ഒരു താക്കോല്‍പ്പഴുതിലൂടെ ഒരു ജൂതപ്രേതം മട്ടാഞ്ചേരിയില്‍ നിന്ന്  മലയാളസിനിമയെ എത്തിനോക്കുകയാണ് എസ്രയിലൂടെ. രാജീവ് രവിയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ജയ് കെയുടെ ആദ്യസംവിധാനച്ചുവടാണ് എസ്ര എന്ന ഹൊറർ ത്രില്ലര്‍.

കാലം ഘനീഭവിച്ചു തൂങ്ങിക്കിടക്കുന്ന  ആല്‍മരവേരുകള്‍ ഓരോന്നും ഒരു പഴയ സംസ്‌കാരത്തിന്റെ ഓരോരോ നെടുവീര്‍പ്പുകളാണ്.  മട്ടാഞ്ചേരിയില്‍  ഒരു പ്രണയകഥയുടെ ഉരുത്തിരിയലുകളും ഫോര്‍ട്ട്‌കൊച്ചിയിലെ ജൂതസംസ്കാരത്തിന്റെ അടരുകളും  ഇണചേര്‍ന്നുവിരിയുന്നു  എന്ന മനോഹരസങ്കല്പത്തിനെ പിന്തുടര്‍ന്നാണ് പ്രേക്ഷകന്‍ തിയേറ്ററിലെത്തുന്നത്, പക്ഷേ സിനിമയിലെ കോണിപ്പടിയിലെ കനപ്പെട്ട പാദപതനങ്ങള്‍ക്കുപുറകേ പോയി യാതൊന്നും പ്രത്യക്ഷത്തില്‍ കാണാതെ ഹതാശനാകുന്ന പൃഥ്വിരാജിന്റെ അതേ അവസ്ഥയിലാണ് കാഴ്ചക്കാരും എത്തിനില്‍ക്കുക എന്നതാണ് സത്യം.

ആദ്യപകുതിയില്‍ ഒരാദ്യ സംവിധാനസംരംഭത്തിനുമപ്പുറം കൈയടക്കം കാണിക്കുന്നുണ്ട്. ചെറിയ കൈക്കുറ്റപ്പാടുകളെ സ്‌നേഹപൂര്‍വ്വം ഉള്‍ക്കൊള്ളാന്‍ വരെ നമ്മള്‍ തയാറായ ആദ്യപകുതി ഒരുപാട് പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണ്. ആകാംക്ഷയുടെ മുള്‍മുനയില്‍ കഥയെ നിര്‍ത്തി ഇന്റര്‍വെല്‍ തുടങ്ങും വരെ  സിനിമയ്ക്ക് ജീവനുണ്ട്.  കടലിലേക്കെറിഞ്ഞ പ്രേതശരീരം പോലെ  സിനിമയെ ഏതോ തിരകള്‍ വന്ന് മുക്കിക്കളയുന്നതാണ് പിന്നെ നമ്മള്‍ കാണുന്ന കാഴ്ച.

