/indian-express-malayalam/media/media_files/uploads/2023/09/Mallika-Sukumaran-Prithviraj-Indrajith.jpg)
മക്കളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊപ്പം മല്ലിക സുകുമാരൻ
ജീവിതത്തെ വളരെ ചുറുചുറുക്കോടെ നോക്കി കാണുന്ന ഒരാളാണ് നടി മല്ലിക സുകുമാരൻ. സരസമായ സംസാരവും തമാശകളും കുസൃതികളുമൊക്കെയായി വേദികളിലും അഭിമുഖങ്ങളിലുമൊക്കെ എപ്പോഴും കാഴ്ചക്കാരുടെ ഇഷ്ടം കവരുന്ന ഒരാൾ.
അടുത്തിടെ 'എന്റെ അമ്മ സൂപ്പറാ' എന്ന പരിപാടിയിലും മല്ലിക സുകുമാരൻ അതിഥിയായി എത്തിയിരുന്നു. പരിപാടിയുടെ വിധികർത്താക്കളിൽ ഒരാളും മരുമകളുമായ പൂർണിമ ഇന്ദ്രജിത്തിനൊപ്പം മല്ലികാമ്മ വേദി പങ്കിട്ടപ്പോൾ അത് രസകരമായ നിരവധി മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
തന്റെ ഷുഗർ പ്രശ്നത്തെ കുറിച്ചും അതിനെ മക്കൾ ട്രോളുന്നതുമൊക്കെ സരസമായാണ് പരിപാടിയ്ക്കിടയിൽ മല്ലിക സുകുമാരൻ അവതരിപ്പിച്ചത്. മല്ലിക സുകുമാരൻ്റെ ഇഷ്ടങ്ങളെ കുറിച്ച് പൂർണിമയോട് തിരക്കുകയായിരുന്നു അവതാരക ഗായത്രി.
"ജിലേബി, ലഡു ഇതിൽ ഏതാവും മല്ലികാമ്മ എടുക്കുക?" എന്ന അവതാരക ഗായത്രിയുടെ ചോദ്യത്തിന് "അമ്മയ്ക്ക് ഇഷ്ടം ഈ രണ്ടു പലഹാരവുമല്ല. എന്നാൽ ഇതിലേതാണ് കൂടുതലിഷ്ടമെന്നു ചോദിച്ചാൽ ജിലേബി," എന്നായിരുന്നു പൂർണിമയുടെ മറുപടി.
പൂർണിമയുടെ മറുപടി ശരി വച്ചുകൊണ്ട് മല്ലിക സുകുമാരൻ തനിക്ക് മധുരത്തോടുള്ള പ്രിയത്തെ കുറിച്ചു സംസാരിച്ചു.
" മൈസൂർ പാക്കാണ് എനിക്കേറെയിഷ്ടം. പൊതുവെ ഡയബറ്റിക് ആണ് ഞാൻ. പക്ഷേ ഒന്നൊന്നര വർഷമായിട്ട് ഡയബറ്റിക് നോർമലായിട്ട് പോവുകയാണ്. എന്നാലും രാത്രി ഷുഗർ കുറഞ്ഞാലോ എന്നു കരുതി ഞാൻ കുറച്ച് സ്വീറ്റ്സ് കരുതും," മല്ലിക സുകുമാരൻ സംസാരിക്കുന്നതിനിടയിൽ "ഒരു സ്വീറ്റല്ല, ഒരു ഫ്രിഡ്ജ്," എന്നു തിരുത്തുകയാണ് പൂർണിമ.
"അതെ. ഫ്രിഡ്ജിനകത്ത് സ്വീറ്റ്സ്, ഷുഗർ 80 ലും താഴെ പോയാൽ പെട്ടെന്ന് എടുത്തു കഴിക്കേണ്ടതല്ലേ എന്നോർത്ത് കരുതുന്നതാണ്. ഇന്ദ്രൻ വീട്ടിൽ വന്നാൽ ആദ്യം ചെയ്യുന്നത് ഇതിന്റെ വീഡിയോ എടുത്ത് രാജുവിന് അയച്ചുകൊടുക്കുകയാണ്. 'ഇതാണ് ഡയബറ്റീസ് ബാധിച്ച നമ്മുടെ അമ്മയുടെ ആഹാരരീതി' എന്നും പറഞ്ഞുകൊണ്ട്. ഇങ്ങനത്തെ ദുഷ്ടന്മാരാണ് എന്റെ മക്കൾ," എന്നാണ് ചിരിയോടെ മല്ലിക സുകുമാരൻ പറയുന്നത്.
മലയാള സിനിമാ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. അതുകൊണ്ട് തന്നെ അവിടുത്തെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർക്കും ഏറെ ഇഷ്ടമാണ്. രണ്ടു സൂപ്പർ സ്റ്റാറുകൾ ഉള്ള ആ വീട്ടിലെ നെടുംതൂൺ സുകുമാരന്റെ മരണശേഷം അവരെ വളർത്തി മലയാള സിനിമയിലെ അഭിമാനതാരങ്ങളായി മാറ്റിയെടുത്ത മല്ലിക സുകുമാരൻ തന്നെയാണ്.
മരുമക്കളെ മക്കളായി കാണുന്ന അമ്മായിയമ്മയാണ് മല്ലിക സുകുമാരൻ. പല അഭിമുഖങ്ങളിലും മരുമക്കളെ കുറിച്ചും അവരിൽ തനിക്കിഷ്ടപ്പെട്ട കാര്യങ്ങളെ കുറിച്ചുമൊക്കെ മല്ലിക സുകുമാരൻ വാചാലയാവാറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.