ജീവിതത്തിലും സിനിമയിലുമെല്ലാം ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ അമ്മയാണ് മല്ലിക സുകുമാരൻ. സമൂഹമാധ്യമങ്ങളിലെ ട്രോളുകളൊന്നും ഈ അഭിനേത്രിയ്ക്ക് പുത്തരിയല്ല. അതിനെയെല്ലാം അതിന്റേതായ സ്പിരിറ്റിൽ എടുക്കുകയും കുറിക്കുകൊള്ളുന്ന മറുപടികൾ കൊടുക്കുകയും ചെയ്യാൻ മല്ലിക സുകുമാരൻ മടിക്കാറില്ല.
കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ ഫേസ്ബുക്ക് ലൈവിൽ അതിഥിയായി എത്തിയപ്പോഴും ഒരു ആരാധകന് അറിയേണ്ടിയിരുന്നത് ‘മല്ലികചേച്ചിയുടെ ലംബോർഗിനിയെ’ കുറിച്ചായിരുന്നു. “ലംബോർഗിനി എവിടെ അമ്മേ?” എന്ന് അന്വേഷിച്ച് ആൾക്ക് രസകരമായ മറുപടിയാണ് മല്ലിക സുകുമാരൻ നൽകിയത്. “അലമാരയിൽ വെച്ചു പൂട്ടിയേക്കുവാ മോനേ, ആവശ്യത്തിന് പുറത്തെടുത്താൽ മതിയല്ലോ?” എന്നായിരുന്നു താരത്തിന്റെ മറുപടി.
മകന്‍ പൃഥ്വിരാജ് പുതിയ ലംബോര്‍ഗിനി കാര്‍ വാങ്ങിയെന്നും അത് തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ട് വരാന്‍ സാധിക്കാത്തത് അവിടത്തെ റോഡുകളുടെ ശോചനീയ അവസ്ഥ കാരണമാണ് എന്നും മല്ലിക സുകുമാരന്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ട്രോളുകള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്ന് കേരളത്തില്‍ പ്രളയം വന്ന സാഹചര്യത്തില്‍ ഒരു ചെമ്പില്‍ കയറി മല്ലിക സുകുമാരന്‍ യാത്ര ചെയ്തപ്പോള്‍, ‘ഇതാണോ മല്ലിക ചേച്ചി പറഞ്ഞ ലംബോര്‍ഗിനി?’ എന്നും പരിഹാസങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ചാണ് ലൈവ് സംഭാഷണത്തില്‍ ഒരു ആരാധകന്‍ പരാമര്‍ശിച്ചത്.
Read Here: ഇതൊരു വല്ലാത്ത ചെയ്ത്തായിപ്പോയി: ട്രോളുകളോട് മല്ലികാ സുകുമാരന് പറയാനുള്ളത്
നടൻ ഇർഫാൻ ഖാന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ താരം ഇന്ത്യൻ സിനിമയുടെ നികത്താനാവാത്ത നഷ്ടമാണ് ഇർഫാന്റെ വിയോഗമെന്നും കൂട്ടിച്ചേർത്തു. “ഇർഫാൻ ഖാനെന്ന മികച്ച നടനെ, കലാകാരനെ നമുക്ക് നഷ്ടമായിരിക്കുകയാണ്. ആ പരേതാത്മാവിന് നിത്യശാന്തി നേരുന്നു,” എന്ന വാക്കുകളോടെയാണ് ലൈവ് ആരംഭിച്ചത്.
ലോകമെമ്പാടുമായി കൊറോണക്കാലത്ത് അകപ്പെട്ടുപോയവർക്കും താരം പ്രത്യാശ പകർന്നു. “സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും എല്ലാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് ശരിയാവാനായി നമുക്ക് കാത്തിരിക്കാം. മകന്റെ വരവിനായി കാത്തിരിക്കുന്ന ഒരു അമ്മയാണ് ഞാനും,” മല്ലിക സുകുമാരൻ പറഞ്ഞു.
