ഒമർ ലുലുവിൻെറ ഏറ്റവും പുതിയ ചിത്രമാണ് ‘നല്ല സമയം’. ചിത്രത്തിൻെറ ട്രെയിലർ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. നടി ഷക്കീലയായിരുന്നു പരിപാടിയുടെ മുഖ്യ അതിഥി. എന്നാൽ ഷക്കീല വരുമെന്നറിഞ്ഞപ്പോൾ മാൾ അധികൃതർ സെക്യൂരിറ്റി പ്രശ്നങ്ങൾ പറഞ്ഞ് താരത്തെ വിലക്കുകയായിരുന്നു എന്നാണ് ഒമർ ലുലു പറയുന്നത്. തുടർന്ന് ഇന്നു രാത്രി ഏഴരയ്ക്കു മാളിൽ വച്ച് നടത്താനിരുന്നു പരിപാടി റദ്ദു ചെയ്യുകയാണ് ഉണ്ടായത്. ” ചേച്ചിയാണ് ഗസ്റ്റ് എന്നറിഞ്ഞപ്പോൾ ഒരുപാട് സെക്യൂരിറ്റി പ്രശ്നങ്ങളെക്കുറിച്ച് അവർ പറഞ്ഞു. വൈകുന്നേരത്തോടെ അവർ പറ്റില്ലെന്നു പറഞ്ഞു. ചേച്ചിയാണെങ്കിൽ കോഴിക്കോടേക്കു വരികയും ചെയ്തു. ഞങ്ങളോടു ക്ഷമിക്കണം ചേച്ചി” ഒമർ പറഞ്ഞു.
ആദ്യം തങ്ങളോടു സെക്യൂരിറ്റി പ്രശ്നങ്ങൾ പറഞ്ഞ അധികൃതർ പിന്നീട് ഷക്കീലയെ ഒഴിവാക്കിയാൽ സമ്മതം നൽകാമെന്നു പറഞ്ഞെന്നും പക്ഷെ വിളിച്ച് വരുത്തിയ അതിഥിയില്ലാതെ പരിപാടി നടത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഒമർ പറയുന്നു.
താൻ ഇതു കുറെ കാലമായി അനുഭവിക്കുന്നതെന്നാണ് ഷക്കീല പറയുന്നത്. “കോഴിക്കോട് എനിക്കു വളരെയധികം മിസ്സ് ചെയ്യുന്നുണ്ട്. ഈ വാർത്ത കേട്ട് ഒരുപാട് പേർ മേസേജ് അയച്ചു. എനിക്കു വളരെയധികം വേദന തോന്നുന്നുണ്ട്. കാരണം നിങ്ങളാണ് ഈ അഡ്രസ് എനിക്കു തന്നത്. പക്ഷെ നിങ്ങൾ തന്നെ അതു അംഗീകരിക്കുന്നുമില്ല” ഷക്കീല പറയുന്നു.
നവംബർ 25 നു തിയേറ്റിലെത്തുന്ന ചിത്രം ‘നല്ല സമയം’ എ സർട്ടിഫിക്കേറ്റാണ് നേടിയിരിക്കുന്നത്. ഇർഷാദ് അലിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻെറ ട്രെയിലർ ഇന്ന് രാത്ര ഓൺലൈനായി റിലീസ് ചെയ്യും.