ബോളിവുഡിന്റെ ഒരുകാലത്തെ പ്രിയപ്പെട്ട താരവും മോഡലുമൊക്കെയാണ് നടി മല്ലിക ഷെറാവത്ത്. അടുത്തിടെയായിരുന്നു മല്ലിക തന്റെ 45-ാം ജന്മദിനം ആഘോഷിച്ചത്. പ്രായം നാൽപ്പത്തഞ്ചിലെത്തി നിൽക്കുമ്പോഴും ഇരുപതിന്റെ ചെറുപ്പവും ചുറുചുറുക്കുമുള്ള താരമെന്നാണ് മല്ലികയെ ആരാധകർ വിശേഷിപ്പിക്കുന്നത്.
ഇപ്പോഴിതാ, തന്റെ വേറിട്ട ജീവിതരീതിയെ കുറിച്ചും ബോയ്ഫ്രണ്ടിന്റെ സ്ഥിരം പരാതിയെ കുറിച്ചും മല്ലിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘ദി ലവ് ലാഫ്’ എന്ന ലൈവ് ഷോയ്ക്കിടെയായിരുന്നു മല്ലികയുടെ തുറന്നു പറച്ചിൽ. ”എനിക്ക് പാർട്ടി സംസ്കാരം തീരെ ഇഷ്ടമല്ല. ആത്മീയതയിൽ ഊന്നിയ സമഗ്രമായ ഒരു ജീവിത രീതിയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എനിക്ക് നേരത്തെ ഉറങ്ങാൻ ഇഷ്ടമാണ്. എന്റെ ബോയ്ഫ്രണ്ട് എന്നോട് പരാതി പറയാറുണ്ട്, “ദൈവമേ! നീയെന്താ കന്യാസ്ത്രീ ആണോ? നീയെപ്പോഴും നേരത്തെ ഉറങ്ങുന്നു, എന്താണ് നിനക്ക് കുഴപ്പം?”
താൻ വളരെ കാലമായി ഒരാളുമായി അടുപ്പത്തിലാണെന്നും അയാൾക്കൊപ്പം ഒരു നല്ല ഭാവി ജീവിതം സ്വപ്നം കാണുന്നുവെന്നും അടുത്തിടെയാണ് മല്ലിക വെളിപ്പെടുത്തിയത്. എന്നാൽ തന്റെ ബോയ്ഫ്രണ്ടിന്റെ പേരോ മറ്റു വിവരങ്ങളോ താരം വെളിപ്പെടുത്തിയിട്ടില്ല.
“ഞാനിപ്പോൾ പ്രണയത്തിലാണ്. അതെ, എന്റെ കരിയറിന്റെ തുടക്കത്തിൽ, ഞാൻ തിരക്കിട്ട് ജോലി ചെയ്യുകയായിരുന്നു. ഇപ്പോൾ, ഞാൻ എന്റെ ജീവിതത്തിൽ വളരെ സുഖപ്രദമായ ഒരിടത്താണ്, സ്നേഹം അതിൽ വലിയൊരു പങ്ക് വഹിക്കുന്നു.”
ഹരിയാനയിലെ കർണാൽ സ്വദേശിയാണ് റീമ ലാംബ എന്ന മല്ലിക. 2003ൽ പുറത്തിറങ്ങിയ ‘ഖ്വായിഷ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മല്ലികയുടെ സിനിമ അരങ്ങേറ്റം. തുടർന്ന് മർഡർ, ജാക്കിച്ചാനൊപ്പം ദ മിത്ത്, പ്യാർ കെ സൈഡ് ഇഫക്ട്സ്, കമലഹാസനൊപ്പം ദശാവതാരം, ഗുരു, ഡേർട്ടി പൊളിറ്റിക്സ് എന്നിങ്ങനെ മുപ്പതിലേറെ സിനിമകളിൽ മല്ലിക വേഷമിട്ടു.
ഏഷ്യയിലെ 100 സുന്ദരികളിൽ ഒരാളായി ഹോങ്കോംഗിലെ ഒരു ഫാഷൻ മാഗസിൻ മല്ലികയെ തിരഞ്ഞെടുത്തിരുന്നു.
എയർ ഹോസ്റ്റസ് ആയും മല്ലിക പ്രവർത്തിച്ചിട്ടുണ്ട്. 1997ൽ പൈലറ്റ് കരൺ സിംഗ് ഗില്ലിനെ വിവാഹം കഴിച്ച മല്ലിക പിന്നീട് വിവാഹമോചനം നേടി.