Malikappuram OTT: 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമെന്ന വിശേഷണവും മാളികപ്പുറത്തിനു സ്വന്തം. ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ഫെബ്രുവരി 15ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക.
2022ലെ അവസാന റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കേരളത്തിനു പുറമെ ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും ജിസിസി, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.
‘കുഞ്ഞിക്കൂനന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കറിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോയായ അയ്യപ്പന്റെയും കഥയാണ് ചിത്രം പറയുന്നത്. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
സൈജു കുറുപ്പ്, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍, ദേവനന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.