scorecardresearch
Latest News

അന്ന്, മോണോ ആക്റ്റിന് ഒന്നാം സമ്മാനം നേടിയ പൊടിമീശക്കാരൻ; ആളെ മനസ്സിലായോ?

വർഷങ്ങൾക്കു മുൻപ്, യൂണിവേഴ്സിറ്റി യൂണിയൻ യൂത്ത് ഫെസ്റ്റിവലിൽ തിളങ്ങിയ ആ പയ്യൻ ഇന്ന് മലയാളികളുടെ പ്രിയതാരമാണ്

അന്ന്, മോണോ ആക്റ്റിന് ഒന്നാം സമ്മാനം നേടിയ പൊടിമീശക്കാരൻ; ആളെ മനസ്സിലായോ?

മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ട്, സിനിമാക്കാർക്ക് അവരുടെ പ്രിയപ്പെട്ട അമ്പിളിചേട്ടൻ…. അപകടത്തെ തുടർന്ന് ഒമ്പതു വർഷമായി അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും മലയാളികളുടെ ജീവിതത്തിൽ ജഗതിയുടെ സിനിമാകഥാപാത്രങ്ങളെ ഓർക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് പറയേണ്ടി വരും. അത്രയേറെ മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന സാമിപ്യമാണ് ജഗതി ശ്രീകുമാർ. കഴിഞ്ഞ വർഷമായിരുന്നു ജഗതി ശ്രീകുമാർ എന്ന അതുല്യനടൻ തന്റെ സപ്തതി ആഘോഷിച്ചത്.

ജഗതി ശ്രീകുമാറിന്റെ കോളേജ് കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. യൂണിവേഴ്സിറ്റി യൂണിയൻ യൂത്ത് ഫെസ്റ്റിവലിൽ മോണോ ആക്റ്റിനു ഒന്നാം സമ്മാനം നേടിയ ആ പൊടിമീശക്കാരൻ കെ ശ്രീകുമാർ ഇന്ന് മലയാളികളുടെ സ്വന്തം ജഗതിയാണ്.

പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എന്‍.കെ. ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്ത മകനായി 1951 ജനുവരി 5-ന്, തിരുവനന്തപുരം ജില്ലയിലെ ജഗതിയിലാണ് ജഗതി ശ്രീകുമാറിന്റെ ജനനം. മലയാളത്തില്‍ ഏകദേശം 1500ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ജഗതി, കലാലോകത്തേക്ക് കടക്കുന്നത് അച്ഛന്റെ നാടകങ്ങളിലൂടെയാണ്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. എന്നാല്‍ മൂന്നാം വയസ്സില്‍ തന്നെ അച്ഛനും മകനും എന്ന ചിത്രത്തില്‍ ശ്രീകുമാര്‍ അഭിനയിച്ചു. അച്ഛന്‍ ജഗതി എന്‍ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദമെടുത്ത ശേഷം മദ്രാസില്‍ കുറച്ചു കാലം മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്‌ക്കെത്തുന്നത്. ചട്ടമ്പി കല്യാണി എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. ഒരു ഹാസ്യതാരം എന്ന നിലയില്‍ നിന്നും സ്വന്തം കഠിനാധ്വാനം കൊണ്ടും കഴിവുകൊണ്ടും ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയര്‍ന്നു.

Read More: കൽപ്പന ചേച്ചിയുടെ മരണവാർത്ത ‘കാണേണ്ട’ എന്ന് അച്ഛൻ ആംഗ്യം കാണിച്ചു; ജഗതിയുടെ മകൻ പറയുന്നു

ജഗതി അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എത്രയെത്ര. ഹാസ്യ കഥാപാത്രങ്ങളില്‍ ജഗതിയെ വെല്ലാന്‍ മലയാളസിനിമയില്‍ ആരും തന്നെയില്ല എന്നു പറഞ്ഞാല്‍ അതിശയോക്തിയാകില്ല. 1500ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ഇദ്ദേഹം ഗിന്നസ് റെക്കോര്‍ഡിനും ഉടമയാണ്. അരശുംമൂട്ടില്‍ അപ്പുക്കുട്ടനായും, കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ളയായും വെള്ളിത്തിരയെ വിസ്മയിച്ച അതുല്യ നടന്‍. കാലങ്ങളായി മലയാളത്തിന് ഹാസ്യത്തിന്റെ മറുവാക്കാണ് അദ്ദേഹം. സിനിമ പരാജയപ്പെട്ടാലും ജഗതിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്നതില്‍ സംശയമില്ല. ഹാസ്യനടന്‍ മാത്രമായിരുന്നില്ല, സ്വഭാവനടനായും വില്ലനായുമെല്ലാം ജഗതി അഭ്രപാളികളെ അതിശയിപ്പിച്ചിട്ടുണ്ട്.

ലൊക്കേഷനുകളിലേക്ക് ഓടിനടക്കുന്നതിനിടയില്‍ 2012 മാര്‍ച്ച് 10 ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ല. അടുത്തിടെ ഇറങ്ങിയ ‘സിബിഐ5- ദ ബ്രെയ്ൻ’ എന്ന ചിത്രത്തിലെ നിർണായകമായൊരു രംഗത്തിൽ ജഗതി അഭിനയിച്ചിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam veteran actor throwback photo