മലയാളത്തിലെ യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയമായ മുഖമാണ് ഐശ്വര്യ ലക്ഷ്മി. മോഡലിംഗിൽ നിന്നും സിനിമയിലേക്ക് എത്തിയ ഐശ്വര്യ ഇതിനകം തന്നെ നിരവധി വിജയചിത്രങ്ങളിലെ നായികയായി തിളങ്ങിയിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം ‘പൊന്നിയിൻ സെൽവനി’ലും ഐശ്വര്യയുണ്ട്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഐശ്വര്യ ഇപ്പോൾ. സെപ്റ്റംബർ 30-നാണ് പൊന്നിയിൻ സെൽവൻ ആദ്യഭാഗം റിലീസിനെത്തുന്നത്.
ഐശ്വര്യലക്ഷ്മിയുടെ കുട്ടിക്കാലത്തു നിന്നുള്ള ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. നിറചിരിയോടെ ക്യാമറയ്ക്ക് പോസ് ചെയ്യുകയാണ് കുഞ്ഞു ഐശ്വര്യ.
‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. എംബിബിഎസ് പഠനം കഴിഞ്ഞിരിക്കെ തന്നെ തേടിയെത്തിയ ഒരു ഫോൺകോളാണ് സിനിമയിലേക്ക് വഴിത്തുറന്നതെന്ന് ഐശ്വര്യ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ, കാണെക്കാണെ, അർച്ചന 31 നോട്ട് ഔട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടാനും ഐശ്വര്യയ്ക്ക് കഴിഞ്ഞു.
ആക്ഷൻ, ജഗമെ തന്തിരം, ഗാർഗി, ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും ഐശ്വര്യ സജീവമായി. ഗാർഗിയുടെ നിർമാതാക്കളിൽ ഒരാളും ഐശ്വര്യ ആയിരുന്നു. ഗോഡ്സെ എന്ന ചിത്രത്തിലൂടെ തെലുങ്കിലും ഐശ്വര്യ അരങ്ങേറ്റം കുറിച്ചിരുന്നു.