മോഹന്‍ലാലിനെക്കുറിച്ചുള്ള പഴയ കാല ഓര്‍മകള്‍ പങ്കുവച്ച നടി മല്ലിക സുകുമാരന്‍. ആറാം ക്ലാസ് മുതല്‍ ലാലുവിനെ സ്കൂളില്‍ കൊണ്ടു വിട്ട മല്ലിക ചേച്ചിയാണ് താനെന്ന് മല്ലിക പറഞ്ഞു. മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു നടിയും അന്തരിച്ച നടന്‍ സുകുമാരന്റെ ഭാര്യയുമായ മല്ലിക മോഹന്‍ലാലിനെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ചത്.

‘ഇന്നും ഞാൻ ലാലു ലാലു എന്നാണ് വിളിക്കുന്നത്. അന്ന് മുതൽ ഇന്ന് വരെ എല്ലാവരോടും ഉള്ള ആ മനുഷ്യ സ്നേഹം, ഗുരുത്തം, എല്ലാരോടും സ്വയം തിരിച്ചറിഞ്ഞു ബഹുമാനിക്കാൻ ഉള്ള ആ കഴിവ് അതൊക്കെ പലര്‍ക്കും സിനിമയിലെത്തുമ്പോള്‍ നഷ്ടമാകുന്നതാണ്. എന്നാല്‍ എന്റ മക്കളോട് ഞാൻ എപ്പോളും പറയും ലാലേട്ടനെ കണ്ടു പഠിക്കണം എന്ന്. അതാണ് ലാലുവിന്റെ ഐശ്വര്യവും.’ എറണാകുളത്ത് നടന്ന ഓഡിയോ ലോഞ്ചില്‍ ആരവങ്ങളോടെയാണ് ആരാധകർ ഈ വാക്കുകളെ എതിരേറ്റത്.

മോഹന്‍ലാല്‍ എന്ന പേരുളള ചിത്രത്തില്‍ എന്റെ മകന്‍ ഇന്ദ്രജിത്ത് അഭിനയിച്ചു എന്നത് അഭിമാനകരമാണ്. അതും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന മഞ്ജു വാര്യര്‍ക്കൊപ്പം. മഞ്ജുവിന്റെ എല്ലാ പടങ്ങളും ഞാന്‍ കാണാറുണ്ട്. എല്ലാംകൊണ്ടും ആദ്യത്തെ ദിവസം തന്നെ ആദ്യത്തെ ഷോ കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്’, മല്ലിക വ്യക്തമാക്കി.

മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടിയുടെ കഥാണ് ഈ ചിത്രം പറയുന്നത്. ‘മോഹന്‍ലാല്‍’ വിഷുവിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. മഞ്ജുവാര്യരാണ് മീനുക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനുക്കുട്ടിയുടെ ഭര്‍ത്താവ് സേതുമാധവനായി ഇന്ദ്രജിത്തും എത്തുന്നു. 1980 ലെ ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രമാണ് മലയാളത്തിന് മോഹന്‍ലാല്‍ എന്ന നടനെ സമ്മാനിക്കുന്നത്. ചിത്രം റിലീസ് ചെയ്ത ദിവസമാണ് നായിക മീനുക്കുട്ടി ജനിക്കുന്നത്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ്ലൈനിലാണ് ചിത്രം വരുന്നത്.

സാജിദ് യഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ഷാജികുമാറാണ് ഛായാഗ്രഹണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