ഒരു പഴയ കാലത്തിലെ ആണ്‍ജൂതനും ക്രിസ്ത്യാനിപ്പെണ്ണും ജാതി, സമ്പത്ത്, വീട്ടുകാരുടെ എതിര്‍പ്പ് തുടങ്ങിയ സ്ഥിരം ഫോര്‍മുലയില്‍പ്പെട്ട് പ്രണയപരാജിതരാവുകയും ഒരാള്‍ സ്വേച്ഛപ്രകാരവും മറ്റേയാള്‍ പൊതുജനത്തിന്റെ ഇച്ഛപ്രകാരവും ഭൂമിയില്‍ നിന്ന് മാഞ്ഞുപോവുകയും ചെയ്യുന്നു.  ഇസ്രായേലിലെ ജൂതസാമ്രാജ്യത്തിലേക്ക് ഒരുനാള്‍ പോകാമെന്നു സ്വപ്‌നം കണ്ടിരുന്ന എസ്രയുടെ അച്ഛന്‍  പ്രതികാരദാഹത്തോടെ, അയാള്‍ക്ക് വശംവദമായ ആഭിചാരക്രിയ വഴി എസ്രയുടെ ആത്മാവിനെ ഡെബുക്ക് എന്ന പെട്ടിയില്‍ (ജൂതരുടെ നാടോടിസംസ്‌ക്കാരത്തിലെ മിത്താണ് ഈ പെട്ടിക്കഥ) സൂക്ഷിക്കുകയും കൊച്ചിയിലേക്ക് പ്രമോഷനോടെ ജോലിമാറ്റം കിട്ടിവരുന്ന നിരഞ്ജന്റെ  (പൃഥ്വിരാജ്) ഭാര്യ പ്രിയ  (ഇംഗ്ലീഷ് വിംഗ്ലീഷിലെ പ്രിയ ആനന്ദ്)  കൗതുകം പൂണ്ട് ആ പെട്ടി വാങ്ങിവരികയും അത് താക്കോലിട്ട് തുറക്കാന്‍ നോക്കുകയും ചെയ്യുന്നതോടെയാണ് പ്രേതം അതിന്റെ തട്ടകമായ പ്രതികാരദാഹത്തിലേക്കിറങ്ങുന്നത്.  
ezra-2

സൈര്യവിഹാരം നടത്തുന്ന ബാധയെ ഒഴിപ്പിക്കാന്‍  നിരഞ്ജന്റെ അടുത്ത ബന്ധുകൂടിയായ ക്രിസ്തുമതവിശ്വാസിയായ അച്ചനും (ഫാദര്‍ സാമുവല്‍ ആയി വിജയരാഘവന്‍) ബോംബെയില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന ജൂതമതവിശ്വാസിയായ അച്ചനും  ( റാബി ഡേവിസ് ബെന്യാമിന്‍  ആയി ബാബു ആന്റണി ) പണിപ്പെടുന്നു. ഒടുവില്‍ ബാധയൊഴിപ്പിക്കല്‍ക്കൂട്ടത്തില്‍ എസിപി  ഷാഫര്‍ അഹമ്മദ്  (റ്റൊവിനോ തോമസ് ) വരെ ചേരുന്നുണ്ട്.

ജൂതപ്പാട്ടിന്റെ പഴയ ഈണങ്ങളിലേക്ക്, റേഡിയേഷന്‍ വെയ്സ്റ്റിന്റെ കാര്യം വരെ ചേര്‍ത്ത് പ്രേതത്തെ പുതിയകാലത്തിനു ചേരുന്ന മട്ടില്‍ പുതുക്കിപ്പണിയാനുള്ള ശ്രമം വരെ നടത്തിനോക്കിയിട്ടും കഥ മോക്ഷം  കിട്ടാത്ത പ്രേതം പോലെ തിരക്കഥ കൂടി പണിതിരിക്കുന്ന സംവിധായകന്റെ ഭാവനയുടെ ആണിയടിയേറ്റ് ഞെരങ്ങിപ്പുളയുന്ന കാഴ്ചയാണ് എസ്ര തരുന്നത്.

പ്രണയമെന്നാല്‍ മഴയും ചാക്കുകള്‍ക്കിടയിലെ ഇണചേരലും ആണെന്ന പാടിപ്പതിഞ്ഞ സിനിമാശ്ശീലങ്ങള്‍ കണ്ട് കാഴ്ചക്കാരന് മനംമടുക്കുന്നു. ആത്മഹത്യാസീനില്‍, തുങ്ങിനില്‍ക്കുന്ന ആല്‍മരവേരുകളുടെ ദൂശ്യം കാണിച്ചിട്ടും മതിവരാതെ തൂങ്ങിയാടുന്ന കാലുകളെക്കൂടി കാണിച്ചുതന്നേ അടങ്ങൂ എന്ന വാശി മലയാളസിനിമയ്ക്ക് ഗുണം ചെയ്യില്ല.

