സിനിമയിൽ എത്തും മുൻപു തന്നെ പരിചയവും അടുപ്പവുമുള്ള രണ്ടു പേരാണ് മോഹൻലാലും മല്ലിക സുകുമാരനും. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലുള്ള അടുപ്പത്തിന് ഏതാണ്ട് ആറു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇപ്പോഴിതാ, മോഹൻലാലിന്റെ കുട്ടിക്കാലത്തെ കുസൃതികളെ കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
“എലന്തൂർ ആണ് ലാലുവിന്റെ അച്ഛന്റെ വീട്, അമ്മയുടെ വീട് പെരിന്തൽമണ്ണ. കുട്ടിക്കാലത്ത് ഞങ്ങൾ അവിടെയൊക്കെ പോവുമായിരുന്നു. ആ കുടുംബങ്ങളുമായി നല്ല അടുപ്പവുണ്ട്.”
“ഞങ്ങൾ മുടവൻ മുകളിൽ താമസിക്കുന്ന സമയത്ത് ലാലുവിന്റെ അച്ഛൻ സെക്രട്ടറിയേറ്റിൽ ലോ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുകയാണ്. പെട്ടെന്ന് അത്യാവശ്യം വരുമ്പോൾ, ലാലുവിന്റെ അമ്മയും അച്ഛനും പത്തനംത്തിട്ട വരെ പോവും. ചിലപ്പോൾ രാവിലെ പോയി വൈകിട്ട് വരും. ലാലുവിന്റെ വീട്ടിലാക്കിയിട്ടാണ് പോവുക.”
“എന്റെ ചേട്ടനുമായാണ് ലാലുവിന് കൂട്ട്. ചേട്ടൻ അന്ന് എബിബിഎസിനു പഠിക്കുകയാണ്. പഠനവും ക്ലാസുമൊക്കെയായി ലാലുവിന്റെ പിറകെ ഓടി നടക്കാനൊന്നും ചേട്ടന് സമയം കിട്ടില്ല. എന്നാൽ, പിന്നെ മല്ലി നോക്കിക്കൊള്ളും എന്നു പറഞ്ഞ് ലാലുവിനെ എന്നെ ഏൽപ്പിക്കും. ഭയയങ്കര കുസൃതിയാണ് ലാലു, ആളെ ഭൂമിയിലേക്ക് ഒന്നു കിട്ടിയിട്ടു വേണ്ടോ, പിടിച്ചു നിർത്താൻ.”
“അന്ന് ലാലുവിന് ഏഴു വയസ്സു കാണും, എനിക്ക് 12 വയസ്സും. ഞങ്ങളുടെ വീടിനടുത്ത് ചരിഞ്ഞ ഒരു പ്ലാവുണ്ട്, അതിന് മുകളിൽ വലിഞ്ഞുകയറുന്നതൊക്കെയായിരുന്നു ലാലുവിന്റെ പരിപാടി.”
“ഒരു ദിവസം എന്റെ അച്ഛൻ താഴെ ഹാളിൽ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ ലാലു സ്റ്റെയർ കെയ്സിന്റെ കൈവരിയിലൂടെ ഊർന്നിറങ്ങി വരികയാണ്. അച്ഛൻ അമ്മയെ തങ്കമ്മേ എന്നൊരു വിളിച്ചതേ കേട്ടുള്ളൂ. ഞങ്ങളെല്ലാം ഓടിചെന്നു. “ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, വിശ്വനാഥൻ നായരും ശാന്തമ്മയും കൂടി വരുമ്പോൾ കയ്യും കാലും ഒടിക്കാതെ, ശരിയായ രൂപത്തിൽ, ജീവനോടെ ഈ കുഞ്ഞിനെ തിരികെ കൊടുക്കണം. അല്ലെങ്കിൽ അവരോട് കാണിക്കുന്ന നന്ദി കേടാവും,” എന്നൊക്കെ പറഞ്ഞ് അച്ഛൻ അമ്മയെ വഴക്കു പറഞ്ഞു. അമ്മ ഒന്നും മനസ്സിലാവാതെ എന്താ കാര്യം എന്ന് തിരക്കി. സ്റ്റെയറിലൂടെ ലാലു ഊർന്നിറങ്ങിവരുന്നത് അച്ഛൻ കണ്ടു, അതിന്റെ പേടിയാണെന്ന് ഞാൻ പറഞ്ഞു. പിന്നെ എന്റെ ജോലി ലാലുവിന്റെ പിറകെ നടക്കുക എന്നതായി. കുസൃതി കാണിക്കാതെ, എവിടെയും വലിഞ്ഞു കയറാതെ നോക്കേണ്ടത് എന്റെ ജോലിയാണ്.”
“അടുത്തിടെ കൂടെ ഞാനിത് ലാലുവിനോട് പറഞ്ഞു ചിരിച്ചതേയുള്ളൂ. ലാലുവിനെ പോലെ അതുപോലൊരു കുസൃതികുടുക്കയെ ആ പ്രായത്തിൽ ഞാൻ കണ്ടിട്ടില്ല. ഏതാണ്ട് അതുപോലെ ഒരു മിനിയേച്ചറാണ് ഇപ്പോൾ പൃഥ്വിയുടെ മകളും, ഒരു നിമിഷം അടങ്ങി നിൽക്കില്ല,” മല്ലിക സുകുമാരൻ പറഞ്ഞു.
ലാലു എന്നു പറഞ്ഞാൽ തനിക്കും മല്ലിക ചേച്ചി എന്നു പറഞ്ഞാൽ ലാലുവിനും ഇപ്പോഴും ഏറെ പ്രിയപ്പെട്ടവരാണെന്നും വ്യക്തിപരമായി തുടരുന്ന ആത്മബന്ധമാണതെന്നും അവർ കൂട്ടിച്ചേർത്തു.