മലയാള സിനിമാ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. അതുകൊണ്ട് തന്നെ അവിടുത്തെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർക്കും ഏറെ ഇഷ്ടമാണ്. രണ്ടു സൂപ്പർ സ്റ്റാറുകൾ ഉള്ള ആ വീട്ടിലെ നെടുംതൂൺ സുകുമാരന്റെ മരണശേഷം അവരെ വളർത്തി ഇവിടെ വരെ എത്തിച്ച മല്ലിക സുകുമാരൻ തന്നെയാണ്. ബിഹൈൻഡ് വുഡ്സ് എന്ന യൂട്യൂബ് ചാനലിൽ തന്റെ വീട് പരിചയപ്പെടുത്തുന്ന മല്ലികയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വീടിന്റെ ചുവരിൽ കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ കാണാം. അത് ഓരോന്നായി അവതാരകയെ കാണിക്കുകയാണ് മല്ലിക. അതിനിടയിലാണ് പൃഥ്വിരാജിന്റെ ചിത്രം കണ്ടപ്പോഴുള്ള മല്ലികയുടെ രസകരമായ ഡയലോഗ്. “ദേ ഇരിക്കുന്നു ഡെയിലി ഫ്ലൈറ്റിൽ വന്ന് കണ്ടിട്ട് പോകുന്ന ഇളയ സന്താനം” എന്നാണ് മല്ലിക പറഞ്ഞത്. ഇന്ദ്രജിത്ത്, പൂർണിമ, സുപ്രിയ, കൊച്ചുമക്കളായ പ്രാർത്ഥന, നക്ഷത്ര, അലംകൃത എന്നിവരുടെ ചിത്രങ്ങളും വീഡിയോയിൽ കാണാം. ഓരോ ചിത്രത്തിനു പിന്നിലുള്ള കഥയും മല്ലിക പറയുന്നുണ്ട്.
ഭർത്താവും നടനുമായ സുകുമാരനെ കുറിച്ചും മല്ലിക വീഡിയോയിൽ പറയുന്നു. വിവാഹ ചിത്രവും ഷൂട്ടിങ്ങിനു പോകുന്ന ചിത്രങ്ങളെല്ലാം കാണാം.
മക്കളെല്ലാവരും കൊച്ചിയിൽ താമസമാക്കിയപ്പോഴും തിരുവനന്തപുരത്തെ വീട്ടിൽ തന്നെയാണ് മല്ലിയുള്ളത്. ഇടയ്ക്ക് പൂർണിമ തന്റെ സോഷ്യൽ മീഡിയയ പ്രൊഫൈലിലൂടെ മല്ലികയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘സുരഭിയും സുഹാസിനിയും’ എന്ന സീരിയൽ ചെയ്യുകയാണിപ്പോൾ മല്ലിക.