scorecardresearch
Latest News

ഏറ്റവും ഒടുവിലായി എന്നെ ഒരു നോട്ടം നോക്കി; സുകുമാരന്റെ അവസാന നിമിഷങ്ങൾ ഓർത്തെടുത്ത് മല്ലിക

1997 ജൂൺ 16നാണ് സുകുമാരൻ ലോകത്തോട് വിടപറഞ്ഞത്

Mallika Sukumaran, Sukumaran death anniversary

നടൻ സുകുമാരന്റെ 25-ാം ചരമവാർഷികമാണിന്ന്. എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയെ മുന്നോട്ട് നയിച്ച താരങ്ങളിൽ ഒരാളായിരുന്നു സുകുമാരൻ. വില്ലനായും നായകനായുമെല്ലാം അദ്ദേഹം മലയാള സിനിമയിൽ നിറസാന്നിധ്യമായി നിന്നു. ഇന്ന് അദ്ദേഹത്തിന്റെ വിയോഗത്തിന് 25 വർഷം പൂർത്തിയാകുമ്പോൾ അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ ഓർക്കുകയാണ് മല്ലിക സുകുമാരൻ.

1997 ജൂൺ 16-ന് ആണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. അതിന് മൂന്ന് ദിവസങ്ങൾക്ക് മുൻപ് കുടുംബത്തിനൊപ്പം മൂന്നാറിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് ഹൃദയാഘാതം അദ്ദേഹത്തെ പിടികൂടുന്നത്.

“മൂന്നാറിനപ്പുറം കാന്തല്ലൂരിൽ ഞങ്ങൾക്കൊരു ഫാം ഹൗസുണ്ട്. ഇന്ദ്രന്റെ അഡ്മിഷൻ ഒക്കെ കഴിഞ്ഞു ഞങ്ങൾ അവിടെ അവധി ആഘോഷിക്കുകയായിരുന്നു. ഒരു ദിവസം രാവിലെ പുറം വേദനയെന്ന് പറഞ്ഞു. തണുപ്പിന്റെ ആണെന്ന് കരുതി ഓയിന്മെന്റ് ഒക്കെ ഇട്ടുകൊടുത്തു. എന്നിട്ട് അവിടെന്ന് വീട്ടിലേക്ക് പോന്നു. വരുന്ന വഴി വളരെ അസ്വസ്ഥത തോന്നി, അങ്ങനെ എറണാകുളത്ത് സുഹൃത്തായ ഡോക്ടറുടെ അടുത്ത് കേറി”

“ഇസിജിയിൽ വേരിയേഷൻ കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റാമെന്ന് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചു ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റി. മൂന്ന് ദിവസം കഴിഞ്ഞപ്പോ ആൾ ഒക്കെയായി. റൂമിലേക്ക് മാറ്റി. നാലാം ദിവസം ഉച്ചകഴിഞ്ഞ് അമ്മ വന്നു അമ്മയ്ക്ക് ഒപ്പം ഭക്ഷണം കഴിച്ചു. കുറച്ചു കഴിഞ്ഞു വേദന കൂടി വീണ്ടും ഐസിയുവിലേക്ക് മാറ്റി. വീൽ ചെയറിൽ ഐസിയുവിലേക്ക് മാറ്റം നേരം അത്രയും നേരം തല താഴ്ത്തി ഇരുന്നയാൾ തലയുയർത്തി ‘ഇനിയില്ല, വയ്യ’ എന്ന് എന്നെ നോക്കി കാണിച്ചു. അപ്പോൾ എനിക്ക് മനസിലായില്ല. പിന്നീടാണ് മനസിലായത്. രണ്ടു മിനിറ്റു കഴിഞ്ഞിട്ടുണ്ടാകണം. അപ്പോഴേക്കും ഇന്ദ്രൻ വന്നു പറഞ്ഞു അച്ഛൻ പോയെന്ന്,” മല്ലിക സുകുമാരൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ചരമവാർഷികദിനത്തിൽ പൃഥ്വിരാജും ഇന്ദ്രജിത്തും സോഷ്യൽ മീഡിയയിൽ സുകുമാരന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്നതിനിടയിലാണ് സുകുമാരന് ‘നിർമ്മാല്യം’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണം വന്നത്. എം.ടി.വാസുദേവൻ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്.

മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാർഡ് കൊണ്ടുവന്ന ഈ ചിത്രത്തിനുശേഷം സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. അഭിനയം വിട്ട് അധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്നുവരെ അദ്ദേഹം ആലോചിച്ചിരുന്നു. അതിനിടയിലാണ് 1977-ൽ പുറത്തുവന്ന ‘ശംഖുപുഷ്പം’ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം അദ്ദേഹത്തിന് ലഭിച്ചത്. ഈ ചിത്രത്തോടെ സുകുമാരൻ താരങ്ങളിൽ മുൻനിരയിലേയ്ക്ക് കടന്നുവന്നു. പിന്നീട് ഒരുപാടുകാലം മലയാളസിനിമയിൽ അദ്ദേഹം തിളങ്ങിനിന്നു. നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തു.

Also Read: ഒരു ഞൊടിയിൽ 300 കോടി ഉണ്ടാക്കി തരാമെന്ന് പറഞ്ഞപ്പോൾ അന്നാരും വിശ്വസിച്ചില്ല, ഇപ്പോൾ കണ്ടില്ലേ; വിക്രം വിജയത്തെ കുറിച്ച് കമൽ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mallika sukumaran remembers sukumarans last moments