലായി തന്നെ സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്ന നോവലാണ് ‘മാമാങ്കം.’
19-ാം നൂറ്റാണ്ടില്‍നിന്നു കൊണ്ട് സിവി രാമന്‍പിള്ളയായിരുന്നു ഇത്തരമൊരു നോവല്‍ എഴുതിയിരുന്നെങ്കില്‍ അതില്‍ രാജഭക്തിയും അനുബന്ധമൂല്യങ്ങളുമാവും മുന്നിട്ടുനില്‍ക്കുക. ഇവിടെ വ്യക്തികളുടെ സ്വാതന്ത്ര്യം, സേച്ഛാധിപത്വത്തിനെതിരായ എതിര്‍പ്പ്… എന്നിങ്ങനെയുള്ള കാഴ്ചപ്പാടുകളുടെ സ്വാധീനമാണ് തെളിയുന്നത്. എഴുത്തുകാരന്‍ ചരിത്രത്തെ നോക്കിക്കാണുന്ന രീതി, അല്ലെങ്കില്‍ ചരിത്രപരമായ ഒരു വ്യാഖ്യാനം കാണാം. ആ വ്യാഖ്യാനമാണ് ‘മാമാങ്ക’ത്തെ ഭാവനാസമ്പന്നമായൊരു കൃതിയായി മാറ്റുന്നത്.
ചരിത്രമെന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോട് നോവല്‍ നീതി പുലര്‍ത്തുന്നുണ്ട്. ചരിത്രത്തിനു വിരുദ്ധമായി സജീവ് ഒന്നും പറയുന്നില്ല. എഴുത്തുകാരന്‍ തന്നെ വ്യക്തമാക്കുന്നതു പോലെ രണ്ട് കഥാപാത്രങ്ങള്‍ ഒഴികെ ബാക്കിയെല്ലാം സാങ്കല്‍പ്പികമാണ്.
യാഥാര്‍ഥ്യത്തിനോടും ചരിത്രപരമായ വസ്തുതകളോടും നീതിപുലര്‍ത്തി കൊണ്ടു പോവുമ്പോഴും മാജിക്കല്‍ റിയലിസത്തിന്റേതായൊരു കടന്നുപോക്കും ‘മാമാങ്ക’ത്തില്‍ കാണാം. ചില സന്ധികളില്‍, എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന അന്തരീക്ഷത്തിലേക്ക് എത്തുമ്പോള്‍ അവിശ്വസനീയമായ ചില അംശങ്ങള്‍ പോലും സ്വാഭാവികതയോടെയും വിശ്വസനീയമായും അവതരിപ്പിക്കുന്നുണ്ട്. അത് എഴുത്തുകാരന്റെ ആഖ്യാനപാടവത്തിന്റെ ദൃഷ്ടാന്തം കൂടിയാണ്.
കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെയും നോവല്‍ അടയാളപ്പെടുത്തുന്നുണ്ട്. ഒരോ കഥാപാത്രവും വൈകാരികമായി അടുക്കുന്നുണ്ട് വായനക്കാരനുമായി. ആ കഥാപാത്രങ്ങള്‍ അകപ്പെടുന്ന അവസ്ഥകള്‍, എല്ലാ മനുഷ്യരും കടന്നുപോവുന്ന ധര്‍മസങ്കടങ്ങള്‍, വേര്‍പിരിയല്‍, പ്രണയം അങ്ങനെ നിരവധി മനുഷ്യാവസ്ഥകളുടെ മുഖങ്ങളും ‘മാമാങ്ക’ത്തിലുണ്ട്.
Read more: മാമാങ്കം: സിനിമയ്ക്ക് മുന്‍പേ നോവല്‍ പുറത്തിറക്കി സജീവ് പിള്ളയുടെ സർജിക്കൽ സ്ട്രെെക്ക്
വിവാദങ്ങളെക്കുറിച്ച്
‘മാമാങ്കം’ നോവലില്‍ വലിയൊരു ആശയപ്രപഞ്ചം ഉണ്ട്. ഒരുപക്ഷേ, അത് തിരക്കഥയിലും ഉണ്ടായിരുന്നിരിക്കാം (തിരക്കഥ വായിച്ചിട്ടില്ല, മലയാളസിനിമ ഇതുവരെ കണ്ട മികച്ച തിരക്കഥകളിലൊന്നാണ് അതെന്നാണ് കേട്ടതത്രയും). ഏതു വലിയ ആശയപ്രപഞ്ചത്തെയും ഒരു തിരക്കഥയിലേക്ക് ആവാഹിക്കാന്‍ സാധിക്കും. നോവലിന്റെ പൊരുള്‍ തിരക്കഥയില്‍ കൊണ്ടുവരാന്‍ പറ്റിയാല്‍ തന്നെ അത് വിജയിക്കാറുണ്ട്. തിരക്കഥയുടെയും എഴുത്തിന്റെയും ഭാഷ നന്നായി അറിയുന്ന ഒരാളാണ് സജീവ്. ദൃശ്യഭാഷയെക്കുറിച്ച് അയാള്‍ക്ക് നല്ല അറിവുമുണ്ട്.
ഇത്തരത്തിലുള്ള ഒരു സൃഷ്ടിയെ കണ്‍സീവ് ചെയ്യാനുള്ളത്ര സര്‍ഗശക്തിയോ ധൈഷണികതയോ ഉള്ള ആളുകളല്ല ഈ സിനിമ നിര്‍മിക്കാന്‍ ഇറങ്ങിയവരോ ഈ സിനിമയുമായി ബന്ധപ്പെട്ട് സജീവ് പിള്ളയ്‌ക്കെതിരെ ഫേസ്ബുക്കില്‍ സംസാരിക്കുന്നവരോ ഒന്നും. സജീവിന് അത് തെളിയിക്കേണ്ട ആവശ്യമുള്ളതു കൊണ്ട് അയാള്‍ അത് പുസ്തകത്തിലൂടെ തെളിയിച്ചു. ഇനി വേറെ തെളിവ് ആവശ്യമില്ല. അതു തന്നെയാണ്, ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍നിന്ന് നമ്മള്‍ കാണേണ്ടതും.
(ധന്യ കെ വിളയിലിനോട് പറഞ്ഞത്)