പ്രളയകാലത്തും അതിനു മുൻപുമൊക്കെ ട്രോളന്മാർ ഏറെ ആഘോഷിച്ച താരങ്ങളിൽ ഒരാളാണ് അഭിനേത്രിയും ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരുടെ അമ്മയുമായ മല്ലികാ സുകുമാരന്‍. ’മല്ലിക ചേച്ചിയുടെ ലംബോര്‍ഗിനി’യായിരുന്നു പ്രളയകാലഘട്ടത്തിലെ സജീവമായ ട്രോളുകളില്‍ ഒന്ന്. പൃഥ്വിരാജ് പുതിയ ലംബോര്‍ഗിനി കാര്‍ വാങ്ങിയ സാഹചര്യത്തില്‍ തിരുവനന്തപുരത്തെ തന്റെ വീട്ടിലേക്ക് ആ കാര്‍ കൊണ്ട് വരാനുള്ള ബുദ്ധിമുട്ട് പറഞ്ഞ മല്ലികാ സുകുമാരന്റെ വാക്കുകള്‍ ആണ് ട്രോളില്‍ കയറിപ്പറ്റിയത്. തുടര്‍ന്ന് പ്രളയസമയത്ത് ഒരു ഒരുളിയില്‍ കയറി മല്ലികാ സുകുമാരന്‍ യാത്ര ചെയ്തിതിനെ ചേര്‍ത്താണ് ട്രോള്‍ ഉണ്ടായത്.
Read Here: അമ്മേ വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്പില്‍ കയറി പോകേണ്ടി വരും: പൃഥ്വിരാജ് മല്ലികയോട്
എന്നാൽ തന്നെ വിഷയമാക്കി കൊണ്ടുള്ള ട്രോളുകളെല്ലാം തന്നെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഗുണമാവുകയാണ് ചെയ്തതെന്ന് മല്ലിക സുകുമാരൻ പറയുന്നു. ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടു നല്‍കിയ അഭിമുഖത്തിലാണ് ട്രോളുകളെക്കുറിച്ചും അവര്‍ മനസ്സു തുറന്നത്.
“ട്രോളുകാരോട് എനിക്ക് സ്നേഹമാണ്. അവര് ട്രോൾ ഇട്ട് ഇട്ട് അതെനിക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ. ഒന്നാമത്, എന്റെ വില്ലയിലേക്കുള്ള വഴിയുടെ കാര്യം തന്നെ. ഇവിടേക്കുള്ള വഴി ഇപ്പോൾ നന്നായി. വെള്ളം കയറുന്ന പ്രശ്നം മാറി. റോഡൊക്കെ ടാർ ചെയ്തു. കുറച്ചു ഭാഗത്ത് ഇന്റർലോക്ക് ചെയ്തു. ഈ പ്രദേശം മനോഹരമായെന്നു പറഞ്ഞാൽ മതിയല്ലോ. അതിന്റെ തുടക്കം കുറിച്ചത് ട്രോളുകളാണ്, ഞാൻ ചെമ്പിൽ കയറിപ്പോയ ട്രോളൊക്കെയാണ് ഈ മാറ്റത്തിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്,” ചിരിയോടെ മല്ലിക സുകുമാരൻ പറയുന്നു.
ഓണം റിലീസ് ചിത്രങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന രസകരമായ ചില ട്രോളുകളിലും താരമാണ് മല്ലിക സുകുമാരൻ. ‘ലവ് ആക്ഷൻ ഡ്രാമ’യിലൂടെ അവർ ഓണം ചിത്രങ്ങളുടെ ഭാഗമാകുമ്പോൾ ‘ബ്രദേഴ്സ് ഡേ’യിലൂടെ മകൻ പൃഥ്വിരാജുമുണ്ട് ഈ ഓണക്കാലത്ത് തിയേറ്റർ മത്സരത്തിന്. അമ്മയ്ക്കും മകനുമൊപ്പം നിശബ്ദ സാന്നിധ്യമായി സുകുമാരനുമുണ്ട് ഈ ഓണക്കാല ചിത്രങ്ങളിൽ. ‘ഇട്ടിമാണി’യിൽ രാധികയുടെ മരിച്ചു പോയ ഭർത്താവായി കാണിക്കുന്നത് സുകുമാരനെയാണ്. ‘ബ്രദേഴ്സ് ഡേ’യിലും പൃഥ്വിരാജിന്റെ അച്ഛൻ കഥാപാത്രമായി കാണിക്കുന്നത് സുകുമാരനെ തന്നെ.