അപ്രതീക്ഷിതമായി ഞെട്ടിത്തരിപ്പിച്ച് സീറ്റില്‍ നിന്ന് കാഴ്ചക്കാരനെ ചാടിത്തുള്ളി എണീപ്പിക്കുന്നതരം പ്രേതബഹളങ്ങളില്ല ഇതില്‍ എന്നത് എസ്രയുടെ മേന്മയാണ്. പ്രേതസിനിമയായിരുന്നിട്ടും ബാക്ഗ്രൗണ്ട് സ്‌കോര്‍ മനുഷ്യത്വത്തോടെയാണ് രാഹുല്‍രാജ് കൈകാര്യംചെയ്യുന്നത്. പാട്ട് സിനിമയുടെ മൂഡിനനുസരിച്ചാണ്. രാഹുല്‍രാജാണ് പാട്ടുകളുടെ ഈണം. ലൈലാകമേ വരികള്‍  എഴുതിയത് ഹരിനാരായണനും പാടിയിരിക്കുന്നത് ഹരിചരണും. ലൈലാകമേ.. എന്ന വാക്കിന്റെ ഭാഷയേതെന്നോ അര്‍ത്ഥമെന്തെന്നോ മനസ്സിലാവാത്ത് ഒരു പോരായ്മയാണോ എന്തോ!  അന്‍വര്‍ അലിയാണ് ജൂതവരികളായ തമ്പിരാനെ (പാടുന്നത് വിപിന്‍ രവീന്ദ്രന്‍) മിനുക്കിയെടുത്തിരിക്കുന്നത്. ഇരുളുനീളും രാവേ വരികള്‍ എഴുതിയത് വിനായക് ശശികുമാറും പാടിയത് സച്ചിന്‍ബാലുവും.
ezra-3

പ്രണയം ചാലിച്ചെഴുതിയ ഹൊറര്‍ എന്ന പരസ്യത്തില്‍ നിന്ന് പ്രണയവും പ്രതികാരവും ചോര്‍ന്നുപോകുമ്പോള്‍ ഭാര്‍ഗ്ഗവിക്കുട്ടി, ആ പഴയ ബഷീറിയന്‍ ഭാര്‍ഗ്ഗവിക്കുട്ടി പൊട്ടിയ പൊന്നിന്‍ കിനാവെന്ന് കളിയാക്കിച്ചിരിക്കുന്നു.

അവനവന്റെ മനസ്സിലെ സിനിമയിലേക്കു നോക്കാതെ  കഴിഞ്ഞുപോയകാലത്തിന്റെ  സിനിമകളുടെ കല്ലറകളിലേക്ക് നോക്കുന്നയിടത്താണ് മലയാളസിനിമ പാളുന്നത്. എന്നാലും സന്തോഷമുണ്ട്. ഈ സംവിധായകന് മാത്രല്ലേ  എത്രയോ നൂറ്റാണ്ടുകളുടെ പഴക്കത്തോടെ കായലിനെയും കല്ലറയെയും നോക്കിനില്‍ക്കുന്ന മട്ടാഞ്ചേരിയിലെ കല്ലറയില്‍നിന്ന് ഒരു പ്രേതകഥയെ ഇയിര്‍ത്തെഴുന്നേല്പിച്ച് കൊണ്ടുവരാനായുള്ളു. സാധ്യതകൾ ഒരുപാടായിരുന്നു പെട്ടിയില്‍ എന്നത് ഒരു ക്രൂരവിമര്‍ശനമല്ല, സങ്കടമാണ്. കഥയിലെ പ്രേതവഴികള്‍ സുന്ദരസുരഭിലമായി വിരിയും എന്നു ബഷീര്‍സ്റ്റൈലില്‍ കാത്തിരുന്ന കാഴ്ചക്കാരന്റെ സങ്കടം.

കല്യാണി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook