മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമാലോകത്തും ശ്രദ്ധ നേടിയ താരമാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരിന്റെ മരുമകളായ ഭാവന, സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.
“അധികം മാറിയിട്ടില്ല,” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ഭാവന, ’96’ന്റെ കന്നട റീമേക്കായ ’99’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. തമിഴിൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തെയാണ് ’99’ൽ ഭാവന അവതരിപ്പിച്ചത്. ചിത്രത്തിലെ ഭാവനയുടെ പ്രകടനവും ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ഗണേഷ് ആണ് ചിത്രത്തിൽ നായകനായത്. ‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ’99’. ‘ആദം ജോൺ’ ആയിരുന്നു ഭാവന അവസാനം അഭിനയിച്ച മലയാളചിത്രം.
നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കർണാടകയുടെ മരുമകളായി മാറിയത്. 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമ്മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്.
എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നു നിൽക്കലാണ് പ്രണയം എന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബെംഗളൂരുവിലാണ് താമസം.