“മോഹന്‍ലാല്‍ ചിത്രം ‘ഇട്ടിമാണി’യിൽ ഉപയോഗിച്ച ഫോട്ടോ, ഷൂട്ട് കഴിഞ്ഞപ്പോൾ ആന്റണി പെരുമ്പാവൂർ എനിക്ക് കൊടുത്തയച്ചു, ഇത് ചേച്ചിയ്ക്ക് ഇരിക്കട്ടെ എന്നും പറഞ്ഞ്. അമ്മയെ ‘ലവ് ആക്ഷൻ ഡ്രാമ’യും’, മകനെ ‘ബ്രദേഴ്സ് ഡേ’യും എടുത്തെങ്കിൽ അച്ഛനെ ‘ഇട്ടിമാണി’ എടുത്തു എന്നൊക്കെ പറഞ്ഞാണ് ട്രോളുകൾ വരുന്നത്,” മല്ലിക സുകുമാരൻ ചിരിക്കുന്നു.
“ഇത്തരം ട്രോളുകളൊക്കെ വരുമ്പോൾ ആ പടത്തിൽ ഞാനുണ്ടെന്നതിനുള്ള ഒരു പബ്ലിസിറ്റി കൂടിയാണ് അത്. അല്ലാതെ ഞങ്ങളെ പോലുള്ള അമ്മ/അച്ഛൻ/അമ്മാവൻ കഥാപാത്രങ്ങൾക്കൊന്നും ഇപ്പോഴത്തെ സിനിമകളിൽ അധികം പ്രാധാന്യം ഉണ്ടാകാറില്ലല്ലോ. അത്തരം കഥാപാത്രങ്ങളുടെയൊക്കെ കാലം പോയി. നായിക, നായകൻ, എവിടെ പാട്ട് ഷൂട്ട് ചെയ്യുന്നു അതൊക്കെയാണ് പലപ്പോഴും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ചില സിനിമകൾ ഒക്കെ അല്ലാതെയുമുണ്ട്. എന്നാലും പൊതുവെ കുടുംബാന്തരീക്ഷത്തിലെ ഒരു പ്രോപ്പർട്ടി പോലെയാണ് അച്ഛൻ/അമ്മ/അമ്മാവൻ ഇത്യാദി കഥാപാത്രങ്ങൾ. അതു കൊണ്ടു തന്നെ നമ്മൾ സിനിമയിൽ ഉണ്ടെന്ന് ഇത്തരം ട്രോളുകൾ പബ്ലിസിറ്റി കൊടുക്കുന്നത് എനിക്കൊരു പ്ലസ് പോയിന്റാണ്.
പല ട്രോളുകളും കണ്ട് ഞാൻ പൊട്ടിപൊട്ടി ചിരിച്ചിട്ടുണ്ട്. അടുത്തിടെ രാജുവിനെയും സുപ്രിയയേയും കുറിച്ചൊരു ട്രോൾ കണ്ട് പരിസരം മറന്ന് ചിരിച്ചു പോയി ഞാൻ. അല്ലിമോളുടെ സ്കൂളിലെ പിടിഎ മീറ്റിംഗിന് പോയിട്ട് വന്ന രാജുവിനോട് സുപ്രിയ ചോദിക്കുന്നു, ‘പിടിഎ മീറ്റിഗ് ഇത്ര പെട്ടെന്ന് കഴിഞ്ഞോ?’ ‘ഇല്ല അമ്മേ … തുടങ്ങിയപ്പോഴേക്കും അച്ഛൻ ആടി സെയിൽ തുടങ്ങിയെന്നു പറഞ്ഞു എല്ലാരേം പറഞ്ഞയച്ചു,’ എന്ന് അല്ലി മോൾ ഉത്തരം പറയുന്നു. കുറേ ചിരിച്ചു അതു കണ്ടിട്ട്,” മല്ലിക സുകുമാരൻ വെളിപ്പെടുത്തി.
“ഈ ട്രോളുകളൊക്കെ ഉണ്ടാക്കുന്നത് എന്റെ മക്കളേക്കാളും ചെറിയ കുട്ടികളാണ്. അങ്ങനെ ട്രോളൊക്കെ ചിന്തിച്ച് എഴുതാൻ ബുദ്ധിയും ചിന്താശേഷിയുമെല്ലാം വേണ്ടേ? അതൊരു വലിയ കാര്യമാണ്. ഓരോ സംഭവങ്ങളും ഓർത്തു വച്ച്, ഒരു സ്വീകൻസ് കൊണ്ടു വന്ന് അതു അനുയോജ്യമായ രീതിയിൽ ചേർത്തു വയ്ക്കാൻ ഒരു മിടുക്കു വേണം. മിടുക്കന്മാരാണല്ലോ ഈ കൊച്ചുപിള്ളേർ എന്നൊക്കെ എനിക്കു തോന്നാറുണ്ട്,” മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.
Read more: Onam 2019: ഓണം ചിത്രങ്ങളിലെ ‘സൂപ്പർ സ്മാർട്ട്’ അമ്മമാർ