മക്കൾക്കെല്ലാം റോൾ മോഡലാണ് മല്ലിക സുകുമാരൻ എന്ന സ്ത്രീയും അമ്മയും. ഉറച്ച തീരുമാനങ്ങളും നിലപാടുകളും കാഴ്ചപ്പാടുകളും കൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വം. മക്കളെയും മരുമക്കളേയും ഒരുപോലെ സ്നേഹിക്കുന്ന ഒരമ്മ. ഇന്ന് മകൻ പൃഥ്വിരാജിനൊപ്പമുള്ള ഏറ്റവും പുതിയൊരു ചിത്രമാണ് മല്ലിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
Read More: താടിക്കാരനും കെട്ട്യോളും; മനോഹര നിമിഷങ്ങൾ പങ്കുവച്ച് പൃഥ്വിയും സുപ്രിയയും
“ദൈവം എന്റെ മകനെ അനുഗ്രഹിക്കട്ടെ” എന്ന അടിക്കുറിപ്പോടെ പൃഥ്വിയോട് ചേർന്ന് നിൽക്കുന്ന ചിത്രത്തിൽ മല്ലികയുടെ മുഖത്തെ സന്തോഷവും സ്നേഹവും വാത്സല്യവുമെല്ലാം വായിച്ചറിയാം. അമ്മയെ ചേർത്തു നിർത്തിയുള്ള ചിത്രത്തിൽ അതീവ സന്തുഷ്ടനാണ് പൃഥ്വിയും.
അടുത്തിടെ മല്ലികയുടെ പിറന്നാൾ ആഘോഷിക്കുന്നതിനിടെ പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഏറെ ഹൃദയസ്പർശിയാണ്.
”അച്ഛനിൽനിന്നും അമ്മയിൽനിന്നും ഞാൻ പഠിച്ച പാഠമെന്നത് നമ്മുടെ മൂല്യങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറുക എന്നതാണ്. അതെന്നെ പഠിപ്പിച്ചത് എന്റെ അച്ഛനും അമ്മയുമാണ്. ഇന്ന് ഞാനും എന്റെ ചേട്ടനും എങ്ങനെയാണോ, അങ്ങനെ ആയിത്തീർന്നത് സ്വയമാണെന്ന് ഞങ്ങൾക്ക് പറയാനാവില്ല. അച്ഛനിൽനിന്നും അമ്മയിൽനിന്നും കണ്ടുപഠിച്ചതിൽനിന്നാണ് ഞാനെന്ന വ്യക്തിത്വമുണ്ടായത്. ആ പാഠങ്ങളാണ് എന്റെ മോൾക്കും ചേട്ടന്റെ മക്കൾക്കും നമ്മൾ പകർന്നു കൊടുക്കേണ്ടത്.”
”ഞാൻ ജീവിതത്തിൽ കണ്ടിട്ടുളളതിൽവച്ച് ഏറ്റവും ധൈര്യശാലിയായ സ്ത്രീയാണ് മല്ലിക സുകുമാരൻ. ഇത്രയും മനഃശക്തിയുളള വ്യക്തിയെ അമ്മ എന്ന സ്നേഹം മാറ്റിനിർത്തിയാൽ എനിക്ക് വലിയ ആരാധനയാണ്. അമ്മയുടെ ആ മനഃശക്തി എനിക്കില്ല. അമ്മയുടെ ആ ശക്തി അലംകൃതയ്ക്ക് കിട്ടട്ടെയെന്നാണ് എന്റെ പ്രാർഥന”. പൃഥ്വിരാജ് ഇതു പറഞ്ഞപ്പോൾ മല്ലിക സുകുമാരൻ വികാരാധീനയായി.
Read More: അമ്മയുടെ ആ ശക്തി അലംകൃതയ്ക്ക് കിട്ടട്ടെ; പൃഥ്വിയുടെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ് മല്ലിക
”മല്ലിക സുകുമാരന്‍ എന്ന വ്യക്തിത്വം അമ്മ സ്വന്തമായുണ്ടാക്കിയെടുത്താണ്. വീണുപോകാവുന്ന സാഹചര്യങ്ങളുണ്ടായിട്ടും തളരാതെ മുന്നേറുകയായിരുന്നു. അച്ഛനുമായുള്ള ജീവിതത്തിലായാലും അതിന് മുന്‍പുള്ള ജീവിതത്തിലായാലും അമ്മയിൽനിന്ന് കണ്ട് പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്. ജീവിതത്തിൽ സാമ്പത്തികമല്ലാത്ത ഒരുപാട് ബുദ്ധിമുട്ടുകളും വെല്ലുവിളികളും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ രണ്ടു കുഞ്ഞുമക്കളേയും ചേര്‍ത്തുപിടിച്ചാണ് അമ്മ പോരാടിയത്.” പൃഥ്വിരാജ് തന്റെ അമ്മയെ കുറിച്ച് പറഞ്ഞു.
കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായി 1954 ലാണ് മല്ലിക ജനിക്കുന്നത്. ‘മോഹമല്ലിക’ എന്നാണ് യഥാർഥ പേര്. 1974 ൽ ജി. ‘അരവിന്ദന്റെ ഉത്തരായനം’ എന്ന ചിത്രത്തിലൂടെയാണ് മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. ‘സ്വപ്നാടനം’ എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിക്കുളള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി.