മമ്മൂട്ടിയുടെ തികഞ്ഞ പ്രൊഫഷണലിസവും അച്ചടക്കവും സിനിമയുടെ ലൊക്കേഷനെയും സ്വാധീനിക്കുന്നുവെന്ന് പ്രാചി തെഹ്‌ലാൻ. ‘മാമാങ്ക’ത്തിൽ നായികയായി അഭിനയിച്ചതിന്റെ അനുഭവപരിചയത്തിൽ പ്രാചി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഇതിഹാസ താരത്തിന്റേതായ ഒരു പ്രഭാവലയം മമ്മൂട്ടിയ്ക്ക് ചുറ്റും എപ്പോഴും ഉണ്ടെന്നാണ് പ്രാചിയുടെ വാക്കുകൾ.

മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള അനുഭവം എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു പ്രാചി. “എളുപ്പത്തിൽ ഭയപ്പെടുന്ന സ്വഭാവമല്ലാത്തതിനാൽ എന്റെ പെരുമാറ്റത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ലൊക്കേഷനിലെ ഓരോ അഭിനേതാക്കളും അണിയറപ്രവർത്തകരും അദ്ദേഹം സെറ്റിലുള്ളപ്പോൾ വളരെ അച്ചടക്കത്തോടെയും ശ്രദ്ധയോടെയുമാണ് പെരുമാറുക. ബഹുമാനത്തോടെയും ശ്രദ്ധയോടെയുമാണ് എല്ലാവരുടെയും പെരുമാറ്റം. അദ്ദേഹത്തതിന്റെ എനർജിയോടും ഒരു ഇതിഹാസതാരമെന്ന രീതിയിൽ അദ്ദേഹത്തിന്റെ പ്രഭാവലയത്തോടും നമുക്ക് അത്യന്തം ബഹുമാനം തോന്നും. അദ്ദേഹം വളരെ ഡൗൺ റ്റു എർത്തായ ഒരു വ്യക്തിയാണ്, അദ്ദേഹം അടുത്തുള്ളപ്പോൾ ഒരാൾക്കും തെറ്റുകൾ വരുത്താൻ കഴിയില്ല,” മമ്മൂട്ടിയെ കുറിച്ചുള്ള തന്റെ നിരീക്ഷണത്തെ കുറിച്ച് പ്രാച്ചി പറയുന്നു.

വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്.

നവാഗതനായ സജീവ് എസ്.പിള്ളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് എം.പദ്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. കാവ്യാ ഫിലംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ‘മാമാങ്കം’ നിര്‍മ്മിക്കുന്നത്. അമ്പതു കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും. നവംബറോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Read more: പോരാട്ടവീര്യത്തോടെ മമ്മൂട്ടി; ബ്രഹ്മാണ്ഡക്കാഴ്ചയുമായി ‘മാമാങ്കം’ ടീസർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook