scorecardresearch
Latest News

മലയാളി മറക്കില്ല ഈ നടിയെ

മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പമുള്ള കുട്ടിക്കാലചിത്രം പങ്കുവച്ചിരിക്കുകയാണ് താരം

Amala Akkineni, Amala Akkineni childhood

‘എന്റെ സൂര്യപുത്രിയ്ക്ക്’ എന്ന ചിത്രത്തിലെ മായാ വിനോദിനി എന്ന ഒരൊറ്റ കഥാപാത്രം മാത്രം മതി അമല അക്കിനേനിയെ മലയാളികൾക്ക് ഓർക്കാൻ. കുസൃതിക്കാരിയായ പെൺകുട്ടിയായി മലയാളക്കരയുടെ മുഴുവൻ ഇഷ്ടം കവർന്ന കഥാപാത്രങ്ങളിലൊന്നാണ് അമലയുടെ മായാ വിനോദിനി. എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം, കെയർ ഓഫ് സൈറ ബാനു എന്നിങ്ങനെ വിരലിൽ എണ്ണാവുന്ന മലയാളം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് അമല.

മാതൃദിനത്തിൽ അമല സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രമാണ് പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത്. തന്റെ അമ്മയ്ക്ക് ഒപ്പമുള്ള കുട്ടിക്കാലചിത്രമാണ് അമല സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ബംഗാളിൽ നിന്നുള്ള നേവി ഉദ്യോഗസ്ഥനാണ് അമലയുടെ അച്ഛൻ,​ അമ്മ ഐറിഷ് സ്വദേശിയും.

“ഒന്നിനെയും ഭയപ്പെടേണ്ടതില്ലെന്ന് നിങ്ങളെനിക്ക് കാണിച്ചുതന്നു. എങ്ങനെ കെയർ ചെയ്യണമെന്ന് നിങ്ങൾ മനസ്സിലാക്കി തന്നു. സംഗീതം മുഴങ്ങുമ്പോൾ നൃത്തം ചെയ്യാനും സ്വയം പ്രകടിപ്പിക്കാനും നിങ്ങൾ എന്നെ പ്രേരിപ്പിച്ചു. ആചാരങ്ങളെ വെല്ലുവിളിക്കാനും ചിന്തിക്കാനുമായി നിങ്ങൾ എന്നെ സ്വതന്ത്രയാക്കി. ഞാൻ സ്വന്തം കാലിൽ ഉയരത്തിൽ നടക്കുന്നുവെന്ന് നിങ്ങൾ നിശ്ശബ്ദമായി ഉറപ്പാക്കി. ഞാൻ ചെയ്തതെല്ലാം നിങ്ങൾ പിന്തുണയ്ക്കുകയും നിരുപാധികമായി എന്നെ സ്നേഹിക്കുകയും ചെയ്തു. നിങ്ങൾ എന്നോട് തർക്കിക്കുകയും തമാശ പറയുകയും ചെയ്തു. എല്ലാ ദിവസവും നിങ്ങളെ കാണാനും നിങ്ങളുടെ സ്നേഹം അനുഭവിക്കാനും കഴിയുന്ന ഞാനെത്ര ഭാഗ്യവതിയയാണ്. പ്രിയപ്പെട്ട അമ്മേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങൾക്ക് ആവശ്യമുള്ളതു വരെ ഞാൻ നിങ്ങളെ പരിപാലിക്കും. ഒരിക്കലും ഭയപ്പെടരുത്. ജീവിതം അതിന്റെ പൂർണതയിൽ ജീവിക്കുക; ഞാനും നാഗും ഇവിടെയുണ്ട്. എല്ലാ അമ്മമാർക്കും സന്തോഷകരമായ മാതൃദിനം ആശംസിക്കുന്നു,” അമല കുറിച്ചു.

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടനായികയായ അമല തെലുങ്കുതാരം നാഗാർജുനയുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. 1990ൽ ലക്ഷ്മി ദഗുബതിയുമായുള്ള വിവാഹമോചനത്തിന് ശേഷം 1992ലാണ് നാഗാർജുന അമലയെ വിവാഹം ചെയ്തത്. അമല- നാഗാർജുന ദമ്പതികൾക്ക് ഒരു മകനാണ് ഉള്ളത്, അഖിൽ. ‘അഖിൽ: ദ പവർ ഓഫ് ജോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഖിലും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും വിട്ടു നിന്ന അമല, രണ്ടാംവരവിൽ മലയാളത്തിൽ കെയർ ഓഫ് സൈറ ബാനു, ഹിന്ദിയിൽ കർവാൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു, ഒപ്പം ഏതാനും തെലുങ്ക്, തമിഴ് ചിത്രങ്ങളിലും.

‘ബ്ലു ക്രോസ് ഓഫ് ഹൈദരാബാദ്’ എന്ന എൻജിഒയ്ക്ക് നേതൃത്വം നൽകിയ അമല സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവമാണ്. മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്ന നിരവധി പ്രവർത്തനങ്ങൾ അമലയും ബ്ലൂ ക്രോസും ചേർന്ന് നടത്തുന്നുണ്ട്.

Also read: ഭയ്യാ ഭയ്യാ; ഈ താരസഹോദരങ്ങളെ മനസ്സിലായോ?

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Malayalam tamil telugu actress shares a memorable throwback picture on mothers day

Best of Express