നടൻ സുകുമാരന്റെ ഭാര്യ, പൃഥ്വിരാജ്- ഇന്ദ്രജിത്ത് സഹോദരന്മാരുടെ അമ്മ എന്നീ മേൽവിലാസങ്ങൾക്കെല്ലാം അപ്പുറം നടിയെന്ന രീതിയിലും ഒരു സംരംഭകയെന്ന രീതിയിലും സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് മല്ലിക സുകുമാരൻ. മനക്കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ആൾരൂപമെന്നാണ് മല്ലിക സുകുമാരനെ മരുമകളായ പൂർണിമ വിശേഷിപ്പിക്കുന്നത്.
1974-ൽ പുറത്തിറങ്ങിയ ‘ഉത്തരായനം’ എന്ന അരവിന്ദന്റെ ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലിക സുകുമാരന്റെ അഭിനയജീവിതത്തിന്റെ തുടക്കം. വിവാഹത്തോടെ അഭിനയത്തോട് തൽക്കാലം വിട പറഞ്ഞെങ്കിലും പിന്നീട് സീരിയലുകളിലൂടെയും സിനിമകളിലൂടെയും അഭിനയത്തിലേക്ക് തിരിച്ചു വരികയായിരുന്നു താരം.’ലവ് ആക്ഷൻ ഡ്രാമ’, ‘തൃശൂർ പൂരം’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അടുത്തിടെ മികവേറിയ അഭിനയമാണ് മല്ലിക സുകുമാരൻ കാഴ്ച വച്ചത്.
അഭിനയത്തിനൊപ്പം തന്നെ ഹോട്ടൽ ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മല്ലിക സുകുമാരൻ 2013 ലാണ് ദോഹയിൽ സ്പൈസ് ബോട്ട് എന്നൊരു റസ്റ്റോറന്റ് ആരംഭിക്കുന്നത്. സ്പൈസ് ബോട്ടിന്റെ സിഇഒയും എക്സിക്യൂട്ടീവ് ചെയർപേഴ്സണുമാണ് മല്ലിക സുകുമാരൻ.
Read more: പൃഥ്വി സുരക്ഷിതനാണ്, എല്ലാം ശുഭകരമാകുമെന്ന് പ്രതീക്ഷിക്കുന്നു: മല്ലിക സുകുമാരൻ
ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവ്
ലോക്ക്‌ഡൗൺ കാലത്ത് ലോകത്തിന്റെ പലയിടങ്ങളിലായി വീടുകളിൽ കുടുങ്ങിപ്പോയവർക്ക് വിരസതയകറ്റാനും പ്രിയതാരങ്ങളോട് സംസാരിക്കാനും ഒരു വഴിയൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവിൽ താരങ്ങളുമായുള്ള മുഖാമുഖം പരിപാടി ആരംഭിക്കുന്നത്.
നടിമാരായ ഐശ്വര്യ ലക്ഷ്മി, നദിയ മൊയ്തു, കനിഹ, മഞ്ജുപിള്ള, രോഹിണി, ഗൗരി നന്ദ, ലക്ഷ്മി ഗോപാലസ്വാമി, മെറീന, ഗായകൻ ശ്രീനിവാസൻ, ഗായിക മഞ്ജരി, രശ്മി സതീഷ്, സംഗീത സംവിധായകരായ ഗോപിസുന്ദർ, രാഹുൽ രാജ്, നടന്മാരായ മാമുക്കോയ, ജാഫർ ഇടുക്കി, കോട്ടയം നസീർ, ടിനി ടോം, വിനീത്, ദീപക് പറമ്പോൽ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ഭദ്രൻ തുടങ്ങി നിരവധി പേരാണ് ഇതിനകം ഐ ഇ മലയാളം പ്രേക്ഷകരുമായി സംവദിക്കാൻ ലൈവിലെത്തിയത്.
ഫേസ്ബുക്ക് ലൈവ് വീഡിയോകള്‍ കാണാം.
Read more: എന്നെ നടനാക്കിയ ഇര്‍ഫാന്‍: ഫഹദ് ഫാസില്‍ എഴുതുന്നു