പൃഥ്വിരാജും ഇന്ദ്രജിത്തും മലയാളത്തിലെ രണ്ടു മുൻനിര നടന്മാരാണെങ്കിലും, മക്കളുടെ പേരിൽ അറിയപ്പെടാൻ മല്ലിക സുകുമാരന് താൽപര്യമില്ല. നടൻ സുകുമാരന്റെ ഭാര്യ എന്ന മേൽവിലാസത്തിൽ അറിയപ്പെടാനാണ് തനിക്ക് ഇഷ്ടമെന്നാണ് ബിഹൈൻഡ്വുഡ്സിനു നൽകിയ അഭിമുഖത്തിൽ മല്ലിക പറഞ്ഞിരിക്കുന്നത്. അഭിമുഖത്തിൽ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കുറിച്ചാണ് മല്ലിക കൂടുതലും സംസാരിച്ചത്.
കൊച്ചുമക്കളാണ് തനിക്കേറെ പിന്തുണ നൽകുന്നതെന്ന് മല്ലിക പറഞ്ഞു. ”പ്രത്യേകിച്ച്, പൃഥ്വിരാജിന്റെ മകൾ അല്ലിയും ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ മകൾ നക്ഷത്രയും. പ്രാർത്ഥന വളർന്നതുകൊണ്ട് നോക്കിയും കണ്ടുമൊക്കെയേ പെരുമാറുകയുള്ളൂ. ഡാഡ, അച്ചമ്മ എന്നൊക്കെ വിളിച്ച് അലംകൃത സംസാരിക്കുമ്പോൾ ഈ ചെറുപ്രായത്തിൽ തന്നെ അവൾ ഭംഗിയായി കാര്യങ്ങൾ ചെയ്യുന്നതുകാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.”
ഒരിക്കൽ കൊച്ചിയിലെ തന്റെ ഫ്ലാറ്റിൽ താമസിക്കാൻ എത്തിയപ്പോൾ അച്ചമ്മ എന്താ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നതെന്ന് അല്ലി ചോദിച്ചു. ക്രിസ്മസ് അല്ലേ, നമ്മുടെ വീട്ടിൽ വാ. നമുക്ക് കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിക്കാമെന്ന് അവൾ പറഞ്ഞു. എന്റെ മോനും മരുമോളും പറയാത്തത് അവൾ പറഞ്ഞു എന്ന് ഞാൻ പൃഥ്വിയോട് തമാശ പറഞ്ഞിരുന്നു. ആറ് വയസേയുള്ളൂവെങ്കിലും വളരെ പക്വതയോടെ സംസാരിക്കുന്ന കുട്ടിയാണ് അല്ലി. കൊച്ചി കണ്ടാൽ ഇപ്പോൾ തനിക്ക് തിരുവനന്തപുരം വേണ്ടാത്ത സ്ഥിതിയാണെന്നും മല്ലിക ചിരിച്ചുകൊണ്ട് പറഞ്ഞു. തിരുവനന്തപുരത്താണ് മല്ലിക താമസിക്കുന്നത്. ഇടയ്ക്കൊക്കെ കൊച്ചിയിലെ തന്റെ ഫ്ലാറ്റിലും താമസിക്കാനെത്താറുണ്ട്.
മകൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യിലായിരുന്നു മല്ലികയുടെ അവസാനം റിലീസിനെത്തിയ സിനിമ. അൽഫോൺസ് പുത്രന്റെ ’ഗോൾഡാ’ണ് റിലീസിനൊരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിൽ പൃഥ്വിരാജിന്റെ അമ്മ വേഷത്തിലാണ് മല്ലിക എത്തുന്നത്.
Read More: സ്വർഗത്തിൽ അച്ഛാച്ചനെ കണ്ടോ?; ഡാഡിയ്ക്ക് അല്ലി മോളുടെ കത്ത്