താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ എന്നുമെപ്പോഴും ആരാധകർക്ക് കൗതുകമാണ്. ചിരി കൊണ്ടോ നോട്ടം കൊണ്ടോ ഒക്കെ ഒറ്റനോട്ടത്തിൽ തന്നെ ആളാരാണെന്ന് തിരിച്ചറിയാനും. അത്തരമൊരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായ നടി നവ്യ നായരുടെ കുട്ടിക്കാല ചിത്രമാണിത്. ആരാധകർക്ക് ഏറെ പരിചിതമായ ആ ചിരി മായാതെ തന്നെയുണ്ട് ചിത്രത്തിൽ.

കുട്ടിക്കാലം മുതൽ നൃത്തം പഠിക്കുന്ന നവ്യ 2001-ൽ ആലപ്പുഴ ജില്ലാ സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിൽ നായികയായി അഭിനയിക്കുന്നത്. പിന്നീട് മലയാളസിനിമയിൽ സജീവമാകുന്ന നവ്യയെ ആണ് പ്രേക്ഷകർ കണ്ടത്.
മഴത്തുള്ളികിലുക്കം, നന്ദനം, കല്യാണരാമൻ, കുഞ്ഞിക്കൂനൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ, വെള്ളിത്തിര തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാൻ നവ്യയ്ക്ക് സാധിച്ചു. നന്ദനത്തിലെ ബാലാമണിയാണ് നവ്യയുടെ ഏറ്റവും ജനപ്രിയ കഥാപാത്രം. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം മാത്രം മതിയാകും മലയാള സിനിമാ പ്രേക്ഷകർക്ക് എക്കാലവും നവ്യയെ ഓർത്തിരിക്കാൻ.
സൈറ, കണ്ണേ മടങ്ങുക തുടങ്ങിയവയും നവ്യയുടെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളാണ്. 2007 ലെ കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ‘ടൗസ് ലെസ് സിനിമാസ് ഡു മോണ്ടെ’ എന്ന വിഭാഗത്തിലെ ആദ്യ ചിത്രമായിരുന്നു സൈറ. കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച നാലാമത്തെ മലയാളം ചിത്രമെന്ന വിശേഷണവും സൈറയ്ക്ക് സ്വന്തം. കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ പ്രകടനം നവ്യയെ സംസ്ഥാന അവാർഡിനും അർഹയാക്കി.
മലയാളത്തിൽ മാത്രം ഒതുങ്ങി നിന്ന താരമല്ല നവ്യ. തമിഴ്, കന്നട ഭാഷാചിത്രങ്ങളിലും നവ്യ അഭിനയിച്ചിട്ടുണ്ട്. അഴകിയ തീയേ ആയിരുന്നു നവ്യയുടെ തമിഴ് അരങ്ങേറ്റചിത്രം. 2009-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ആടും കൂത്ത് തമിഴകത്തും നവ്യയെ ശ്രദ്ധേയയാക്കി. മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാർഡും ചിത്രം നേടിയിരുന്നു. ഗജ ആണ് നവ്യയുടെ കന്നട അരങ്ങേറ്റ ചിത്രം. നം യജമാനരു, ബോസ് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. ദൃശ്യം സിനിമയുടെ കന്നട റീമേക്കിൽ നായികയായതും നവ്യയാണ്.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നു നവ്യ നായർ, ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. വികെ പ്രകാശിന്റെ ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ നവ്യ വീണ്ടും അഭിനയരംഗത്തേക്ക് തിരികെയെത്തിയിരിക്കുകയാണ്.