ഇന്ന് അറുപത്തിനാല് വയസ്സ് തികയുന്ന മല്ലികാ സുകുമാരന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മരുമകള്‍ പൂര്‍ണിമ. മല്ലികാ സുകുമാരന്റെ മൂത്തമകനും നടനുമായ ഇന്ദ്രജിത്തിന്റെ ഭാര്യയാണ് മികച്ച ഫാഷന്‍ ഡിസൈനറും കൂടിയായ പൂര്‍ണിമാ ഇന്ദ്രജിത്ത് അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് കുറിച്ചതിങ്ങനെ.
“മനക്കരുത്തിന്റെ, നിശ്ചയദാർഢ്യത്തിന്റെ, നർമബോധത്തിന്റെ എന്റെ അളവുകോൽ ! അമ്മക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ”. പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റെയും മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര എന്നിവര്‍ക്കൊപ്പം പൂര്‍ണ്ണിമയും മല്ലികയും നിലക്കുന്ന ചിത്രത്തോടോപ്പമാണ് കുറിപ്പ്.
മരുമകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് മല്ലികാ സുകുമാരനും എത്തി. “എന്റെ മോൾക്ക് അമ്മയുടെ നന്ദിയും അനുഗ്രഹാശിസ്സുകളൂം….. Love you മോളേ….” എന്നാണവര്‍ മറുപടി പറഞ്ഞത്.
പൂർണിമയ്ക്ക് മാത്രമാല്ല, ഇന്ദ്രജിത്തിനും പൃഥിരാജിനും സുപ്രിയയ്ക്കുമൊക്കെ റോൾ മോഡൽ തന്നെയാണ് മല്ലിക എന്ന അമ്മ. ഉറച്ച തീരുമാനങ്ങളും കാഴ്ചപ്പാടുകളും നിലപാടുകളും കൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വമാണ് മല്ലിക സുകുമാരൻ. കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായി 1954 ലാണ് മല്ലിക ജനിക്കുന്നത്. മോഹമല്ലിക എന്നാണ് യഥാർത്ഥ പേര്.
Read More: പിറന്നാള്‍ ദിനത്തില്‍ പൃഥിരാജിനോട് അമ്മ മല്ലിക സുകുമാരന് പറയാനുള്ളത്
1974 ൽ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് എന്ന മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി.
തുടർന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടര്‍ , ഇവര്‍ വിവാഹിതരായാല്‍ എന്നു തുടങ്ങി 90 ലേറെ സിനിമകളിലും നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.
Read more: ട്രോളുകള്‍ നോക്കാന്‍ നേരമില്ല, മല്ലികയുടെ ‘മക്കള്‍’ ഇവിടെയുണ്ട്
കെ. കെ രാജീവിന്റെ ‘പെയ്തൊഴിയാതെ’ എന്ന സീരിയലിലൂടെയാണ് സീരിയൽ രംഗത്ത് മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. ‘ഇന്ദുമുഖി ചന്ദ്രമതി’ തുടങ്ങിയ ഹാസ്യ കഥാപാത്രവും ടെലിവിഷൻ ലോകത്ത് മല്ലികയെ ഏറെ ശ്രദ്ധേയയാക്കി. പി പി ഗോവിന്ദന്റെ സരിത എന്ന ചിത്രത്തിലെ ഓർമ്മയുണ്ടോ എന്ന ഗാനം ആലപിച്ച് ഗായികയുടെ വേഷവും മല്ലിക കൈകാര്യം ചെയ്തു.
ദോഹയിൽ സ്‌പൈസ് ബോട്ട് എന്ന റസ്റ്റോറന്റ് നടത്തുകയാണ് മല്ലികയിപ്പോൾ. സ്‌പൈസ് ബോട്ടിന്റെ സിഇഒയും എക്സിക്യൂട്ടീവ് ചെയർപേഴ്സണുമൊക്കെയാണ് മല്ലിക സുകുമാരൻ.