scorecardresearch

പ്രാർത്ഥന മോളോട് എനിക്ക് ബഹുമാനമാണ്; മല്ലിക സുകുമാരൻ പറയുന്നു

“സുഹൃത്തുക്കളെ ഉണ്ടാക്കുമ്പോൾ ഇങ്ങനെയുണ്ടാക്കണമെന്ന് ഞാനവളോട് തമാശ പറയും”

Mallika Sukumaran, Mallika Sukumaran latest, Prarthana Indrajith, Prarthana Indrajith latest, Prarthana Indrajith new look, Prarthana Indrajith photos

ഇന്ദ്രജിത്തും പൂർണിമയും പൃഥ്വിരാജും മല്ലിക സുകുമാരനുമെല്ലാം അഭിനയത്തിൽ തിളങ്ങുമ്പോൾ സിനിമാകുടുംബത്തിലെ ഇളമുറക്കാരി പ്രാർത്ഥനയ്ക്കിഷ്ടം പാട്ടിന്റെ ലോകമാണ്. മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയിൽ പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

ലണ്ടനിൽ ഉപരിപഠനം നടത്തുകയാണ് പ്രാർത്ഥന ഇപ്പോൾ. ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്ത് യൂണിവേഴ്‌സിറ്റിയിലാണ് പ്രാര്‍ത്ഥന ബിരുദത്തിന് ചേര്‍ന്നിരിക്കുന്നത്. പേരക്കുട്ടിയെ കുറിച്ച് നടി മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“അവളൊരു എട്ടാം ക്ലാസ് മുതൽ എപ്പോഴും പറയും ജസ്‌റ്റിന്‍ ബീബറിന്റെ മ്യൂസിക് യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കുമെന്ന്. ബീബറുടെ വലിയ ഫാനാണ്. എനിക്കവളോടുള്ള ഏറ്റവും വലിയ ബഹുമാനം ഇന്ദ്രനോ പൂർണിമയോ ലണ്ടനിൽ എവിടെയാണ് നല്ല മ്യൂസിക് യൂണിവേഴ്സിറ്റി എന്നൊന്നും അന്വേഷിക്കേണ്ടി വന്നില്ല. പ്രാർത്ഥന തന്നെ കോഴ്സ് സെലക്റ്റ് ചെയ്ത് കാര്യങ്ങൾ മനസ്സിലാക്കി ഇന്ദ്രനോടും പൂർണിമയോടും പറയുകയായിരുന്നു. കോഴ്സ് തന്നെ കണ്ടുപിടിച്ചു, അഡ്മിഷനെ കുറിച്ചൊക്കെ മനസ്സിലാക്കി. ആ സമയത്ത് ഇന്ദ്രന് ഒരു മാസം അവിടെ ഷൂട്ടുണ്ടായിരുന്നു, ഇന്ദ്രനും കൂടെ ചെന്നു. തിയറിയാണ് ഇപ്പോൾ കൂടുതലും പഠിപ്പിക്കുന്നത്, വല്ലപ്പോഴും പാട്ടൊക്കെ പാടിപ്പിക്കും. അതൊക്കെ അയച്ചു തരും. ഉക്രെയ്നിലെയും ചൈനയിലേയും കുട്ടികളാണ് റൂം മേറ്റ്സ്. സുഹൃത്തുക്കളെ ഉണ്ടാക്കുമ്പോൾ ഇങ്ങനെയുണ്ടാക്കണമെന്ന് ഞാൻ തമാശ പറയും, ഒരാൾ ഉക്രെയിനിൽ നിന്നും ഒരാൾ ചൈനയിൽ നിന്നും,” മല്ലിക സുകുമാരൻ പറയുന്നു.

പാട്ടും ഗിത്താർ വായനയും ഡബ്സ്മാഷുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രാർത്ഥന. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്.

മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡിൽ പ്രാർത്ഥനയുടെ അരങ്ങേറ്റം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mallika sukumaran about prarthana indrajith